വിദ്യാർത്ഥികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന ബസുകളെ നിരത്തിലിറങ്ങാൻ അനുവദിക്കില്ല; പി.എസ്. സഞ്ജീവ്

Wait 5 sec.

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ നിരക്ക് നിയമവിരുദ്ധമായി വർദ്ധിപ്പിക്കുന്നതിനെതിരെ ശക്തമായ സമരവുമായി എസ്എഫ്ഐ രംഗത്ത്. വിദ്യാർത്ഥികളിൽ നിന്ന് നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ പണം ഈടാക്കുന്ന ബസുകളെ കേരളത്തിലെ നിരത്തുകളിൽ ഓടാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്.വയനാട് ജില്ലയിൽ ഒരു രൂപയുണ്ടായിരുന്ന കൺസഷൻ തുക ബസ് ഉടമകൾ ഏകപക്ഷീയമായി മൂന്ന് രൂപയാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിലെ വിവിധ റൂട്ടുകളിലും സമാനമായ രീതിയിൽ അമിത തുക ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വിദ്യാർത്ഥികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.സർക്കാർ ഔദ്യോഗികമായി നിരക്ക് വർദ്ധിപ്പിക്കാതെ തന്നെ, ബസ് ഉടമകൾക്ക് തുക വർദ്ധിപ്പിക്കാൻ സർക്കാർ മൗനാനുവാദം നൽകിയിരിക്കുകയാണെന്ന് എസ്എഫ്ഐ സംശയിക്കുന്നു. സാധാരണ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് ജില്ലാ ഭരണകൂടങ്ങൾ വിളിച്ചുചേർക്കാറുള്ള വിദ്യാർത്ഥി സംഘടനകളുടെ യോഗം ഇത്തവണ പലയിടത്തും നടന്നിട്ടില്ല.ALSO READ: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; കേന്ദ്രത്തിന്റെ ലേബർ കോഡുകൾ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതിന്റെ ഉദാഹരണമെന്ന് പ്രതിപക്ഷ നേതാവ്കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്ര മൂലം ബസ് ഉടമകൾക്കുണ്ടാകുന്ന നഷ്ടം വിദ്യാർത്ഥികളുടെ തലയിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. സ്ത്രീകൾക്ക് നൽകുന്നത് പോലെ തന്നെ വരുമാനമില്ലാത്ത വിദ്യാർത്ഥികൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു.അമിത നിരക്ക് ഈടാക്കുന്നതിനെതിരെ എല്ലാ ജില്ലകളിലും ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് എസ്എഫ്ഐ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. ഏരിയ, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകരെ ബസ് സ്റ്റാൻഡുകളിൽ വിന്യസിച്ചുകൊണ്ട് നിലവിലുള്ള കൺസഷൻ നിരക്ക് തന്നെ തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തും.ബസ് ഉടമകളുടെ ഈ വെല്ലുവിളി തുടരുകയാണെങ്കിൽ കേരളത്തിലെ തെരുവോരങ്ങൾ പ്രക്ഷുബ്ധമായ സമരങ്ങളിലേക്ക് മാറുമെന്നും, വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കാൻ എസ്എഫ്ഐ ഏതറ്റം വരെയും പോകുമെന്നും പി.എസ്. സഞ്ജീവ് അറിയിച്ചു. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് ബസ് ഉടമകളുടെ യോഗം വിളിക്കണമെന്നും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.The post വിദ്യാർത്ഥികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന ബസുകളെ നിരത്തിലിറങ്ങാൻ അനുവദിക്കില്ല; പി.എസ്. സഞ്ജീവ് appeared first on Kairali News | Kairali News Live.