“എല്ലാ സാഹിത്യകാരന്മാരും നുണയെ സത്യമാക്കി അവതരിപ്പിക്കാൻ ബദ്ധപ്പെട്ടപ്പോൾ, ബഷീർ സത്യത്തെ മനോഹരങ്ങളായ നുണകളായി അവതരിപ്പിച്ചു.’ അറിഞ്ഞതിൽ വെച്ച്, ബഷീറിനെ ഏറ്റവും മനോഹരമായി, ആകർഷണീയമായും വ്യാഖ്യാനിച്ചതായി തോന്നിയത് എം ടിയുടെ മേൽപറഞ്ഞ വാക്കുകളാണ്.സത്യമല്ലേ, ബഷീറിന്റെ ചെറുകുറിപ്പുകളിൽ പോലും, സ്വന്തം അനുഭവത്തിന്റെയും മാനവ കുലമാകെ നിറഞ്ഞു നിൽക്കുന്ന ജീവിതത്തിന്റെയും നേരനുഭവങ്ങളുടെയും തുടിപ്പാർന്ന സ്പന്ദനങ്ങൾ തൊട്ടറിയുമ്പോഴും, നമ്മളത് മറ്റേതോ ഒരു ലോകത്തിരുന്ന് ഇമ്പമാർന്ന കഥകളായി കേട്ടു, വായിച്ചു, രസിച്ചു.അന്ന്, എട്ടാം ക്ലാസ്സിലോ ഒമ്പതാം ക്ലാസ്സിലോ മറ്റോ ബഷീറിന്റെ ‘ഭൂമിയുടെ അവകാശികൾ’എന്ന പാഠം പഠിച്ചു, വായിച്ചു രസിച്ച ക്ലാസ്സ്മുറികളിൽ നിന്നും പടിയിറങ്ങി, വായന എന്നാൽ രണ്ട് വരികൾക്കിടയിലെ വെളുത്ത ഇടത്തിലും കൂടി വായിക്കപ്പെടേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയ കാലത്താണ്, ബഷീർ പറഞ്ഞുവെച്ച അപ്രാപ്യമായ ലോക തത്ത്വത്തിന്റെ അളക്കാനാകാത്ത ആഴങ്ങളിലേക്ക് മുങ്ങാങ്കുഴിയിടാൻ ശ്രമിച്ചതും, വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് എം ടി പറഞ്ഞുവെച്ച വിശേഷണത്തിന്റെ പൊരുളറിയാനായി ബഷീർ കൃതികളിലാകെ അലഞ്ഞതും.പാത്തുമ്മയും, അബ്ദുൽ ഖാദറും, സുഹറയും മജീദും കേശവൻ നായരും സാറാമ്മയും ഉപ്പൂപ്പയും, പൊൻ കുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞും, അങ്ങനെ അങ്ങനെ എണ്ണമറ്റ കഥാപാത്രങ്ങൾ. അവരെല്ലാം നമ്മെ ചിരിപ്പിച്ചു, രസിപ്പിച്ച ഒരു കുട്ടിക്കാലത്തിൽ നിന്ന്, നമ്മുടെ ചിന്താമണ്ഡലങ്ങളിൽ പുതിയ ആഖ്വാന – വായനാ രീതികൾ പടർത്തിയത് ഒത്തിരി മുതിർന്നതിൽ പിന്നെയാണ്.അന്നും ഇന്നും ബഷീർ പറഞ്ഞുവെച്ചതിന്റെ പൊരുൾ, നമുക്ക് പുതിയ വാതായനങ്ങൾ തുറക്കുന്നു. ബഷീറിന്റെ കാലത്തെ, ഏറെ വായിക്കപ്പെട്ട അദ്ദേഹത്തിന്റെ സമകാലികരായ പല എഴുത്തുകാരും കാലക്രമേണ പിന്നിലേക്ക് മാഞ്ഞു മറഞ്ഞു പോകാൻ തുടങ്ങിയപ്പോൾ, ബഷീർ ഓരോ കാലത്തിലും കൂടുതൽ കൂടുതൽ തെളിഞ്ഞു വരികയാണുണ്ടായത്. അതിനൊരു കാരണം, തന്റെ കാലത്തെ പ്രകാശത്തെ മാത്രമല്ല, ഇരുട്ടിനേയും, നൈരന്തര്യത്തെ മാത്രമല്ല, ഇടർച്ചകളെയും അദ്ദേഹം കാണാൻ ശ്രമിക്കുകയും, ചെറുതായി മാത്രം തെളിഞ്ഞു തുടങ്ങിയിരുന്ന അക്കാലത്തെ പകലിരവുകളെ അദ്ദേഹം തന്റെ രചനകളിൽ കൃത്യമായി അടയാളപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.