തിരുവനന്തപുരം | സ്‌കൂള്‍ കലോത്സവ മത്സരത്തിന്റെ വിധി നിര്‍ണയം നടത്തുമ്പോള്‍ ഓരോ മത്സരാര്‍ഥിയുടെയും ഗ്രൂപ്പിന്റെയും മാര്‍ക്കുകള്‍ വിധികര്‍ത്താക്കള്‍ രേഖപ്പെടുത്തിയത് ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്‌ക്രോള്‍ ചെയ്ത് വേദിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ കലോത്സവ നടത്തിപ്പില്‍ വ്യാപകമായ പണപ്പിരിവ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കലോത്സവത്തിന്റെ പേരില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളിലെ കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പണം പിരിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. മേഖലയില്‍ പ്രാവീണ്യമുള്ളവരെ ഉള്‍പ്പെടുത്തി കലോത്സവ മാനുവല്‍ പരിഷ്‌കരിക്കണമെന്നും ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ ബി മോഹന്‍കുമാര്‍, കെ കെ ഷാജു, ഡോ. എഫ് വില്‍സണ്‍ എന്നിവരടങ്ങിയ ഫുള്‍ ബഞ്ച് ഉത്തരവിട്ടു.സ്‌കൂള്‍ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികളിലാണ് ഉത്തരവ്. മത്സരസമയത്ത് കലോത്സവ വേദികളില്‍ പ്രോഗ്രാം കണ്‍വീനര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ പേരും മൊബൈല്‍ നമ്പറും മത്സരാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന വിവിധ മേളകളിലെ ഇനങ്ങള്‍ തരംതിരിച്ച് സൗകര്യപ്രദമായ ക്ലാസ്സ് മുറികള്‍/ മറ്റ് സംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ടതാണ്. വിധികര്‍ത്താക്കളെ നിയമിക്കുമ്പോള്‍ സാംസ്‌കാരിക വകുപ്പിന്റെ പാനലിലുള്ള യോഗ്യരായ വിധികര്‍ത്താക്കളെയും കൂടി പരിഗണിക്കണം. വിധികര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കേണ്ടതും വിധികര്‍ത്താക്കളെ മത്സരാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മനസ്സിലാക്കാന്‍ സബ്ജില്ലാ മത്സരം മുതല്‍ സംസ്ഥാനതലം വരെ അവരുടെ പേര്, യോഗ്യത എന്നിവ മത്സരസമയം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.സബ്ജില്ലാ/റവന്യൂ ജില്ലാ മത്സരങ്ങളുടെ വിധികര്‍ത്താക്കളെ നിയമിക്കുമ്പോള്‍ യഥാക്രമം റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ അംഗീകരിച്ച് നല്‍കുന്ന പാനലില്‍ നിന്ന് മാത്രം നിയമിക്കണം. മത്സര ഇനങ്ങള്‍ അവസാനിക്കുന്നത് വരെ വിധികര്‍ത്താക്കള്‍ നിശ്ചയിച്ച ഇരിപ്പിടങ്ങളില്‍ ഇരുന്ന് മത്സരം വിലയിരുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. വിധികര്‍ത്താക്കള്‍ മത്സരം നടക്കുന്ന സമയങ്ങളില്‍ എഴുന്നേറ്റ് പോകുന്നതായും ഒരുമിച്ചിരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനാലാണിത്. ഡ്യൂട്ടി തീരുംവരെ വിധികര്‍ത്താക്കള്‍ നേരിട്ടോ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഖേനയോ യാതൊരുവിധ ആശയവിനിമയവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.റവന്യൂ ജില്ലാതല മത്സരങ്ങളില്‍ നിര്‍ബന്ധമായും മറ്റ് ജില്ലകളിലെ വിധികര്‍ത്താക്കളെ (സബ്ജില്ലാതല മത്സരങ്ങളില്‍ മറ്റ് സബ്ജില്ലകളില്‍ നിന്നും) നിയമിക്കണം. അപ്പീല്‍ കമ്മിറ്റിയുടെ ഉത്തരവ് മത്സരം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ വ്യക്തമായും ലഭ്യമാക്കണം. അപ്പീല്‍ കമ്മിറ്റിയുടെ ഉത്തരവുകളില്‍ തീരുമാനമെടുക്കുന്ന കാര്യങ്ങള്‍ കാര്യകാരണ സഹിതം വിശദമാക്കേണ്ടതാണ്. അപ്പീല്‍ കമ്മിറ്റി സബ്ജില്ലാ/ജില്ലാതല മത്സരങ്ങളുടെ അപ്പീല്‍ പരിശോധനാ വേളയില്‍ മത്സരാര്‍ഥി പങ്കെടുത്ത മത്സരത്തിന്റെ വീഡിയോ കാണിച്ച് തെറ്റുകള്‍ മനസ്സിലാക്കി കൊടുക്കേണ്ടതാണ്. അപ്പീല്‍ പരിശോധിക്കുമ്പോള്‍ പരാതിക്കാരന്റെ പ്രകടനവും ഒന്നാംസ്ഥാനം ലഭിച്ച കുട്ടിയുടെ പ്രകടനവും വീഡിയോ റെക്കോര്‍ഡിംഗ് വഴി താരതമ്യം ചെയ്യണം. അപ്പീല്‍ കമ്മിറ്റിയുടെ ഉത്തരവിന്മേല്‍ മത്സരാര്‍ഥികള്‍ക്ക് കോടതികളെ സമീപിക്കേണ്ട സാഹചര്യം വരുമ്പോള്‍ ആവശ്യമായ സമയം ലഭ്യമാക്കണം. സബ്ജില്ലാ-ജില്ലാതല മത്സരത്തിനുള്ള ഇടവേളകള്‍ കുറഞ്ഞത് പത്ത് ദിവസവും ജില്ലാ-സംസ്ഥാനതല മത്സരത്തിന് കുറഞ്ഞത് 15 ദിവസവും ഇടവേളകള്‍ ലഭ്യമാക്കണം. കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന വേദികള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സുരക്ഷ ഉറപ്പാക്കണം.Content Highlights:The State Commission for Protection of Child Rights directed that marks for the school kalolsavam must be displayed on stage. This directive aims to ensure transparency in judgment and reduce stress for student participants. Strict adherence to child-friendly guidelines during the event was urged.