അൽ റംലി തീപിടുത്തം: അന്വേഷണം ഊർജ്ജിതമാക്കി പബ്ലിക് പ്രോസിക്യൂഷൻ; നാല് പേരുടെ മരണം പുക ശ്വസിച്ചാണെന്ന് പ്രാഥമിക കണ്ടെത്തൽ

Wait 5 sec.

മനാമ: ബഹ്‌റൈനിലെ അൽ റംലിയിൽ ഫ്ലാറ്റിനുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ഊർജ്ജിതമാക്കി. ഓഗസ്റ്റ് 18-നായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ദുരന്തത്തിന്റെ കൃത്യമായ കാരണവും സാഹചര്യങ്ങളും കണ്ടെത്താൻ നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചത്.സംഭവസ്ഥലത്തെത്തിയ ക്രൈം സീൻ ഇൻവെസ്റ്റിഗേറ്റർമാരും ഫോറൻസിക് ഡോക്ടർമാരും നടത്തിയ പ്രാഥമിക പരിശോധനയിൽ പുക ശ്വസിച്ചുള്ള ശ്വാസംമുട്ടലാണ് മരണകാരണമെന്ന് കണ്ടെത്തി. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് മൃതദേഹങ്ങൾ പരിശോധിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകാൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു.തീപിടുത്തത്തിന്റെ സാങ്കേതികപരമായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകാൻ സിവിൽ ഡിഫൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ അപകടം നടന്ന ഫ്ലാറ്റ് മുൻകരുതലിന്റെ ഭാഗമായി അധികൃതർ കസ്റ്റഡിയിൽ സൂക്ഷിക്കും.അപകടത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശം നൽകിയതിനെ തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.The post അൽ റംലി തീപിടുത്തം: അന്വേഷണം ഊർജ്ജിതമാക്കി പബ്ലിക് പ്രോസിക്യൂഷൻ; നാല് പേരുടെ മരണം പുക ശ്വസിച്ചാണെന്ന് പ്രാഥമിക കണ്ടെത്തൽ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.