ഭാഷ കൊണ്ടും അവതരണം കൊണ്ടും പ്രമേയം കൊണ്ടും വൈരുധ്യങ്ങൾ ഏറെ കടന്നുവന്ന എഴുത്തുകാരനാണ് ബഷീർ. അനുരാഗ ദിനങ്ങളിലും പ്രേമലേഖനത്തിലും ബാല്യകാലസഖിയിലും അടിസ്ഥാനപരമായി കൈകാര്യം ചെയ്യുന്നത്, പ്രണയം ആണെങ്കിൽ കൂടി, അവതരണ രീതി മാറുന്നു, ഭാഷ മാറുന്നു, കഥാപാത്രങ്ങളുടെ കഥയും മനസ്സും അവസ്ഥയും മാറുന്നു, മതിലുകളിൽ പോലും ആത്യന്തികമായി കടന്നുവരുന്ന പ്രണയവും അതിന്റെ യാത്രയും ബഷീർ അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്, സ്വാതന്ത്ര്യം മറ്റൊരു തരത്തിൽ തടവായി മാറുന്ന അവസ്ഥയെ പ്രതിപാദിച്ചു കൊണ്ടാണ്. നാരായണിയുടെ സാന്നിധ്യം അനുഭവിക്കാൻ സാധ്യമാകാത്ത ലോകത്തിലാണ് താൻ പാരതന്ത്ര്യം അനുഭവിക്കുന്നത് എന്ന കാഴ്ചയിലാണ്, മതിലുകൾ അവസാനിക്കുന്നത്.നാട് വിട്ടു പോയ മകൻ അപ്രതീക്ഷിതമായി ഒരു പാതിരാത്രിയിൽ കടന്നു വരുമ്പോൾ, അവനായി മാറ്റിവെച്ച ഒരു പിഞ്ഞാണം കഞ്ഞി അവന്റെ നേരെ നീട്ടുന്ന ഒരുമ്മയെ കാണാം നമുക്ക്. ഇന്ന് താൻ വരുമെന്ന് ഉമ്മയെങ്ങനെ അറിഞ്ഞുവെന്ന് ആശ്ചര്യത്തോടെ ചോദിക്കുന്ന മകനെ നോക്കി‘ഞാൻ എന്നും നിന്നെ കാത്തിരിക്കാറുണ്ടല്ലോ.’എന്ന് മറുപടി പറയുന്ന ഉമ്മയാണ് സങ്കൽപ്പങ്ങളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന മാതൃത്വത്തിന്റെ പൂർണത. ആ കാത്തിരിപ്പാണ്, ഉമ്മയെന്ന വികാരത്തെ ഏറ്റവും മനോഹരമായി നിലനിർത്തുന്നത്, എനിക്ക്, ഒരുപക്ഷേ ഓരോ വായനക്കാരനും.പാത്തുമ്മയുടെ ആട്ടിലെ ഒന്നും നമുക്ക് മുച്ചീട്ടു കളിക്കാരന്റെ മകളിൽ കാണാൻ കഴിയുന്നില്ല. ന്റുപ്പാപ്പാക്ക് ഒരാനണ്ടാർന്നു കണ്ടതൊന്നും നമുക്ക് മറ്റൊന്നിലും കാണാൻ സാധ്യമല്ല. എണ്ണമറ്റ കൃതികളും കഥാപാത്രങ്ങളും തിരഞ്ഞെടുത്തു വായിക്കുന്പോഴും വിമർശനാത്മകമായി അദ്ദേഹത്തിന്റെ രചനകളെ സമീപിക്കുന്പോഴും ഈ വൈരുധ്യങ്ങൾ തന്നെയാണ് ആദ്യം നമ്മെ ആകർഷിക്കുന്നതും, ആവർത്തിച്ചുള്ള വായനക്ക് പ്രേരിപ്പിക്കുന്നതും. ഓരോ കാലത്തും ഓരോ തരത്തിൽ ബഷീർ കൃതികളെ നമുക്ക് വായിക്കാൻ സാധ്യമാകുന്നതും ബഷീർ കൃതികൾ കാലത്തിനുമപ്പുറത്തേക്ക് നീളുന്ന വായനക്ക് വിധേമാകുന്നതും ഇതേ കാരണങ്ങൾ കൊണ്ട് തന്നെയാണ്.