സൗദിയിൽ വെള്ളം പാഴാക്കിക്കളയുകയോ കുടിവെള്ളം ദുരുപയോഗം ചെയ്യുകയോ ചെയ്താൽ കനത്ത പിഴ

Wait 5 sec.

റിയാദ്: രാജ്യത്ത് ജലക്ഷമതയും ജലസംരക്ഷണ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനുള്ള പരിഷ്കരിച്ച എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അംഗീകാരം നൽകി. പുതുക്കിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ 2027 മാർച്ച് 21 മുതൽ പ്രാബല്യത്തിൽ വരും.പുതിയ ചട്ടപ്രകാരം നഗരമേഖലകളിൽ കാര്യക്ഷമതയില്ലാത്ത ശുചിമുറി അല്ലെങ്കിൽ ജല ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിയമലംഘനമാണ്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് ഒന്നാം തവണ 1,000 റിയാലും, രണ്ടാം തവണ 2,000 റിയാലും, മൂന്നാം തവണ 10,000 റിയാലും പിഴ ചുമത്തുന്നതാണ്.കൂടാതെ, ജല ഉപഭോഗം കുറയ്ക്കാനുള്ള ഉപകരണങ്ങളിൽ മാറ്റം വരുത്തുകയോ തകരാറിലാക്കുകയോ ചെയ്താൽ ഒന്നാം തവണ 500 റിയാലും, രണ്ടാം തവണ 1,000 റിയാലും, മൂന്നാം തവണ 2,000 റിയാലുമായിരിക്കും പിഴ.കെട്ടിടങ്ങളിലെ അണ്ടർഗ്രൗണ്ട് അല്ലെങ്കിൽ ഓവർഹെഡ് ടാങ്കുകളിലെ വിള്ളലുകൾ, ശരിയായ ഇൻസുലേഷന്റെ അഭാവം, ഫ്ലോട്ട് വാൽവിന്റെ തകരാറ് അല്ലെങ്കിൽ അത് ഘടിപ്പിക്കാതിരിക്കൽ എന്നിവ മൂലം വെള്ളം പാഴാകുന്ന സാഹചര്യത്തിലും കടുത്ത പിഴ വ്യവസ്ഥ ചെയ്തിട്ടുണ്ട്.ഈ കുറ്റത്തിന് ഒന്നാം തവണ 5,000 റിയാലും, രണ്ടാം തവണ 10,000 റിയാലും, മൂന്നാം തവണ 50,000 റിയാലും പിഴ ഈടാക്കും.ശുദ്ധീകരിച്ച മലിനജലം, വാട്ടർ നെറ്റ്‌വർക്ക് അല്ലെങ്കിൽ ലൈസൻസുള്ള കിണറുകൾ തുടങ്ങിയ ബദൽ മാർഗ്ഗങ്ങൾ ലഭ്യമായിരിക്കെ കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.ഇതിന് ഒന്നാം തവണ 25,000 റിയാലും, കുറ്റം ആവർത്തിച്ചാൽ 200,000 റിയാൽ വരെയുമാണ് പിഴ ചുമത്തുക. രാജ്യത്തെ അപൂർവ്വമായ ജലസമ്പത്ത് സംരക്ഷിക്കുന്നതിനും ജലദുരുപയോഗം തടയുന്നതിനും പുതിയ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.The post സൗദിയിൽ വെള്ളം പാഴാക്കിക്കളയുകയോ കുടിവെള്ളം ദുരുപയോഗം ചെയ്യുകയോ ചെയ്താൽ കനത്ത പിഴ appeared first on Arabian Malayali.