കല്ലിന്റെ ടെക്‌നോളജി

Wait 5 sec.

വെറുമൊരു നാടോടിയായി മൃഗങ്ങളെപ്പോലെ ജീവിച്ചിരുന്ന ആദിമ മനുഷ്യനെ ഇന്നത്തെ ആധുനിക നാഗരികതയിലേക്ക് നയിച്ചതിന്റെ അടിത്തറ ശിലായുഗമായിരുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ജീവിച്ച മനുഷ്യരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. വിശന്നാൽ കാട്ടിൽ പോയി പഴങ്ങൾ പറിക്കണം, ശരീരം തണുക്കുമ്പോൾ ഇല കൊണ്ട് മൂടണം. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഒരു ആയുധം പോലും ഇല്ലാത്ത കാലം. അങ്ങനെ ആദ്യമായി അവൻ ഒരു കല്ല് എടുത്ത് മറ്റൊരു കല്ലിൽ ഉരച്ചു നോക്കി. ഒരു കൂർത്ത അരിക് ഉണ്ടായി. അതായിരുന്നു ലോകത്തെ ആദ്യത്തെ ആയുധം. അതോടെയാണ് മനുഷ്യ ചരിത്രം തുടങ്ങുന്നത്. അങ്ങനെ അവർ കല്ല് ഉരച്ച് കോടാലി ഉണ്ടാക്കി, കല്ല് ചെത്തി കത്തി ഉണ്ടാക്കി. ആ കാലഘട്ടത്തെയാണ് നമ്മൾ ശിലായുഗം എന്ന് പറയുന്നത്. പിന്നീട് തീ കണ്ടുപിടിച്ച്, കൃഷി ചെയ്ത്, ഗുഹയിൽ നിന്ന് വീട്ടിലേക്ക് വന്ന മനുഷ്യന്റെ കഥയാണ് നമ്മൾ പഠിക്കുന്നത്.മനുഷ്യൻ തന്റെ നിലനിൽപ്പിനുള്ള പോരാട്ടത്തിൽ ആയുധങ്ങളും ഉപകരണങ്ങളും കല്ലുകൾ കൊണ്ട് നിർമിച്ചുപയോഗിച്ച ചരിത്രാതീത കാലഘട്ടമാണ് ശിലായുഗം (Stone Age) എന്നറിയപ്പെടുന്നത്.ആയുധങ്ങളുടെ നിർമാണരീതി, മനുഷ്യ ജീവിതരീതി എന്നിവയുടെ അടിസ്ഥാനത്തിൽ ശിലായുഗത്തെ പ്രധാനമായും മൂന്നായി തരംതിരിക്കാം.പ്രാചീന ശിലായുഗം (Paleolithic Age)മനുഷ്യൻ പൂർണമായും പ്രകൃതിയെ ആശ്രയിച്ച് ജീവിച്ച കാലഘട്ടമാണ് പ്രാചീന ശിലായുഗം. വേട്ടയാടലും ആഹാരസമ്പാദനവുമായിരുന്നു പ്രധാന തൊഴിൽ. സ്ഥിരമായ വാസസ്ഥലങ്ങൾ ഇല്ലാതെ കൂട്ടമായി നാടോടികളായി ജീവിച്ചു. വലിയതും പരുക്കനുമായ ശില കൊണ്ടുള്ള ആയുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. മൃഗങ്ങളെ വേട്ടയാടാനും കാട്ടുകിഴങ്ങുകൾ കുഴിച്ചെടുക്കാനുമെല്ലാം ഇത് ഉപയോഗിച്ചു. തീയുടെ ഉപയോഗം ആയിരുന്നു ഈ യുഗത്തിലെ ഏറ്റവും വലിയ കണ്ടെത്തൽ. തീ കണ്ടുപിടിച്ചതോടെ മാംസം ചുട്ടുതിന്നാൻ തുടങ്ങി. മൃഗങ്ങളെ ഓടിക്കാനും വെളിച്ചത്തിനും എല്ലാം തീ ഉപയോഗിച്ചുതുടങ്ങി. ഈ കാലത്തെ പ്രധാന വിനോദം ഗുഹാചിത്രങ്ങളായിരുന്നു. ഇന്ത്യയിലെ ഭീംബേട്ക (മധ്യപ്രദേശ്) ഉദാഹരണം.മധ്യശിലായുഗം (Mesolithic Age)പ്രാചീന ശിലായുഗത്തിൽ നിന്ന് നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തന കാലഘട്ടമായിരുന്നു മധ്യശിലായുഗം. മൃഗങ്ങളുടെ എല്ലുകളിലും മരക്കഷണങ്ങളിലും ഘടിപ്പിച്ച ചെറിയ മൂർച്ചയുള്ള കല്ലുകൾ ആയുധമാക്കി. വേട്ടയാടലിനൊപ്പം മീൻപിടിത്തവും വ്യാപകമായത് ഈ യുഗത്തിന്റെ പ്രത്യേകയായിരുന്നു. നായ ഉൾപ്പെടെയുള്ള മൃഗങ്ങളെ മെരുക്കി വളർത്താൻ തുടങ്ങിയതും ഈ കാലഘട്ടത്തിലായിരുന്നു. ഇടുക്കിയിലെ മറയൂർ, പാലക്കാട്ടെ കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിൽ നിന്ന് മധ്യശിലായുഗത്തിലെ തെളിവുകൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചിട്ടുണ്ട്.നവീന ശിലായുഗം (Neolithic Age)മനുഷ്യചരിത്രത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ച കാലഘട്ടമാണ് നവീന ശിലായുഗം. ഗോർഡൻ ചൈൽഡ് ആണ് ഇതിനെ നവീന ശിലായുഗ വിപ്ലവം എന്ന് വിശേഷിപ്പിച്ചത്. ഈ കാലത്താണ് മനുഷ്യൻ ആഹാരം ശേഖരിക്കുന്നവരിൽ നിന്ന് ആഹാരം ഉത്പാദിപ്പിക്കുന്നവരായി മാറിയത്. കൃഷിയുടെയും കന്നുകാലി വളർത്തലിന്റെയും തുടക്കം ഈ കാലത്തായിരുന്നു. കൃഷി ആരംഭിച്ചതോടെ മനുഷ്യൻ നദീതീരങ്ങളിൽ സ്ഥിരതാമസം തുടങ്ങി. ഇങ്ങനെയാണ് ആദ്യകാല ഗ്രാമങ്ങളുടെ രൂപവത്കരണത്തിന് കാരണമായത്. തേച്ചു മിനുക്കിയതും വായ്ത്തല മൂർച്ചയുള്ളതുമായ ശില കൊണ്ടുള്ള മികച്ച ആയുധങ്ങൾ ഇക്കാലത്ത് നിർമിച്ചു. മൺപാത്ര നിർമാണവും ചക്രത്തിന്റെ കണ്ടുപിടിത്തവും വസ്ത്രധാരണത്തിനുള്ള നൂൽ നൂൽപ്പുമെല്ലാം ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്.Content Highlights:The Stone Age marks the prehistoric period where early humans crafted stone tools to survive and evolve into modern civilization. It is categorized into the Paleolithic, Mesolithic, and Neolithic eras, showcasing milestones from discovering fire to agriculture. These crucial developments laid the groundwork for human settlement and social growth.