മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മെഗാ ഓണാഘോഷമായ ‘പിള്ളേരോണം’ ആഗസ്റ്റ് 21ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.ബഹ്‌റൈനിലെ മലയാളി കുട്ടികൾക്ക് കേരളത്തിന്റെ തനത് ഓണപ്പാരമ്പര്യവും സംസ്കാരവും പരിചയപ്പെടുത്തുന്നതിനും, അവരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരുക്കുന്ന പിള്ളേരോണത്തിൽ 250-ൽ പരം കുട്ടികൾ വിവിധ കലാപരിപാടികളിലായി പങ്കെടുക്കുന്നു. കുട്ടികളുടെ സർഗാത്മകതയും ആത്മവിശ്വാസവും വളർത്തുന്നതിനൊപ്പം, കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും സന്ദേശം പകരുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. മികച്ച ബാലവേഷ മത്‌സരം, നാടൻ കളി മത്സരങ്ങളും മറ്റ് വിനോദ പരിപാടികളും പിള്ളേരോണത്തിന്റെ ഭാഗമായി നടക്കും.ഓണത്തിന്റെ പാരമ്പര്യവും ആഘോഷത്തിന്റെ സന്തോഷവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ കേരളീയ സമാജം ഒരുക്കുന്ന പിള്ളേരോണം, കുട്ടികൾക്കായുള്ള ബഹ്‌റൈനിലെ ശ്രദ്ധേയമായ ഓണാഘോഷമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കരയ്ക്കൽ, ശ്രാവണം 2026 ജനറൽ കൺവീനർ ഹരികൃഷ്‌ണൻ ബി. നായർ, പിള്ളേരോണം കൺവീനർ ബോണി ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ സംഘാടനത്തിന് വിവിധ കമ്മിറ്റികളും പ്രവർത്തകരും നേതൃത്വം നൽകുന്നു.The post കുട്ടികളുടെ ഓണാഘോഷത്തിന് നിറം പകരാൻ ബി കെ എസ് ‘പിള്ളേരോണം’ ആഗസ്റ്റ് 21ന് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.