താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പ്രമുഖ നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. പടിയിറങ്ങൽ പിന്മാറ്റമല്ല ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് രേവതിയും പത്മപ്രിയയും പറഞ്ഞു. അമ്മയിൽ നടക്കുന്ന വിവാദ പരമ്പരയുടെ ഭാഗമല്ല രാജിയെന്നും ഇവർ പറയുന്നു.ഒരു ദശാബ്ദ കാലം ഉന്നയിച്ച ആവശ്യങ്ങൾക്ക് സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനം മാത്രമായിരുന്നു മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമുണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതു ശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും തിരിച്ചെത്തി. അസമത്വത്തിന്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാണ്. പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തിയെന്നും താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപംഇന്ന് ഞങ്ങൾ അമ്മയിൽ നിന്നും രാജി വെയ്ക്കുകയാണ്. ഇത് A.M.M.A. -യിൽ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അദ്ധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തിൽ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണവുമല്ല.ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം,ഉത്തരവാദിത്തബോധം, തുല്ല്യ പരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങൾ എല്ലാവരേയും ഒരുമിപ്പിക്കും എന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.ഉത്തരം മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുകളിൽ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളിൽ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങൾ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്.ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ രാജികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിൻ്റെ മുഖങ്ങൾ മാറും. രീതികൾ മാറും. എന്നാൽ അസമത്വത്തിൻ്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാണ്.A.M.M.A. രൂപം കൊണ്ടത് എല്ലാവരേയും ഒന്നിപ്പിക്കുന്ന ശബ്‌ദമാകാനാണ്. എന്നാൽ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളിൽ നിന്ന് ക്രമേണ സംഘടനയെ ദുർബലപ്പെടുത്തി. ഈ ഘട്ടത്തിൽ അത് ഞങ്ങളുടെ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനമാണ്.മുമ്പ് നേരിട്ട അതേ പോരാട്ടങ്ങൾ സ്ത്രീകൾക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാൻ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ല. മികവുറ്റ ചലച്ചിത്ര ശ്രമങ്ങൾക്കായ് ഞങ്ങൾ യാത്ര തുടരും, സഹപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കാനും, നീതിയുക്തമായ തൊഴിൽ മേഖല ഉറപ്പാക്കാനും. ഞങ്ങൾക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തിനോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തിൽ നിന്നും രേഖപ്പെടുത്തുന്നു.സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉറച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങൾ വിട പറയുന്നു.See you at the cinemas.Revathy. PadmapriyaThe post ‘പടിയിറങ്ങൽ പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം’; ‘അമ്മ’യിൽ നിന്ന് രാജി വെച്ച് രേവതിയും പത്മപ്രിയയും appeared first on Kairali News | Kairali News Live.