ഓ! നെയ്മര്‍; മിസ്സ് യു

Wait 5 sec.

മൈതാനത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ പന്തുകൊണ്ട് വിസ്മയ നടനമാടിയ ഇന്ദ്രജാലക്കാരന്‍ കാനറികള്‍ക്കായി ഇനി ബൂട്ടുകെട്ടില്ല. ഫുട്‌ബോളിനോടുള്ള അഗാധമായ പ്രണയവും അടങ്ങാത്ത അഭിനിവേശവുമായി അരങ്ങില്‍ കവിത രചിക്കുന്ന ആ പ്രതിഭാധനനെ മഞ്ഞക്കുപ്പായത്തില്‍ ഇനി കാണാനാകില്ല. കാല്‍പാദത്തിന്റെ ദ്രുതചലനങ്ങളാലും അസാമാന്യമായ മെയ് വഴക്കത്താലും എതിര്‍ ടീമിന്റെ പ്രതിരോധ ദുര്‍ഗങ്ങളെ കീറിമുറിക്കുന്ന കരുത്തുറ്റ പോരാളിയെ കാനറി ആരാധകര്‍ക്ക് നഷ്ടപ്പെടുകയാണ്…അതെ, കാല്‍പ്പന്തു കളിയെ മധുരമനോജ്ഞമായ ഒരു സംഗീതം പോലെ ആസ്വാദക ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിച്ച ഇതിഹാസ താരം ബ്രസീലിനായി കളത്തിലിറങ്ങുന്നത് പൊടുന്നനെയെന്നോണം അവസാനിപ്പിച്ചിരിക്കുന്നു. നെയ്മര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നെയ്മര്‍ ഡാ സില്‍വ സാന്റോസ് പരുക്കുകളുടെ പരമ്പരക്കും ലോകകപ്പ്-2026ലെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നോര്‍വേയോട് ബ്രസീല്‍ പരാജയപ്പെട്ടതിനും പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നു.2010ലാണ് നെയ്മര്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നിങ്ങോട്ട് 16 വര്‍ഷം നീണ്ട കരിയറിന്റെ കണക്കെടുക്കുമ്പോള്‍ പരുക്കിന്റെ പിടിയിലമര്‍ന്ന് പുറത്തിറക്കാനായിരുന്നു പലപ്പോഴും നെയ്മറിന്റെ വിധി. ഒരര്‍ഥത്തില്‍ പ്രതിഭയുടെ ധാരാളിത്തമാണ് താരത്തിന് വിനയായതെന്നു വേണമെങ്കില്‍ പറയാം. എതിര്‍ ടീമംഗങ്ങള്‍ നെയ്മറിനെ സദാ ടാര്‍ഗറ്റ് ചെയ്യുകയും മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു പരുക്കില്‍ നിന്ന് മുക്തനായി വീണ്ടും കളത്തിലിറങ്ങുമ്പോള്‍ തന്നെ അടുത്ത പരുക്ക് തേടിയെത്തി.അഞ്ച് ലോകകപ്പ് കിരീടങ്ങള്‍ നേടി ചരിത്രം സൃഷ്ടിച്ച ബ്രസീല്‍ 24 വര്‍ഷത്തോളമായി ഫോം ഔട്ടിലാണ്. താളം കണ്ടെത്താനാകാതെ വിഷമിക്കുന്ന ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യവുമായാണ് നിരവധി വിജയങ്ങളുടെ ചരിത്രമുള്ള കാര്‍ലോ ആഞ്ചലോട്ടി പരിശീലക സ്ഥാനമേറ്റെടുക്കുന്നത്. എന്നാല്‍, നെയ്മര്‍ എന്ന തുരുപ്പ് ചീട്ടിനെ ടീമിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. താരം പരുക്കില്‍ നിന്ന് പൂര്‍ണായി മോചിതനാകാത്തതു തന്നെയായിരുന്നു കാരണം.ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ചരിത്രത്തിലെ ജ്വലിക്കുന്ന ഒരു അധ്യായത്തിനാണ് നെയ്മറിന്റെ വിരമിക്കലിലൂടെ അന്ത്യമാകുന്നത്. ന്യൂയോര്‍ക്കിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന റൗണ്ട് ഓഫ് 16ല്‍ നോര്‍വേയോട് 2-1ന്റെ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് നെയ്മര്‍ തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്. കളിയുടെ അധിക സമയത്ത് ലഭിച്ച പെനാള്‍ട്ടി കിക്ക് ഗോളാക്കിയ 34കാരന്‍ കണ്ണീരോടെയാണ് കളം വിട്ടത്. മത്സരശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് നെയ്മര്‍ മൈതാനത്തിരിക്കുന്നതും സഹതാരങ്ങള്‍ ആശ്വസിപ്പിക്കുന്നതും ഹൃദയഭേദകമായ കാഴ്ചയായിരുന്നു.ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഫിനിഷിംഗ് മെഷീനാണ് നെയ്മര്‍ ജൂനിയര്‍.129 മത്സരങ്ങളില്‍ നിന്ന് 80 അന്താരാഷ്ട്ര ഗോളുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. ഇതിഹാസ താരം പെലെയെ മറികടന്ന് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായാണ് നെയ്മര്‍ കളം വിടുന്നത്. 16 വര്‍ഷത്തെ കരിയറില്‍ 130 അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ നെയ്മര്‍ 58 അസിസ്റ്റുകളും നല്‍കി.ബ്രസീലിനായി നാല് ലോകകപ്പുകളിലും രണ്ട് ഒളിംപിക്‌സിലും കളിക്കാന്‍ നെയ്മര്‍ക്കായി. 2012 ഒളിംപിക് ഗെയിംസില്‍ വെള്ളിയും 2016 ഒളിംപിക്‌സില്‍ സ്വര്‍ണവും നേടിയ ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത്തവണത്തെ ലോകകപ്പില്‍ രണ്ട് തവണ പകരക്കാരനായി ഇറങ്ങാന്‍ മാത്രമേ താരത്തിന് സാധിച്ചുള്ളൂ-ആകെ 37 മിനുട്ട് മാത്രം!!Content Highlights:Football fans worldwide are expressing deep disappointment over the prolonged absence of Brazilian superstar Neymar from major tournaments. The dynamic forward’s unique flair and playmaker abilities are severely missed on the pitch. Supporters continue to monitor his recovery closely, hoping for a swift return to peak form.