രാജ്യത്തെ നിയമവ്യവസ്ഥക്കും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും നേരെ ഉയരുന്ന കടുത്ത വെല്ലുവിളികളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് മധ്യപ്രദേശില്‍ ആള്‍ക്കൂട്ട കൊലക്കേസില്‍ വിധിപ്രസ്താവം നടത്തിയ ജഡ്ജിക്കെതിരെ വര്‍ഗീയ ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി. 2022ല്‍ ബരാഖര്‍ ഗ്രാമത്തിനു സമീപം ട്രക്ക് ഡ്രൈവറായ നസീര്‍ അഹ്്മദിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ 14 ഗോരക്ഷാ ഗുണ്ടകള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച മധ്യപ്രദേശ് നര്‍മദാപുരം അഡീഷനല്‍ ജഡ്ജി തബസ്സുംഖാന് നേരെയാണ് വധഭീഷണികളും ഓണ്‍ലൈന്‍ അധിക്ഷേപങ്ങളും ഉയര്‍ന്നത്.ഭരണഘടനാ സംവിധാനത്തിന് കീഴിലുള്ള ഒരു സമൂഹത്തില്‍ നിയമം കൈയിലെടുക്കാന്‍ വ്യവസ്ഥാപിത നിയമ സംവിധാനങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും അവകാശമില്ല. എന്നാല്‍ സമീപ കാലത്ത് ആള്‍ക്കൂട്ട വിചാരണയും കൊലപാതകങ്ങളും രാജ്യത്തെ നിയമവ്യവസ്ഥക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. കോടതിമുറികളില്‍ നടക്കേണ്ട വിചാരണയും തദടിസ്ഥാനത്തില്‍ പുറപ്പെടുവിക്കേണ്ട വിധിന്യായങ്ങളും, തെരുവുനീതിയുടെ മാനദണ്ഡം വെച്ചും വര്‍ഗീയതയുടെ അളവുകോല്‍ കൊണ്ടുമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. കേവല സന്ദേഹത്തിന്റെയും മതവര്‍ഗീയതയുടെയും പേരില്‍ ഒട്ടേറെ നിരപരാധികളാണ് രാജ്യത്തെമ്പാടും ക്രൂരമര്‍ദനങ്ങള്‍ക്ക് ഇരയായതും നിഷ്ഠൂരമായി കൊല്ലപ്പെട്ടതും. അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് കോടതികളുടെ ഉത്തരവാദിത്വമാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു ബോധ്യമായാല്‍ മതിയായ ശിക്ഷ വിധിക്കുകയാണ് ന്യായാധിപന്മാരുടെ ബാധ്യത.ഏതെങ്കിലും കോടതി വിധിന്യായത്തോട് വിയോജിപ്പുണ്ടെങ്കില്‍, ജഡ്ജിക്ക് അശ്രദ്ധയോ പിഴവോ സംഭവിച്ചുവെന്ന അഭിപ്രായമുണ്ടെങ്കില്‍ അത് തിരുത്തിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. അപ്പീല്‍ കോടതിയില്‍ ഇതിനെ ചോദ്യം ചെയ്യാനാകും. ഇതിനു പകരം ജഡ്ജിയെ ഭീഷണിപ്പെടുത്തുകയും സാമൂഹികമായി അപമാനിക്കുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്ര സ്വഭാവത്തിന് കടുത്ത ഭീഷണിയും ഭരണഘടനക്കെതിരെയുള്ള വെല്ലുവിളിയുമാണ്. ജഡ്ജിമാര്‍ക്ക് നിയമം തുറന്നു പറയാനുള്ള അവകാശം നഷ്ടപ്പെട്ടാല്‍ സാധാരണ പൗരന്റെ നീതിലഭ്യതക്കുള്ള അവസാന പ്രതീക്ഷയും നഷ്ടമാകും.തബസ്സും ഖാന്റെ മതപരമായ സ്വത്വത്തെ മുന്‍നിര്‍ത്തിയാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ അധിക്ഷേപങ്ങള്‍ വന്നത്. കേസ് കൈകാര്യം ചെയ്യുന്ന ജഡ്ജിയുടെയോ വിചാരണ നേരിടുന്ന കുറ്റവാളിയുടെയോ മതം നോക്കി കോടതി വിധികളെ വിലയിരുത്തുന്ന നടപടി അത്യന്തം അപകടകരമാണ്. ജഡ്ജിമാരുടെ മാനസികാവസ്ഥയെ ഇത് ബാധിക്കാനിടയുണ്ട്. ഭാവിയില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്നോ വര്‍ഗീയ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്നോ രാഷ്ട്രീയ മേഖലയില്‍ നിന്നോ ഉണ്ടാകാനിടയുള്ള സൈബര്‍ ആക്രമണങ്ങളെ ഭയന്ന് സ്വതന്ത്രമായി വിധിപ്രസ്താവിക്കാന്‍ ജഡ്ജിമാര്‍ വിമുഖത കാണിച്ചേക്കാം. ഭയരഹിതമായ ജുഡീഷ്യറി എന്ന ആശയത്തെ ഇത് തകിടം മറിക്കും. ജഡ്ജിയുടെ കസേരയിലിരിക്കുന്നത് ഒരു വ്യക്തിയല്ല. ഹിന്ദുവോ മുസ്‌ലിമോ ക്രിസ്ത്യാനിയോ അല്ല. ഒരു ന്യായാധിപനാണ്. മറ്റൊരര്‍ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനയാണ്. അവിടെ മതവും ജാതിയും കടന്നുവരരുത്. സമൂഹത്തില്‍ നിന്ന് അത്തരം വിലയിരുത്തലുകളും ഉണ്ടാകരുത്.മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് വിവേക് അഗര്‍വാളും അവനീന്ദ്ര കുമാര്‍സിംഗും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഈ വിഷയത്തില്‍ കാണിച്ച ജാഗ്രത അഭിനന്ദനാര്‍ഹമാണ്. തബസ്സും ഖാനെതിരായ ഭീഷണി സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത ഡിവിഷന്‍ ബഞ്ച്, ജഡ്ജിക്ക് സംരക്ഷണം നല്‍കാന്‍ സംസ്ഥാന പോലീസിന് നിര്‍ദേശം നല്‍കുകയുണ്ടായി. ഇത്തരം സൈബര്‍ ഭീഷണികള്‍ ജഡ്ജിമാരുടെ ജുഡീഷ്യല്‍ സ്വഭാവത്തെയും നിര്‍ഭയമായ പ്രവര്‍ത്തനത്തെയും തടസ്സപ്പെടുത്തുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തു. നിര്‍ഭയമായ വിധിപ്രസ്താവങ്ങള്‍ക്കെതിരെ ഭീഷണി ഉയരുമ്പോള്‍, ഉന്നത കോടതികള്‍ തങ്ങള്‍ക്ക് തുണയുണ്ടാകുമെന്ന ബോധ്യം ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകരും.അതേസമയം കോടതികള്‍ക്ക് മാത്രം കൈകാര്യം ചെയ്യാനാകില്ല ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയുമായി ബന്ധപ്പെട്ട നടപടികള്‍. ഭരണകൂടത്തിന്റെയും നിയമപാലകരുടെയും നിസ്സീമ സഹകരണവും അനിവാര്യമാണ്. രാഷ്ട്രീയ താത്പര്യം കാരണമോ വോട്ട് ബേങ്ക് രാഷ്ട്രീയത്തെ ബാധിക്കുമെന്ന ആശങ്ക മൂലമോ പലപ്പോഴും അധികാരിവര്‍ഗം ഇത്തരം സുരക്ഷാ ഭീഷണികള്‍ക്കു നേരെ കണ്ണടക്കാറുണ്ട്. നിയമത്തെ വെല്ലുവിളിക്കുന്ന ആള്‍ക്കൂട്ട ശക്തികളെയും അവക്ക് പിന്നിലുള്ള രാഷ്ട്രീയ അജന്‍ഡകളെയും കര്‍ശനമായി അടിച്ചമര്‍ത്താന്‍ ഭരണകൂടം സന്നദ്ധമായില്ലെങ്കില്‍ ജുഡീഷ്യറിയുടെ പ്രസക്തി നഷ്ടപ്പെടും.ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യത്തിന്റെ ശക്തമായ തൂണുകളിലൊന്നാണ് സ്വതന്ത്രവും നിര്‍ഭയവുമായ ജുഡീഷ്യറി. ഭരണകൂടത്തിന് തെറ്റ് സംഭവിക്കുകയോ നിയമനിര്‍മാണ സഭ ഭൂരിപക്ഷ സമ്മര്‍ദത്തിന് വഴങ്ങുകയോ ചെയ്താല്‍ പിന്നീട് നീതിയെക്കുറിച്ചുള്ള പ്രതീക്ഷ അവശേഷിക്കുന്നത് കോടതികളിലാണ്. ഈ പ്രതീക്ഷയുടെ കേന്ദ്രബിന്ദുവാണ് ജഡ്ജിമാര്‍. അവര്‍ക്ക് ബാഹ്യശക്തികളെക്കുറിച്ചുള്ള ഭയത്തോടെ വിധി തയ്യാറാക്കേണ്ടി വന്നാല്‍ അന്ന് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കും. ഭൂരിപക്ഷാഭിപ്രായങ്ങള്‍ക്കോ തെരുവിലെ കോലാഹലങ്ങള്‍ക്കോ വഴങ്ങാതെ നിയമപുസ്തകവും ഭരണഘടനയും മാത്രം മാനദണ്ഡമാക്കി വിധിപ്രസ്താവിക്കാന്‍ ജഡ്ജിമാര്‍ക്ക് സാധിക്കണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് കോടതികളിലുള്ള വിശ്വാസവും രാജ്യത്തെ നിയമവ്യവസ്ഥയും നിലനില്‍ക്കുകയുള്ളൂ. Content Highlights:Madhya Pradesh High Court ordered police protection for Judge Tabassum Khan after she faced death threats and online abuse. The threats escalated following her verdict sentencing 14 cow vigilantes to life imprisonment for a 2022 mob lynching case. The court noted that cyber threats undermine the independent functioning of the judiciary.