കേരള കോളേജ് സ്‌പോർട്‌സ് ലീഗ് – വോളിബോൾ 2026 ന് തുടക്കം

Wait 5 sec.

കേരളത്തിലെ കോളേജ് ക്യാമ്പസുകളിലേക്ക് വോളിബോളിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തുടക്കം കുറിച്ച കേരള കോളേജ് സ്‌പോർട്‌സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ലീഗിന്റെ ഉദ്ഘാടനം നിർവഹിച്ചു.ക്ലാസ്‌റൂമുകളുടെ അനുബന്ധമാകണം കളിക്കളങ്ങൾ എന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. ജീവിതശൈലീ രോഗങ്ങളെയും മയക്കുമരുന്ന് പോലുള്ള ദുഷ്പ്രവണതകളെയും തടയാൻ സ്‌കൂൾ കാലഘട്ടത്തിൽ തന്നെ ഫിറ്റ്‌നസ് സംസ്‌കാരം വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം ജോൺ കോളേജ് സ്‌പോർട്‌സ് ലീഗ് ജേഴ്‌സി പ്രകാശനം ചെയ്തു.2036 ഒളിമ്പിക്‌സിൽ മെഡൽ നേടുന്നവരുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള കായിക താരങ്ങൾ ഉണ്ടാകണമെന്നുള്ള വിശാല ലക്ഷ്യത്തോടെയാണ് കായിക വകുപ്പ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. കായിക താരങ്ങളെ സർക്കാർ ഇടനെഞ്ചോട് ചേർത്ത് പിടിക്കും. കഠിനാധ്വാനം ചെയ്യുന്ന താരങ്ങൾക്ക് അവസരങ്ങളും ആത്മവിശ്വാസവും ഒരുക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കോമൺവെൽത്ത് ഗെയിംസിലെ വിജയികൾക്ക് ചരിത്രത്തിൽ പ്രഖ്യാപിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പാരിതോഷികം നൽകിയത്. വെള്ളി മെഡൽ നേടിയവർക്ക് 20 ലക്ഷം രൂപയും ഫൈനലിസ്റ്റുകൾക്ക് 5 ലക്ഷം രൂപയും സമ്മാനമായി നൽകിയെന്നും മന്ത്രി പറഞ്ഞു. കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ടാണ് സ്‌പോർട്‌സ് ലീഗ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയ 16 മികച്ച ടീമുകളാണ് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിലും മൈലം ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിലുമായി സംഘടിപ്പിക്കുന്ന കേരള കോളേജ് സ്‌പോർട്‌സ് ലീഗ് – വോളിബോൾ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ഈ മാസം 22 വരെയാണ് സ്‌പോർട്‌സ് ലീഗ്.കായിക വകുപ്പ് ഡയറക്ടർ ഡോ. റെജിൽ എം സി  ചടങ്ങിൽ  സ്വാഗതം ആശംസിച്ചു. പാളയം വാർഡ് കൗൺസിലർ ഷേർളി എസ്, സായി റീജിയണൽ ഡയറക്ടർ ഡോ. ശരത് ചന്ദ്ര യാദവ്, LNCPE പ്രിൻസിപ്പൽ ഡോ. സദാനന്ദൻ സി എസ്, അന്താരാഷ്ട്ര വോളിബോൾ താരം എസ് ഗോപിനാഥ്, ധ്യാൻ ചന്ദ് അവാർഡ് ജേതാവ് കെ സി ലേഖ, കേരള സ്‌പോർട്‌സ് കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി ജാസ്മിൻ ബി, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽകുമാർ പി കെ, കായിക വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി എസ് തുടങ്ങിയവർ പങ്കെടുത്തു.