“തനിക്ക് അർഥപൂർണമായ വേറെ അധികം കാര്യങ്ങളൊന്നും ചെയ്യാൻ അറിയാത്തത് കൊണ്ട് ഞാനൊരു എഴുത്തുകാരനായി തീരുന്നു’എന്ന വളരെ സരസമായി ബഷീർ, തന്നെ കുറിച്ച് സ്വയം അവതരിപ്പിച്ച ഒരു പ്രസ്താവത്തിലൂടെ ഇത്തരം ഗൗരവമായ ചിന്തകളെയും വായനകളെയും നിഷേധിക്കുന്നുണ്ടെങ്കിലും കൂടി, ഓരോ കാലത്തും ഓരോ തലമുറയും തങ്ങളുടെ കുട്ടിക്കാലത്ത് വായിച്ചു രസിച്ചതിൽ നിന്ന് ഭിന്നമായി ഗൗരവമായ വായനക്കായി ബഷീർ കൃതികൾ പിന്നെയും കൈയിലെടുക്കുന്നു.‘ഉപ്പൂപ്പാന്റെ കുഴിയാനകൾ’ബഷീർ കൃതികളെ വിമർശിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പുറത്തിറക്കപ്പെട്ട പുസ്തകം. അതിന്റെ അവതാരികയിൽ പേരെടുത്തൊരു എഴുത്തുകാരൻ ഇപ്രകാരം കുറിച്ചുവെച്ചുവത്രെ.‘ബഷീറിന് ഭാവന കുറവാണ്.’ഈ ഒരു വാചകത്തിന്, ഏറ്റവും സത്യസന്ധമായി പറയപ്പെട്ട മറുപടികളിലൊന്ന്, എം എൻ വിജയൻ മാഷിന്റെതാകണം.“ബഷീറിന്റെ ജീവിതം, നിങ്ങളുടെ ഭാവനയെക്കാൾ വിശാലമാണ്, എന്നത് കൊണ്ടാണ്, ഭാവന ആവശ്യമായിട്ട് വരാത്തത്’എന്ന്.ബഷീറിനെ പോലൊരു എഴുത്തുകാരൻ മലയാളത്തിൽ എന്നല്ല, ലോകഭാഷയിൽ ഏതെങ്കിലും ഒന്നിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. അല്ല, ഉണ്ടാകില്ല എന്ന് ഏറെക്കുറെ തീർച്ചയാണ്.സൂഫിയായും സന്യാസിയായും സഞ്ചരിച്ച, കൈനോട്ടക്കാരനായും പോക്കറ്റടിക്കാരനായും സ്വാതന്ത്ര്യ സമരസേനാനിയായും ജയിൽ പുള്ളിയായും ജീവിച്ച, പുസ്തക വിൽപ്പനക്കാരനായും പുസ്തക പ്രസാധകനായും ഉപജീവനം കണ്ടെത്താൻ ശ്രമിച്ച എഴുത്തുകാരന്റെ നേരനുഭവങ്ങളുടെ സാക്ഷ്യപത്രങ്ങൾ, മറ്റേതൊരാളുടെയും സങ്കൽപ്പ ലോകത്തേക്കാൾ എത്രയോ പ്രവിശാലമായിരിക്കുമത്. അദ്ദേഹം കടന്നുവന്ന വഴികളിലെ നേർക്കാഴ്ചകൾ മാത്രം പകർത്തി വെച്ചാൽ ഏതൊരു മനുഷ്യന്റെയും ആജീവനാന്ത കഥാ – കൽപ്പിത കഥനങ്ങളെക്കാൾ ആഴവും പരപ്പുമേറിയതായിരിക്കുമാ വരമൊഴികൾ. ആ മനുഷ്യന്റെ ഭാവനയെ കുറിച്ച് ആശങ്കപ്പെട്ടവർക്ക് വിജയൻ മാഷ് നൽകിയ മറുപടി,ബഷീറിന് വേണ്ടി കാലം കരുതി വെച്ച കാവ്യനീതിയാകാം. ഓരോ കാലത്തും, ഓരോ വായനക്കാരനും ഓരോ പ്രായത്തിലും അവസ്ഥയിലും ഓരോരോ വിധത്തിൽ വായിക്കാൻ ശ്രമിച്ച മറ്റേതൊരു എഴുത്തുകാരനുണ്ടാകുമോ., ഏതെങ്കിലുമൊരു ഭാഷയില്ലെങ്കിലും. ഏത് രീതിയിലും, എങ്ങനെ വേണമെങ്കിലും, ഏത് തരം വായനക്കാരനും വായിച്ചാസ്വദിക്കാൻ പ്രാപ്തമാണ് ആ രചനകളോരോന്നും. ഒരു സാദാ പൈങ്കിളി വായനക്കാരനും, ക്ലാസിക്കൽ കൃതികളെ വായിക്കൂ എന്ന വാശിക്കാരനും ബഷീർ ഒരുപോലെ പ്രിയപ്പെട്ടതാകുന്നു.