നീലേശ്വരം | ജില്ലയുടെ മലയോര ഗേറ്റ്വേയായ നീലേശ്വരത്ത് പോലീസ് സ്റ്റേഷന്‍ പരിസരം വിവിധ കേസുകളില്‍പ്പെട്ട് വര്‍ഷങ്ങളായി കുന്നുകൂടിയ വാഹനങ്ങള്‍ മൂലം ദുരിതാവസ്ഥയിലാണ്. വിവിധ അന്വേഷണങ്ങളുടെയും നിയമനടപടികളുടെയും ഭാഗമായി പിടിച്ചെടുത്ത് സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച ഇരുചക്ര വാഹനങ്ങള്‍, ജീപ്പുകള്‍, ലോറികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ അനാഥമായി കിടക്കുന്നത്. കൃത്യമായ പരിപാലനമോ സംരക്ഷണമോ ഇല്ലാത്തതിനാല്‍ ഈ വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെല്ലാം കേടായി പൂര്‍ണ്ണമായും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ മൂല്യമുള്ള പൊതുമുതലും വ്യക്തിഗത സ്വത്തുക്കളുമാണ് ഇവിടെ തുരുമ്പെടുത്ത് നശിക്കുന്നത്.സ്റ്റേഷന്‍ വളപ്പും പരിസരവും കാടുകയറി മൂടിയ അവസ്ഥയിലാണുള്ളത്. കൃത്യമായി ശുചീകരണം നടത്താത്തതിനാല്‍ ഇവിടെ വലിയതോതില്‍ കാട്ടുചെടികളും പടര്‍പ്പുകളും വളര്‍ന്നു പന്തലിച്ചിരിക്കുന്നു. ഇത് പാമ്പുകള്‍, തേനീച്ചകള്‍, എലികള്‍, ഉടുമ്പ്, കീരി തുടങ്ങിയ വിവിധ ഇഴജന്തുക്കളുടെയും മറ്റ് അപകടകാരികളായ ജീവികളുടെയും പ്രധാന വാസസ്ഥലമായി മാറിയിരിക്കുകയാണ്. സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കും ഇത് വലിയ രീതിയിലുള്ള ആരോഗ്യ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കൂടാതെ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളില്‍ അവശേഷിക്കുന്ന എന്‍ജിന്‍ ഓയില്‍, ഇന്ധനം എന്നിവ മഴവെള്ളവുമായി കലര്‍ന്ന് സമീപത്തെ മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും ഒഴുകിപ്പോകാന്‍ സാധ്യതയുള്ളത് ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. വാഹനങ്ങളുടെ ഭാഗങ്ങളിലും ടയറുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുക് പെറ്റുപെരുകുന്നത് പ്രദേശത്ത് ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും വഴിയൊരുക്കുന്നുണ്ട്.ക്രിമിനല്‍ നടപടി നിയമപ്രകാരം തൊണ്ടിമുതലുകളായി പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി സമയബന്ധിതമായി ലേലം ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യാത്തതാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുന്നത്.Content Highlights: Hundreds of seized vehicles left abandoned at Nileshwaram police station are rusting away amidst dense overgrown bushes. The unattended ground has become a breeding site for dangerous reptiles and disease-carrying mosquitoes, endangering residents and police officers due to legal delays in vehicle auctions.