യാത്രാവിലക്ക് ഉത്തരവുകൾ കൂടുതൽ വേഗത്തിൽ പുറപ്പെടുവിക്കുന്നതിന് സിവിൽ വാണിജ്യ നടപടിക്രമ നിയമത്തിൽ ഭേദഗതി വരുത്തി കുവൈത്ത്. യാത്രാവിലക്ക് അപേക്ഷകൾ പരിഗണിക്കുന്ന നടപടികൾ വേഗത്തിലാക്കുകയും കൂടുതൽ ജഡ്ജിമാർക്ക് ഇതിനുള്ള അധികാരം നൽകുകയും ചെയ്യുന്നതാണ് ഭേദഗതി.1980-ലെ ഡിക്രി നിയമം നമ്പർ 38ലെ ആർട്ടിക്കിൾ 297-നാണ് ഭേദഗതി വരുത്തിയത്. ഇതുവരെ പരിമിതമായ എണ്ണം ജഡ്ജിമാർക്കു മാത്രമായിരുന്നു യാത്രാവിലക്ക് അപേക്ഷകളിൽ ഉത്തരവിറക്കാനുള്ള അധികാരമുണ്ടായിരുന്നത്. പുതിയ ഭേദഗതിയോടെ കോടതി ജനറൽ അസംബ്ലി നിയോഗിക്കുന്ന ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ യോഗ്യരായ ജഡ്ജിമാർക്കും ഇത്തരം അപേക്ഷകൾ പരിഗണിച്ച് ഉത്തരവിറക്കാൻ സാധിക്കും.യാത്രാവിലക്ക് അപേക്ഷകളുടെ എണ്ണം വർധിച്ചതും അധികാരമുള്ള ജഡ്ജിമാരുടെ അപര്യാപ്തതയും കാരണം അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്ന സാഹചര്യം നിലനിന്നിരുന്നുവെന്ന് നിയമത്തിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. ചില കോടതികളിൽ ബന്ധപ്പെട്ട പദവിയിലുള്ള ജഡ്ജിമാരുടെ അഭാവവും നടപടികൾ വൈകാൻ കാരണമായിരുന്നു.പുതിയ ഭേദഗതിയിലൂടെ അപേക്ഷകൾ സമർപ്പിച്ച ഉടൻ തന്നെ അവ പരിഗണിച്ച് തീരുമാനമെടുക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഇതുവഴി നീതിന്യായ നടപടികളുടെ കാര്യക്ഷമത വർധിക്കുകയും യാത്രാവിലക്ക് ഉത്തരവുകൾ അനാവശ്യ കാലതാമസമില്ലാതെ നടപ്പാക്കാൻ സാധിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിയമഭേദഗതി പ്രാബല്യത്തിൽ വന്നു.The post യാത്രാവിലക്ക് ഉത്തരവുകൾ ഇനി വൈകില്ല; കുവൈത്തിൽ പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ appeared first on Kairali News | Kairali News Live.