നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യത്തിനും വളർച്ചക്കും അനിവാര്യമാണ്. എന്നാൽ ചില വ്യക്തികളിൽ ചില ഭക്ഷണങ്ങൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ച് അലർജി പ്രതികരണങ്ങൾക്ക് കാരണമാകാം. ഇന്ന് ഭക്ഷ്യ അലർജി മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ ഭക്ഷ്യ അലർജികളെക്കുറിച്ചുള്ള ശരിയായ അറിവ് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്.“പാൽ ഒരു സമ്പൂർണ ആഹാരമാണ്’, “മുട്ട നല്ല പ്രോട്ടീൻ ആണ്’, “നിലക്കടല പോഷകസമൃദ്ധമാണ്’ ഇത്തരം വാക്കുകൾ നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ എല്ലാവർക്കും ഈ ഭക്ഷണങ്ങൾ ഒരുപോലെ ഗുണകരമാകണമെന്നില്ല. ചിലരുടെ ശരീരം ചില പ്രത്യേക ഭക്ഷണങ്ങളെ ശത്രുവായി കണ്ട് പ്രതികരിക്കും.എന്താണ് ഭക്ഷ്യ അലർജി?ഭക്ഷണത്തിലെ ചില പ്രോട്ടീനുകളെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം (Immune System) തെറ്റായി അപകടകാരികളായി തിരിച്ചറിയുകയും അവക്കെതിരെ പ്രതികരിക്കുകയും ചെയ്യുമ്പോഴാണ് ഭക്ഷ്യ അലർജി ഉണ്ടാകുന്നത്. വളരെ ചെറിയ അളവിൽ ഭക്ഷണം കഴിച്ചാലും ചിലരിൽ ഗുരുതരമായ ലക്ഷണങ്ങൾ പ്രകടമാകാം.പല കുടുംബങ്ങളിലും അലർജി തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. ഒരു കുട്ടിക്ക് പാൽ കുടിച്ചതിന് ശേഷം സ്ഥിരമായി വയറിളക്കമോ ചർമത്തിൽ ചൊറിച്ചിലോ ഉണ്ടാകാം. ചിലർക്ക് ചെമ്മീൻ കഴിച്ചതിന് ശേഷം മുഖം വീർക്കാം. മറ്റുചിലർക്ക് ചെറിയ അളവിൽ പോലും ചില ഭക്ഷണങ്ങൾ കഴിച്ചാൽ ശ്വാസതടസ്സം വരെ അനുഭവപ്പെടാം. ഇത്തരം ലക്ഷണങ്ങൾ ആവർത്തിക്കുമ്പോൾ അവഗണിക്കരുത്.ഭക്ഷണ അലർജിയും ഭക്ഷണ അസഹിഷ്ണുതയും (Food Intolerance) തമ്മിലുള്ള വ്യത്യാസം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഉദാഹരണത്തിന്, ലാക്ടോസ് അസഹിഷ്ണുത (Lactose Intolerance) ഒരു ഭക്ഷ്യ അലർജിയല്ല. ഇത് ലാക്ടേസ് (Lactase) എന്ന എൻസൈമിന്റെ കുറവ് മൂലമുണ്ടാകുന്നതാണ്. അതിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പങ്കാളിയാകുന്നില്ല.അതുപോലെ, ഗോതമ്പ് അലർജിയും (Wheat Allergy) ഗ്ലൂട്ടനുമായി ബന്ധപ്പെട്ട രോഗാവസ്ഥകളും (ഉദാ: Celiac Disease) വ്യത്യസ്തമായ അവസ്ഥകളാണ്. അതിനാൽ കൃത്യമായ രോഗനിർണയം വളരെ പ്രധാനമാണ്.ലോകതലത്തിൽ അംഗീകരിക്കപ്പെട്ട പ്രധാന ഭക്ഷ്യ അലർജനുകൾ ഇവയാണ്:പാൽ (Milk)മുട്ട (Egg)നിലക്കടല (Peanut)വിവിധ നട്ടുകളും വിത്തുകളും (Nuts and Seeds)സോയ (Soy)ഗോതമ്പ് (Wheat)മീൻ (Fish)ചെമ്മീൻ, ഞണ്ട് തുടങ്ങിയ ക്രസ്റ്റേഷ്യൻ കടൽവിഭവങ്ങൾ (Crustacean Shellfish)എള്ള് (Sesame)ഇവക്ക് പുറമേ ചില വ്യക്തികളിൽ പൈനാപ്പിൾ, മുന്തിരി, കിവി, തക്കാളി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും അലർജി പ്രതികരണങ്ങൾക്ക് കാരണമാകാം.ലക്ഷണങ്ങൾഭക്ഷണം കഴിച്ചതിന് മിനുട്ടുകൾക്കുള്ളിലോ മണിക്കൂറുകൾക്കുള്ളിലോ താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടാകാം:ചൊറിച്ചിൽ, ത്വക്കിൽ ചുവന്ന പാടുകൾ, അധരങ്ങൾ, കണ്ണുകൾ അല്ലെങ്കിൽ മുഖത്ത് വീക്കം,വയറുവേദന, ഛർദ്ദി, വയറിളക്കം, ശ്വാസതടസ്സം അല്ലെങ്കിൽ ശ്വാസംമുട്ടൽ, തലചുറ്റൽ, ബോധക്ഷയം.ചില സാഹചര്യങ്ങളിൽ “അനാഫിലാക്‌സിസ്’ എന്ന ജീവന് ഭീഷണിയാകുന്ന ഗുരുതര അവസ്ഥയും ഉണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ അടിയന്തര ചികിത്സ ആവശ്യമാണ്.