നമ്മുടെ തലച്ചോറിന് ആത്മാർഥതക്കുള്ള ഒരു വമ്പൻ അവാർഡ് കൊടുക്കണം. ഒരു ചെറിയ പ്രശ്നം ഇട്ട് കൊടുത്താൽ മതി; ഉടൻ തന്നെ അത് ഒരു അന്താരാഷ്ട്ര കമ്മിറ്റി രൂപവത്കരിക്കും. അന്വേഷണം നടത്തും. അഞ്ഞൂറ് പേജുള്ള റിപ്പോർട്ട് തയ്യാറാക്കും. അമ്പത് മോശം സാധ്യതകൾ പ്രവചിക്കും. അഞ്ച് സബ് കമ്മിറ്റികളെ നിയമിക്കും. ഒടുവിൽ, “ഇനിയും കൂടുതൽ വിശകലനം ആവശ്യമുണ്ട്!’ എന്ന പ്രഖ്യാപനവും നടത്തും. അതേസമയം, യഥാർഥ പ്രശ്നം നിശബ്ദമായി സ്വയം പരിഹരിച്ച് നാട് വിട്ടുകാണും! ഇതാണ് ഓവർതിങ്കിംഗ്. നമ്മെ സഹായിക്കുന്നതായി നടിച്ച് ഏറ്റവും കൂടുതൽ പണി തരുന്ന മാനസിക ശീലങ്ങളിലൊന്ന്.ചിന്തയുടെ ചലനത്തെ പ്രവർത്തനത്തിന്റെ ചലനമായി തെറ്റിദ്ധരിപ്പിക്കുന്ന ഒരു കബളിപ്പിക്കൽ. “ഞാൻ വെറുതെ വിഷമിക്കുകയല്ല, ഉത്തരവാദിത്വത്തോടെ ആലോചിക്കുകയാണ്’ എന്നതാണ് ഓവർതിങ്കർമാരുടെ ഔദ്യോഗിക മുദ്രാവാക്യം. എന്നാൽ ജീവിതം മുന്നോട്ട് പോകുന്നത് ചിന്തകളുടെ എണ്ണത്തിൽ അല്ല, ചുവടുകളുടെ എണ്ണത്തിലാണ്. “കപ്പൽ മുന്നോട്ടു നീങ്ങുന്നത് തിരമാലകളെ പഠിച്ചതുകൊണ്ടല്ല; നങ്കൂരം ഉയർത്തിയതുകൊണ്ടാണ്.’ പരാജയം, നാണക്കേട്, തിരസ്കരണം, നിരാശ എന്നിവയിൽ നിന്ന് രക്ഷപ്പെടാനാണ് അമിതചിന്ത തുടങ്ങുന്നത്. അതൊരു പ്രശ്നമായല്ല, ഒരു പരിഹാരശ്രമമായാണ് ആരംഭിക്കുന്നത്.പക്ഷേ, അത് വാഗ്ദാനം ചെയ്യുന്നതിന്റെ നേരെ വിപരീത ഫലമാണ് നൽകുന്നത്. “കുറച്ചുകൂടി ചിന്തിക്കൂ… അപ്പോൾ എല്ലാം ശരിയാകും’ എന്ന മസ്തിഷ്ക മന്ത്രം നിങ്ങൾ എത്രത്തോളം അനുസരിക്കുന്നുവോ, അത്രത്തോളം നിങ്ങളുടെ മനസ്സ് വിഷമിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തിക്കൊണ്ടിരിക്കും. ഒടുവിൽ ഒരിക്കലും സംഭവിക്കാൻ പോലും സാധ്യതയില്ലാത്ത കാര്യങ്ങൾക്കായി നാം മാനസികമായി ക്ഷീണിച്ചിരിക്കും. അടുത്ത വ്യാഴാഴ്ച മഴക്ക് ചെറിയ സാധ്യതയുണ്ടെന്ന് കേട്ട് ഞായറാഴ്ച വീട്ടിനുള്ളിൽ കുട ചൂടി നടക്കുന്നതുപോലൊരു ജീവിതം!സത്യത്തിൽ നമ്മുടെ പ്രശ്നം ചിന്തകളല്ല; ചിന്തകളോടുള്ള നമ്മുടെ ബന്ധമാണ്. ചിന്തകൾ വെറും മാനസിക സന്ദർശകരാണ്.