കോഴിക്കോട്| കൊടുവള്ളിയില്‍ 12കാരനെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദിക്കുകയും രണ്ട് ദിവസത്തോളം അടച്ചിട്ട മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ ഒളിവില്‍. കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ഉള്‍പ്പെടെ മൂന്ന് പേരാണ് ഒളിവിലുള്ളത്. മര്‍ദനം, ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ബാലനീതി നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കൊടുവള്ളി പോലീസ് കേസെടുത്തത്.ബന്ധുക്കളിലൊരാളുടെ വാച്ച് കഴിഞ്ഞയാഴ്ച നഷ്ടപ്പെട്ടിരുന്നു. വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ ബന്ധുക്കള്‍ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബന്ധുവിന്റെ വീട്ടിലെ അടച്ചിട്ട മുറിയില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി രണ്ട് ദിവസത്തോളം തടവില്‍ വച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.കമ്പികൊണ്ട് അടിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തതായി കുട്ടി പോലീസിനോട് പറഞ്ഞു. കാല്‍നഖങ്ങള്‍ക്കിടയില്‍ പച്ച ഈര്‍ക്കില്‍ കുത്തിക്കയറ്റുകയും കണ്ണിലും ശരീരത്തിലെ മുറിവുകളിലും മുളകുപൊടി തേക്കുകയും പച്ചമുളക് അരച്ച് ദേഹത്ത് പുരട്ടുകയും ചെയ്തതായും കുട്ടി മൊഴി നല്‍കി.രണ്ട് ദിവസത്തെ പീഡനത്തിനൊടുവില്‍ കൈകാലുകള്‍ കെട്ടിയിരുന്ന കയര്‍ അല്‍പം അയഞ്ഞതോടെ കുട്ടി സ്വയം കെട്ടഴിച്ച് രക്ഷപ്പെടുകയായിരുന്നു. രാത്രി 11 മണിയോടെ വീടിന്റെ ടെറസില്‍നിന്ന് കവുങ്ങിലൂടെ താഴെയിറങ്ങിയ കുട്ടി രക്ഷപ്പെട്ടു. വഴിയില്‍ കണ്ട യാത്രക്കാരനാണ് കുട്ടിയെ കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തിച്ചത്.സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടിട്ടുണ്ട്. കര്‍ശന നടപടികള്‍ക്ക് സിഡബ്ല്യുസി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി.Content Highlights:A 12-year-old boy in Koduvally was held captive and brutally tortured by relatives over false theft accusations. The victim escaped from the house and reached the police station with help. Koduvally police registered a case based on CWC directives and are searching for the absconding suspects.