അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ കാണിക്കപ്പണത്തിൽ കോടികളുടെ വൻ മോഷണം നടന്നതായി അന്വേഷണ റിപ്പോർട്ട്. പ്രതിദിനം 6 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയാണ് ജീവനക്കാർ ചേർന്ന് ക്ഷേത്രത്തിൽ നിന്നും തട്ടിയെടുത്തിരുന്നത്. ഇത്തരത്തിൽ മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതികൾ നയിച്ചിരുന്ന ആഡംബര ജീവിതം കണ്ട് അന്വേഷണ ഉദ്യോഗസ്ഥർ പോലും ഞെട്ടിയിരിക്കുകയാണ്. മാസം വെറും 14,000 – 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരാണ് ചുരുങ്ങിയ കാലം കൊണ്ട് ലക്ഷങ്ങളുടെ സ്വത്തുക്കൾ സമ്പാദിച്ചത്.മുൻപ് വെള്ളം വിറ്റിരുന്ന അവിനാഷ് ശുക്ല എന്ന പ്രതി അയോധ്യയിൽ സ്വന്തമായി വീട് വെക്കുകയും മാരുതി ബ്രെസ്സ കാർ വാങ്ങുകയും ചെയ്തു. ഡ്രൈവറായിരുന്ന രാംശങ്കർ യാദവ് എന്നയാൾ സ്വന്തമായി ഒരു ഹോസ്റ്റൽ തന്നെ നിർമ്മിച്ചു. മറ്റൊരു പ്രതിയായ ലവ്കുഷ് മിശ്ര വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതായും അന്വേഷണത്തിൽ കണ്ടെത്തി.സിസിടിവി ദൃശ്യങ്ങൾ മറച്ചുവെച്ചായിരുന്നു ജീവനക്കാർ പണം മോഷ്ടിച്ചിരുന്നത്. പണം എണ്ണുന്ന ജീവനക്കാർ പോക്കറ്റുകളില്ലാത്ത വസ്ത്രം ധരിക്കണമെന്ന കർശന നിയമം ഇവിടെ കാറ്റിൽപ്പറത്തി. പണം പോക്കറ്റുകളിലും സോക്‌സുകളിലും ഒളിപ്പിച്ച് ഇവർ കടത്തി. മോഷ്ടിക്കുന്ന പണം ആദ്യം ക്ഷേത്രത്തിലെ ശുചിമുറികളിൽ ഒളിപ്പിച്ചുവെക്കും. പിന്നീട് ചെറിയ തവണകളായി ഇത് പുറത്തെത്തിക്കുകയായിരുന്നു ഇവരുടെ രീതി.ഭക്തർ സമർപ്പിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങൾക്ക് കൃത്യമായ കണക്കുകൾ സൂക്ഷിക്കാതിരുന്നത് മോഷണം എളുപ്പമാക്കി. ഇപ്പോൾ പരിശോധനയുടെ ഭാഗമായി ലഭിച്ച 944 കിലോ വെള്ളി സർക്കാർ മിന്റിലേക്ക് അയച്ചിട്ടുണ്ട്. 2025-ലെ മഹാകുംഭ മേളയുടെ സമയത്താണ് (ജനുവരി 13 – ഫെബ്രുവരി 26) ഏറ്റവും കൂടുതൽ മോഷണം നടന്നതെന്ന് സംശയിക്കുന്നു. ഈ സമയത്തെ തിരക്ക് നിയന്ത്രിക്കാൻ വാരണാസിയിലെ ഒരു ഏജൻസി വഴി 40-45 അധിക ജീവനക്കാരെ പണം എണ്ണാനായി നിയമിച്ചിരുന്നു. ട്രസ്റ്റ് അംഗങ്ങളുടെ ശുപാർശയിലാണ് ഇവരിൽ പലരും ജോലിക്ക് കയറിയത്.മെയ് മാസത്തിൽ തന്നെ മോഷണത്തെക്കുറിച്ച് കൃത്യമായ തെളിവ് ലഭിച്ചിട്ടും ക്ഷേത്രത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്ന് ഭയന്ന് അധികൃതർ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. എന്നാൽ, കാണിക്കപ്പണം ബാങ്കിൽ നിക്ഷേപിച്ചതിലെ വ്യത്യാസം പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ യഥാർത്ഥ വ്യാപ്തി പുറത്തുവന്നത്.The post അയോധ്യ; മാസം 14,000 – 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന താൽക്കാലിക ജീവനക്കാർ ചുരുങ്ങിയ കാലം കൊണ്ട് സമ്പാദിച്ചത് ലക്ഷങ്ങളുടെ സ്വത്തുക്കൾ appeared first on ഇവാർത്ത | Evartha.