സൗദി അറേബ്യയിലെ ത്വായിഫിൽ ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു.മലപ്പുറം തിരൂർ രാങ്ങാട്ടൂർ നടുവട്ടം തെക്കേ പീടിക്കൽ ഹൗസിൽ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോൻ) ഭാര്യ രഹന (52), മൂത്ത മകൾ ഡോ. നഹ്ല നർമിൻ (29) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയിൽ, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘ദലം’ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം.വിശുദ്ധ മക്കയിൽ നിന്നും ഉംറ കർമങ്ങൾ പൂർത്തിയാക്കി ഖത്തറിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ കാറിന് മുന്നിലേക്ക് റോഡിൽ നിന്നും ഒരു പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് മുൻവശത്തെ ഗ്ലാസ്സിൽ പതിക്കുകയായിരുന്നു.ഇതോടെ ഡ്രൈവ് ചെയ്തിരുന്ന അബ്ദുല്ലത്തീഫിന്റെ കാഴ്ച പൂർണ്ണമായും മറയുകയും വാഹനം നിയന്ത്രണം വിട്ട് റോഡിൽ പലതവണ മറിയുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അബ്ദുല്ലത്തീഫ് ഖത്തർ പെട്രോകെമിക്കൽ കമ്പനിയിൽ (കാപ്കോ) ഉദ്യോഗസ്ഥനാണ്. അപകടത്തിൽ മരിച്ച രഹന, ഉമർകുട്ടി – മെഹറുന്നിസ കുമ്മത്ത് ദമ്പതികളുടെ മകളാണ്.രഹനയുടെയും ഡോ. നഹ്‌ലയുടെയും മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.The post സൗദിയിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിലെ രണ്ട് പേർ മരിച്ചു appeared first on Arabian Malayali.