അനുവാദമില്ലാതെ കയറി വരും, കുറച്ച് ബഹളം വെക്കും, പിന്നെ മടങ്ങിപ്പോകും. പക്ഷേ, അവയെ സ്ഥിരതാമസക്കാരാക്കുന്നത് നമ്മളാണ്. “ഇത് കിട്ടിയില്ലെങ്കിൽ?’, “അവർ എന്ത് വിചാരിക്കും?’, “പരാജയപ്പെട്ടാൽ?’ എന്ന് മനസ്സ് ചോദിക്കുന്ന നിമിഷം മറ്റൊരു കമ്മിറ്റി മീറ്റിംഗ് തുടങ്ങും. പഴയ തെറ്റുകൾ തെളിവായി ഹാജരാക്കും. ഭാവിയിലെ ദുരന്തങ്ങൾ ആത്മവിശ്വാസത്തോടെ പ്രവചിക്കും. ഉറക്കം നഷ്ടമാകും. സമാധാനം നഷ്ടമാകും. പ്രശ്നം മാത്രം മാറില്ല. അതിനാൽ മനസ്സ് വിളിക്കുന്ന എല്ലാ മീറ്റിംഗുകളിലും പങ്കെടുക്കേണ്ട ബാധ്യത നിങ്ങൾക്കില്ലെന്ന് ആദ്യം മനസ്സിലാക്കുക. എല്ലാ ചിന്തകൾക്കും മറുപടി പറയേണ്ടതുമില്ല. സ്വയം ഒരു ചോദ്യം ചോദിക്കൂ: “ഈ ചിന്ത എനിക്ക് ഉപകാരപ്പെടുന്നുണ്ടോ, അതോ എന്നെ ഭയപ്പെടുത്തുക മാത്രമാണോ?’ ഉപകാരമില്ലെങ്കിൽ അതിനെ വെറുതെ കടന്നുപോകാൻ അനുവദിക്കൂ. ചെറിയ തീരുമാനങ്ങൾക്ക് സമയപരിധി നിശ്ചയിക്കൂ. അഞ്ച് മിനുട്ടിൽ തീരുമാനിക്കാവുന്ന കാര്യത്തിന് അഞ്ച് ദിവസം ചെലവഴിക്കരുത്.വലിയ ജോലിയാണെങ്കിൽ “ആദ്യ അഞ്ച് മിനുട്ട് മാത്രം ചെയ്യാം’ എന്ന് തീരുമാനിക്കൂ. ശരീരം ചലിക്കുമ്പോൾ മനസ്സ് പലപ്പോഴും ശാന്തമാകും. നടക്കുക, വ്യായാമം ചെയ്യുക, പ്രാർഥിക്കുക, മുറി വൃത്തിയാക്കുക, ചിന്തകൾ എഴുതിവെക്കുക, വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കുക. മൊബൈൽ മാറ്റിവെച്ച് പ്രകൃതിയിലേക്ക് ഇറങ്ങുക. ഒരു ദിവസം ചെയ്യേണ്ട മൂന്ന് പ്രധാന കാര്യങ്ങൾ മാത്രം തീരുമാനിച്ച് അവ പൂർത്തിയാക്കുക. ഏറ്റവും പ്രധാനമായി, ചിന്തിക്കുന്നതിനേക്കാൾ പ്രവർത്തിക്കാൻ ശീലിക്കുക. കാരണം വ്യക്തത പലപ്പോഴും ചിന്തിച്ചല്ല, പ്രവർത്തിച്ചാണ് ലഭിക്കുന്നത്.ജീവിതത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യം എല്ലാ ഉത്തരങ്ങളും കിട്ടിയ ശേഷമല്ല; എല്ലാ ഉത്തരങ്ങളും ഇല്ലെങ്കിലും മുന്നോട്ട് നടക്കാൻ പഠിക്കുന്ന ദിവസമാണ്. അനിശ്ചിതത്വത്തെ അംഗീകരിക്കുകയാണ് മാനസിക പക്വതയുടെ ഏറ്റവും വലിയ അടയാളം. ആരും എല്ലാ തീരുമാനങ്ങളും ശരിയാക്കുന്നില്ല. ആരും എല്ലാ തെറ്റുകളും ഒഴിവാക്കുന്നില്ല.