ചുമ്മാ വായിച്ചു രസിക്കാൻ മാത്രം പുസ്തകം കൈയിലെടുക്കുന്ന വായനക്കാരനും, അതീവ ഗൗരവതരമായി മാത്രം വായിക്കാൻ നിശ്ചയിച്ചുറപ്പിച്ച വായനക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്ന ഇന്ദ്രജാലം വൈക്കം മുഹമ്മദ് ബഷീർ എന്ന എഴുത്തുകാരന്റെ മാത്രം പ്രത്യേകതയായി എണ്ണിയാൽ, മറ്റൊരിടത്തും ഒരു എഴുത്തുകാരനും ഇങ്ങനെയൊരു വാക് ചാതുരി അവകാശപ്പെടാൻ നിവൃത്തിയില്ലെന്ന് കുറിച്ച് വെച്ചാൽ, അതിലൊന്നും ഒട്ടും അതിശയോക്തി ഉണ്ടാകാൻ വഴിയില്ല.ഒരു പെരുന്നാൾ കാലത്ത്, കൈയിൽ കിട്ടിയ പെരുന്നാൾ പൈസ എല്ലാം സ്വരുക്കൂട്ടി വെച്ച്, ഓട്ടോമാറ്റഡ് കൊഡാക്ക് ക്യാമറയും സംഘടിപ്പിച്ച് അതിൽ ഫുൾ റീലും ഇട്ട്, ബേപ്പൂർ വൈലാലിൽ വീട്ടിൽ, ബേപ്പൂർ സുൽത്താനെ കാണാൻ പോയ എട്ടാം ക്ലാസ്സുകാരനെ വരവേറ്റത്, സുൽത്താന്റെ സഹധർമിണിണി ഫാബിയായിരുന്നു. തീരെ വയ്യാതെ കിടക്കുന്ന പ്രിയപ്പെട്ട എഴുത്തുകാരന്റെ അടുത്തിരുത്തി, രണ്ട് വാക്ക് മിണ്ടാൻ അവസരമൊരുക്കി തന്നു. വേദന നിറഞ്ഞ ഒരു ചിരിയും സമ്മാനിച്ചു ഫോട്ടോയും വർത്താനോം ഒക്കെ സൂക്കേട് കഴിഞ്ഞിട്ട് കാണാമെന്ന് പറഞ്ഞു ആശ്വസിപ്പിച്ചയച്ചു, കാലം പിന്നെ ഒരുപാടൊന്നും ബാക്കി വെച്ചിട്ടില്ലായിരുന്നു. ആ സൂക്കേട് മാറി അദ്ദേഹം തിരികെ വന്നില്ല. ഈ അണ്ഡകടാഹത്തിൽ, അല്ലാഹുവിന്റെ ഒടുങ്ങാത്ത സമയത്തിൽ നിന്ന് തന്റേത് മാത്രമായ സമയം അളന്നെടുത്തു ആ സുൽത്താൻ മടക്കയാത്രയ്ക്കൊരുങ്ങിയ 1994ലെ ജൂലൈ 5, അങ്ങനെ എനിക്കും തീരാവേദനയായി മാറി; എന്നന്നേക്കും.Content Highlights:The unique literary world of Vaikom Muhammad Basheer transformed real experiences into beautiful narratives that continue to captivate generations. Renowned writers like MT Vasudevan Nair and MN Vijayan deeply appreciated his matchless style and extensive life experiences. Even years after his passing, the Beypore Sultan remains a beloved and highly relevant icon in Malayalam literature.