ന്യൂഡല്‍ഹി | ഏറെക്കാലമായി റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുണ്ടായിരുന്ന സുപ്രധാന ഭരണപരിധി മാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന മംഗലാപുരം പ്രദേശം സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനു കീഴിലേക്ക് മാറ്റാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. റെയില്‍വേ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിനേശ് കുമാര്‍ വസിഷ്ഠയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗസറ്റ് വിജ്ഞാപന പ്രകാരം പുതിയ മാറ്റങ്ങള്‍ വരുന്ന ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും.മാറ്റത്തിന്റെ ഭാഗമായി ഉള്ളാള്‍ ഉള്‍പ്പെടെയുള്ള മംഗലാപുരം പ്രദേശം പാലക്കാട് ഡിവിഷനില്‍ നിന്നും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറും. ഇതേത്തുടര്‍ന്ന് ഇരു സോണുകള്‍ക്കുമിടയിലുള്ള കൈമാറ്റ കേന്ദ്രം പതിലില്‍ നിന്നും ഉള്ളാളിലേക്ക് മാറുന്നതാണ്. എന്നാല്‍, തോക്കൂര്‍ സ്റ്റേഷന്‍ നിലവിലുള്ളതുപോലെ കൊങ്കണ്‍ റെയില്‍വേയുടെ ഭാഗമായി തുടരുകയും, കൊങ്കണ്‍ റെയില്‍വേയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും തമ്മിലുള്ള കൈമാറ്റ കേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്യും. കൊങ്കണ്‍ റെയില്‍വേയും ദക്ഷിണ റെയില്‍വേയും തമ്മിലുണ്ടായിരുന്ന ഡിവിഷന്‍/സോണ്‍ അതിര്‍ത്തികള്‍ ഇനി മുതല്‍ കൊങ്കണ്‍ റെയില്‍വേയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും തമ്മിലുള്ള അതിര്‍ത്തികളായി മാറും. ദക്ഷിണ റെയില്‍വേയും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും തമ്മിലുള്ള കൃത്യമായ ഡിവിഷണല്‍/സോണല്‍ അതിര്‍ത്തികള്‍ ഗസറ്റ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നതാണ്.ജീവനക്കാരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട്, സോണ്‍ മാറ്റവുമായി ബന്ധപ്പെട്ട് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥലംമാറ്റ ഉത്തരവുകള്‍ യഥാസമയം പുറത്തിറക്കുന്നതാണ്. ഗ്രൂപ്പ്-ബി ഓഫീസര്‍മാരുടെ കാര്യത്തില്‍ നിലവിലുള്ള ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. നോണ്‍-ഗസറ്റഡ് ജീവനക്കാരുടെ കാര്യത്തില്‍, തസ്തികകളും ജീവനക്കാരെയും നിലവിലുള്ള അവസ്ഥയില്‍ തന്നെ മാറ്റാനാണ് തീരുമാനം. എങ്കിലും, ജീവനക്കാര്‍ക്ക് ദക്ഷിണ റെയില്‍വേയില്‍ തുടരാനോ അല്ലെങ്കില്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയിലേക്ക് മാറാനോ ഉള്ള ഓപ്ഷന്‍ നല്‍കും. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ തിരഞ്ഞെടുക്കുന്ന ജീവനക്കാരെ അഡ്മിനിസ്‌ട്രേറ്റീവ് അടിസ്ഥാനത്തില്‍ സ്ഥലംമാറ്റുമെന്നും, നിലവിലെ ഗ്രേഡിലെ സേവന കാലയളവിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ സീനിയോറിറ്റി നിശ്ചയിക്കുകയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.ഒക്ടോബര്‍ ഒന്നിന് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി തസ്തികകളുടെ കൈമാറ്റം, ഓപ്ഷന്‍ ക്ഷണിക്കല്‍, കണ്‍ട്രോള്‍ ബോര്‍ഡുകളുടെ മാറ്റം തുടങ്ങിയ മുന്നൊരുക്ക നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ, ദക്ഷിണ റെയില്‍വേ, കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ എന്നിവയുടെ ജനറല്‍ മാനേജര്‍മാര്‍ക്കും സി എം ഡിക്കും റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.Content Highlights:The Railway Board has decided to transfer the Mangaluru railway region from the Palakkad Division to the Mysuru Division. This administrative reshuffle shifts control from the Southern Railway zone to the South Western Railway zone. The move aims to streamline regional connectivity and operations.