ആത്മവിശ്വാസമുള്ളവർക്ക് ഭയമില്ല എന്നല്ല; ഭയം ഉണ്ടായിട്ടും അവർ മുന്നോട്ട് പോകുന്നു എന്നതാണ് വ്യത്യാസം. ഉത്കണ്ഠയും വിഷാദവും മാനസിക മരവിപ്പും പലപ്പോഴും വ്യത്യസ്ത പ്രശ്നങ്ങളല്ല; അമിതചിന്ത എന്ന ഒരേ എൻജിനിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത വാഹനങ്ങളാണ്. ആ എൻജിനിലേക്ക് ഇന്ധനം ഒഴിക്കുന്നത് നിർത്തിയാൽ അവയുടെ ശക്തിയും പതിയെ കുറഞ്ഞുകൊള്ളും. അതിനാൽ നിങ്ങളുടെ തലയ്ക്കുള്ളിൽ വീണ്ടും കമ്മിറ്റി മീറ്റിംഗ് ആരംഭിച്ചാൽ ശാന്തമായി പറയുക: “എല്ലാവർക്കും നന്ദി… ഇന്നത്തെ മീറ്റിംഗ് ഇവിടെ അവസാനിപ്പിക്കുന്നു.’ പിന്നെ എഴുന്നേറ്റ് ഇരുപത് തവണ മാറ്റിയെഴുതിയ ആ സന്ദേശം അയക്കുക.നീട്ടിവെച്ച അപേക്ഷ സമർപ്പിക്കുക. ആ ഫോൺകോൾ ചെയ്യുക. ആ ബിസിനസ് തുടങ്ങുക. ആ കോഴ്‌സിൽ ചേരുക. കാൽമുട്ടുകൾ വിറയ്ക്കുന്നുണ്ടെങ്കിലും ആദ്യ ചുവടുവെക്കുക. കാരണം ജീവിതം മാറുന്നത് ചിന്തകളുടെ എണ്ണം കൂടുമ്പോഴല്ല, പ്രവർത്തനങ്ങളുടെ എണ്ണം കൂടുമ്പോഴാണ്. നിങ്ങളുടെ മനസ്സിന്റെ ജോലി ചിന്തകൾ സൃഷ്ടിക്കലാണ്; അവയിൽ ഏതാണ് കേൾക്കേണ്ടത്, ഏതാണ് പുഞ്ചിരിയോടെ പറഞ്ഞുവിടേണ്ടത് എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഒടുവിൽ ഓർക്കുക, ജീവിതം മാറ്റുന്നത് തലയ്ക്കുള്ളിലെ കമ്മിറ്റി മീറ്റിംഗുകളല്ല; മീറ്റിംഗ് പിരിച്ചുവിട്ട് പുറത്തേക്കിറങ്ങി ചെയ്യുന്ന ആദ്യത്തെ ചെറിയ പ്രവർത്തനമാണ്.Content Highlights:Overthinking often functions as an ineffective coping mechanism that generates excessive anxiety about unlikely scenarios instead of providing real solutions. Renowned mental health insights suggest that continuous worrying exhausts the brain and delays essential life decisions. True clarity and mental peace come from breaking the loop of thoughts and initiating practical actions.