തിരിച്ചറിയാംഭക്ഷണം കഴിച്ചതിനുശേഷമുള്ള ലക്ഷണങ്ങൾ രേഖപ്പെടുത്തുക. ഫുഡ് ഡയറി സൂക്ഷിക്കുക. ഡോക്ടറുടെയോ അലർജി വിദഗ്ധന്റെയോ നിർദേശപ്രകാരം പരിശോധനകൾ നടത്തുക. സ്വയം രോഗനിർണയം നടത്തുന്നത് ഒഴിവാക്കുക.ഭക്ഷ്യ അലർജി കുട്ടികളിൽ കൂടുതലായി കാണപ്പെടുന്നുവെങ്കിലും മുതിർന്നവരിലും ഇത് ഉണ്ടാകാം. ചിലപ്പോൾ വർഷങ്ങളായി പ്രശ്‌നമില്ലാതെ കഴിച്ചിരുന്ന ഭക്ഷണങ്ങളോടുപോലും പിന്നീട് അലർജി രൂപപ്പെടാം.ശ്രദ്ധിക്കേണ്ട കാര്യങ്ങൾഅലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലുകൾ വായിക്കുന്ന ശീലം വളർത്തുക. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുമ്പോൾ ചേരുവകൾ ചോദിച്ചറിയുക.കുട്ടികളുടെ സ്‌കൂൾ അധ്യാപകർ, പരിചരിക്കുന്നവർ എന്നിവരെ വിവരം അറിയിക്കുക.ചിലർക്കു വളരെ ചെറിയ അളവിൽ പോലും അലർജി ഉണ്ടാക്കുന്ന ഭക്ഷണം ഗുരുതര പ്രതികരണങ്ങൾക്ക് കാരണമാകാം. അതിനാൽ “കുറച്ച് കഴിച്ചാൽ കുഴപ്പമില്ല’ എന്ന സമീപനം അപകടകരമായേക്കാം.പോഷക പരിപാലനം പ്രധാനംഅലർജി നിയന്ത്രണം ഭക്ഷണം ഒഴിവാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. അലർജി കാരണം ചില ഭക്ഷണങ്ങൾ ഒഴിവാക്കുമ്പോൾ പോഷകക്കുറവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പോഷകസമൃദ്ധമായ പകരക്കാരെ കണ്ടെത്തുന്നതും അത്രതന്നെ പ്രധാനമാണ്. ഉദാഹരണത്തിന് പാലിനോട് അലർജിയുള്ളവർക്ക് കാൽസ്യം, വിറ്റാമിൻ ഡി എന്നിവക്ക് പകരം സുരക്ഷിതമായ മറ്റ് ഉറവിടങ്ങൾ കണ്ടെത്തണം. മുട്ട ഒഴിവാക്കുന്നവർക്ക് മറ്റ് പ്രോട്ടീൻ ഉറവിടങ്ങൾ ഉൾപ്പെടുത്തണം. ഗോതമ്പ് ഒഴിവാക്കുന്നവർക്ക് മറ്റ് ധാന്യങ്ങളിൽ നിന്ന് ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കണം.ഭക്ഷണങ്ങൾ ഒഴിവാക്കുമ്പോൾ വളരുന്ന കുട്ടികളിൽ പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ കുറവ് ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തിയുടെ പ്രായത്തിനും ആരോഗ്യനിലക്കും അനുസരിച്ചുള്ള ഭക്ഷണരീതി രൂപപ്പെടുത്താൻ ഡയറ്റീഷ്യന്റെ സഹായത്തോടെ അനുയോജ്യമായ പകരം ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം.ഭക്ഷ്യ അലർജിയുള്ളവരുടെ ജീവിതം നിയന്ത്രണങ്ങളുടെ പട്ടികയായി മാറേണ്ടതില്ല. ശരിയായ രോഗനിർണയവും ജാഗ്രതയും പോഷകപരമായ മാർഗനിർദേശവും ഉണ്ടെങ്കിൽ ഫലപ്രദമായി നിയന്ത്രിക്കാനാകും. സ്വമേധയാ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനുപകരം ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും നിർദേശപ്രകാരം പ്രവർത്തിക്കുന്നത് സുരക്ഷിതവും ആരോഗ്യകരവുമാണ്.സുരക്ഷിതമായ ഭക്ഷണ തിരഞ്ഞെടുപ്പുകളും ബോധവത്കരണവും വഴി അലർജിയുള്ളവർക്കും ആരോഗ്യകരവും സജീവവുമായ ജീവിതം നയിക്കാനാകും. എല്ലാ ഭക്ഷണവും എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. സ്വന്തം ശരീരത്തിന്റെ സന്ദേശങ്ങൾ ശ്രദ്ധിക്കാൻ പഠിക്കുമ്പോഴാണ് ഭക്ഷണം യഥാർഥത്തിൽ ആരോഗ്യത്തിന്റെ കൂട്ടുകാരനാകുന്നത്.Content Highlights: Food allergies occur when the immune system mistakenly identifies certain food proteins as harmful components. Common allergens include milk, egg, peanut, wheat, and shellfish, which can sometimes trigger a life threatening condition called anaphylaxis. Proper medical diagnosis and choosing nutritious alternative foods are vital to manage allergies effectively.