തിരുവനന്തപുരം | കേരളത്തിലെ പ്രകൃതിദുരന്തങ്ങള്‍ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി മുമ്പാകെ സമഗ്ര രൂപരേഖ അവതരിപ്പിച്ച് വിവിധ ഐ ഐ ടികളിലെ വിദഗ്ധര്‍. കേരള ഫ്ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് (Kerala Flood Resilience Initiative) പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണിത്. ഐ ഐ ടി റൂര്‍ക്കി, ഐ ഐ ടി പാലക്കാട്, ഐ ഐ ഐ ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധരുടെ സംഘമാണ് അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച രൂപരേഖ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചത്.തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ വിവിധ തരം പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയമായ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിര്‍ദേശിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റിമോട്ട് സെന്‍സിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, കൃത്യതയാര്‍ന്ന മഴ പ്രവചന സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും പദ്ധതി വഴി സാധിക്കും. പുഴകള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ച ശേഷമേ നടപ്പാക്കാവൂ എന്നും ഐ ഐ ടി സംഘം നിര്‍ദേശിച്ചു.പദ്ധതിയുടെ സാങ്കേതിക പ്രായോഗികത, സാമ്പത്തിക ബാധ്യത, നടപ്പാക്കല്‍ രീതികള്‍ തുടങ്ങിയവ സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരു വകുപ്പുകളും സംയുക്തമായി വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.Content Highlights: Experts from top IITs presented a comprehensive flood resilience initiative to the Kerala government. The blueprint focuses on scientific disaster prevention and mitigation techniques. The state government has instructed officials to initiate necessary follow-up actions.