‘മിസ’ നാടക വിവാദം; ഭരണകൂട ഭീകരത നേരിട്ട ഓരോരുത്തരുടെയും ജീവിതം അവതരിപ്പിച്ചുകൊണ്ട് ഇനിയും നാടകങ്ങൾ ചെയ്യും: ചിന്നൂസ് ചിലങ്ക

Wait 5 sec.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ‘മിസ’ നാടകം വിവാദമായ സംഭവത്തിൽ പ്രതികരണവുമായി തിയേറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക. നാടകത്തിലെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിച്ചാണ് വിവാദം സൃഷ്ടിക്കുന്നതെന്ന് ചിന്നൂസ് ആരോപിച്ചു.‘മിസ’ എന്ന നാടകം രാജ്യത്തെ ഭരണകൂട ഭീകരതയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ചിന്നൂസ് പറഞ്ഞു. 1975ലെ അടിയന്തരാവസ്ഥ മുതൽ ഇന്നത്തെ ബിജെപി സർക്കാരിന്റെ ഭരണകാലത്തെ ഭരണകൂട ഭീകരത വരെയുള്ള സംഭവങ്ങളാണ് നാടകത്തിന്റെ പ്രമേയം. അടിയന്തരാവസ്ഥക്കാലത്ത് തടവിലാക്കപ്പെട്ട നാടക പ്രവർത്തകയും എഴുത്തുകാരിയുമായ സ്നേഹലത റെഡ്ഡിയുടെ ജീവിതവും നാടകത്തിൽ അവതരിപ്പിക്കുന്നുണ്ട്.ആർക്കും അറിയാത്ത ചരിത്രങ്ങൾ കണ്ടെത്തി പഠിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഫ്ലോട്ടിംഗ് തിയേറ്റർ ചെയ്യുന്നതെന്നും ചിന്നൂസ് പറഞ്ഞു. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നത് യഥാർഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അവർ വ്യക്തമാക്കി.‘മിസ’ എന്ന നാടകം ആരെയാണോ ബാധിച്ചത്, അവർക്കാണ് നാടകത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ നിന്ന് വലിയ രീതിയിൽ മുറിവേറ്റിരിക്കുന്നതെന്നും ചിന്നൂസ് പ്രതികരിച്ചു. ഇപ്പോൾ നടക്കുന്ന അപവാദ പ്രചാരണങ്ങളിൽ നിന്ന് തനിക്ക് മനസ്സിലാകുന്നത് അതാണെന്നും അവർ പറഞ്ഞു.ഭരണകൂട ഭീകരത നേരിട്ട ഓരോരുത്തരുടെയും ജീവിതം അവതരിപ്പിച്ചുകൊണ്ട് ഇനിയും നാടകങ്ങൾ ചെയ്യുമെന്നും അത് ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്നും ചിന്നൂസ് ചിലങ്ക വ്യക്തമാക്കി. ഭരണകൂടത്തിന്റെ ഭീകരതയ്‌ക്കെതിരെ തുടർന്നും ചോദ്യങ്ങൾ ഉന്നയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.The post ‘മിസ’ നാടക വിവാദം; ഭരണകൂട ഭീകരത നേരിട്ട ഓരോരുത്തരുടെയും ജീവിതം അവതരിപ്പിച്ചുകൊണ്ട് ഇനിയും നാടകങ്ങൾ ചെയ്യും: ചിന്നൂസ് ചിലങ്ക appeared first on ഇവാർത്ത | Evartha.