കണ്ണുകൊണ്ട് കാണുന്നതെല്ലാം ശരിയാണെന്ന് കൂട്ടുകാർ പറയാറുണ്ട്. ശരിക്കും കണ്ണുകൊണ്ട് കാണുന്നതൊക്കെ ശരിയാണോ? ഇക്കാര്യത്തിൽ കണ്ണിന് മാത്രമാണോ പങ്ക്… അതേ, നമ്മുടെ കണ്ണുകൾ ചിലപ്പോൾ നമ്മളെ കുഴപ്പിക്കാറുണ്ട്!എന്തെങ്കിലും കാണുമ്പോൾ, കണ്ണുകൾ ആ കാഴ്ച തലച്ചോറിലേക്ക് അയയ്ക്കുന്നു. അതിന്റെ അർഥം മനസ്സിലാക്കുന്നത് നമ്മുടെ തലച്ചോറാണ്. ചില സന്ദർഭങ്ങളിൽ ഒരു ചിത്രത്തെ തലച്ചോർ മറ്റൊരു രീതിയിൽ മനസ്സിലാക്കാം. ഇതാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ( Optical Illusion) എന്ന് പറയുന്നത്.ഉദാഹരണത്തിന്, ചില ചിത്രങ്ങൾ നോക്കുമ്പോൾ ആദ്യം ഒരു മുഖം പോലെ തോന്നും. കുറച്ചുനേരം ശ്രദ്ധിച്ച് നോക്കുമ്പോൾ അതേ ചിത്രത്തിൽ മറ്റൊരു രൂപവും കാണാം. ചിത്രം മാറിയിട്ടില്ല നമ്മുടെ തലച്ചോറിന്റെകാഴ്ചപ്പാടാണ് മാറിയത്!ഇതിന് മറ്റൊരു രസകരമായ ഉദാഹരണമാണ് വലിപ്പത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച. ഒരേ വലിപ്പത്തിലുള്ള രണ്ട് വസ്തുക്കളുടെ ചുറ്റുമുള്ള വസ്തുക്കൾ വ്യത്യസ്തമായാൽ, അതിൽ ഒന്ന് വലുതോ മറ്റൊന്ന് ചെറുതോ ആണെന്ന് നമുക്ക് തോന്നാം. യഥാർത്ഥത്തിൽ രണ്ടും ഒരേ വലിപ്പമായിരിക്കും! എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? നമ്മുടെ തലച്ചോർ വളരെ വേഗത്തിലുള്ള ഡിറ്റക്ടീവ് പോലെയാണ്.നമ്മൾ കാണുന്ന കാര്യങ്ങളെ പഴയ അനുഭവങ്ങളുമായി താരതമ്യം ചെയ്താണ് തലച്ചോർ അതിന്റെ അർഥം കണ്ടെത്തുന്നത്. ചിലപ്പോൾ ഈ വേഗത്തിലുള്ള കണക്കുകൂട്ടലാണ് നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, “കണ്ടതെല്ലാം അങ്ങനെ തന്നെയായിരിക്കണമെന്നില്ല’!. ഇത്തരം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ നമ്മെ ഒരു പ്രധാന കാര്യം പഠിപ്പിക്കുന്നു.നമ്മുടെ കണ്ണുകൾ വിവരങ്ങൾ നൽകുന്നു; എന്നാൽ ആ വിവരങ്ങൾക്ക് അർഥം നൽകുന്നത് നമ്മുടെ തലച്ചോറാണ്.അടുത്ത തവണ ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ കാണുമ്പോൾ, ഉടനെ ഉത്തരം പറയാതെ കുറച്ചുനേരം ശ്രദ്ധിച്ചുനോക്കൂ. നിങ്ങളുടെ കണ്ണുകളെയാണോ വിശ്വസിക്കേണ്ടത്… അതോ നിങ്ങളുടെ തലച്ചോറിനെയോ?Content Highlights:Optical illusions occur when the human brain interprets visual information differently from reality. While eyes collect visual data, the brain processes it based on past experiences and surrounding context. These fascinating tricks show that what we see depends largely on how our brain thinks.