വിവാഹം ചെയ്യാത്തത് എന്തുകൊണ്ടെന്ന് ചോദ്യം എന്നും പിന്തുടരുന്നു; മനസ് തുറന്ന് രഞ്ജിനി ഹരിദാസ്

Wait 5 sec.

താൻ ഇതുവരെ വിവാഹിതയാകാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട ചോദ്യം “രഞ്ജിനി എന്താ കല്യാണം കഴിക്കാത്തത്?” എന്നതാണെന്നും 20-ാം വയസുമുതൽ 44-ാം വയസുവരെയും ആളുകൾ സ്ഥിരമായി ചോദിക്കുന്ന ചോദ്യമാണിതെന്നും രഞ്ജിനി പറഞ്ഞു.തന്റെ പുതിയ യൂട്യൂബ് വീഡിയോയിലൂടെയാണ് രഞ്ജിനി വിവാഹത്തെക്കുറിച്ചുള്ള നിലപാട് പങ്കുവെച്ചത്. വിവാഹം ചെയ്യണമോയെന്ന ചോദ്യം താൻ പലവട്ടം സ്വയം ചോദിച്ചിട്ടുണ്ടെന്നും എന്നാൽ ജീവിതാനുഭവങ്ങളാണ് തന്റെ തീരുമാനങ്ങളെ സ്വാധീനിച്ചതെന്നും അവർ വ്യക്തമാക്കി.“ഇരുപതുകളിലായിരിക്കുമ്പോൾ വിവാഹത്തെക്കുറിച്ച് ഞാൻ കാര്യമായി ചിന്തിച്ചിരുന്നില്ല. ആ സമയത്ത് ആളുകളെ പരിചയപ്പെടുകയും ഡേറ്റിങ് ചെയ്യുകയും സ്വയം മനസിലാക്കുകയും ചെയ്യുന്ന ഘട്ടമായിരുന്നു. മുപ്പതുകളിലെത്തിയ ശേഷമാണ് എനിക്ക് എന്നെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചത്,” രഞ്ജിനി പറഞ്ഞു.താൻ വളർന്ന കുടുംബാന്തരീക്ഷവും വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ സ്വാധീനിച്ചുവെന്നാണ് രഞ്ജിനിയുടെ വിശദീകരണം. ഏഴാം വയസിൽ അച്ഛനെ നഷ്ടപ്പെട്ടതോടെ അമ്മയുടെ സംരക്ഷണത്തിലാണ് വളർന്നതെന്നും ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തിന്റെ മാതൃക അടുത്തറിഞ്ഞ് വളരാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.വ്യത്യസ്തരായ ആളുകളുമായി ഡേറ്റിങ് നടത്തിയ അനുഭവങ്ങളും രഞ്ജിനി പങ്കുവെച്ചു. ഒരു വ്യക്തിയെ അടുത്തറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ചില സ്വഭാവങ്ങൾ തനിക്കൊത്ത് പോകുന്നില്ലെന്ന് മനസിലാകാറുള്ളതെന്നും അതുകൊണ്ടുതന്നെ ചില ബന്ധങ്ങൾ അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.“ഒരു ബന്ധം അവസാനിപ്പിക്കുന്നത് ഞാൻ തെറ്റായി കാണുന്നില്ല. പലരും ഒരു റിലേഷൻഷിപ്പിന്റെ അന്തിമ ലക്ഷ്യം വിവാഹമാണെന്ന് കരുതുന്നു. എന്നാൽ എനിക്ക് അത്തരമൊരു സങ്കൽപമില്ല. ഒരു ബന്ധം നിലനിർത്താനായി സ്വാഭിമാനം വിട്ടുകൊടുത്ത് അമിതമായ അഡ്ജസ്റ്റ്മെന്റുകൾ ചെയ്യാൻ ഞാൻ തയ്യാറല്ല,” രഞ്ജിനി പറഞ്ഞു.അനുയോജ്യമല്ലാത്ത സാഹചര്യത്തിൽ ബന്ധം അവസാനിപ്പിക്കാനുള്ള ആത്മവിശ്വാസം എപ്പോഴും ഉണ്ടായിരുന്നുവെന്നും, അമ്മ ഒരിക്കലും വിവാഹത്തിന് സമ്മർദം ചെലുത്തിയിട്ടില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.“ഇപ്പോൾ വിവാഹം ചെയ്യണമെന്ന ചിന്തയില്ല. എന്നാൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. നാളെയെക്കുറിച്ച് എനിക്ക് വ്യക്തമായ ഒരു ധാരണയില്ല,” എന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്.The post വിവാഹം ചെയ്യാത്തത് എന്തുകൊണ്ടെന്ന് ചോദ്യം എന്നും പിന്തുടരുന്നു; മനസ് തുറന്ന് രഞ്ജിനി ഹരിദാസ് appeared first on ഇവാർത്ത | Evartha.