ആര് കെട്ടും ഗോൾഡൻ ബൂട്ട്

Wait 5 sec.

കോഴിക്കോട് | അട്ടിമറികളും ആവേശ മത്സരങ്ങളുമായി ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടർ മത്സരങ്ങളിലേക്കെത്തിയപ്പോൾ ഗോൾഡൻ ബൂട്ട് പട്ടത്തിനായുള്ള പോരാട്ടവും മുറുകുന്നു. ഏഴ് വീതം ഗോളുകളുമായി അർജന്റീന നായകൻ ലയണൽ മെസ്സിയും ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുമാണ് പട്ടികയിൽ മുന്നിൽ. അഞ്ച് ഗോളുകളുമായി നോർവേയുടെ എർലിംഗ് ഹാലൻഡും ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നും തൊട്ടു പിന്നിലുണ്ട്. ഫ്രാൻസിന്റെ ഔസ്മാനെ ഡെംബലെ, സ്‌പെയിനിന്റെ മികേൽ ഒയാർസബാൽ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ നാല് ഗോളുകൾ നേടി. സെനഗലിന്റെ ഇസ്മാഈല സാറും നാല് ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ടീം ടൂർണമെന്റിൽ നിന്ന് പുറത്തായി.തങ്ങളുടെ ക്വാർട്ടർ മത്സരങ്ങൾ തുടങ്ങുന്നതിന് മുന്പുതന്നെ മെസ്സിയും എംബാപ്പെയും ഏഴ് വീതം ഗോളുകൾ സ്‌കോർ ചെയ്തിരിക്കുന്നു എന്നത് തന്നെയാണ് ഇത്തവണത്തെ ടോപ് സ്‌കോറർ പോരാട്ടത്തിന്റെ പ്രത്യേകത. ടീം ജയിച്ചു മുന്നേറിയാൽ ഫൈനൽ വരെ ഇനി മൂന്ന് കളികൾ വീതം ഇവർക്ക് ലഭിക്കും. ഇതിൽനിന്നും എത്ര ഗോളുകൾ കണ്ടെത്താൻ കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പുരസ്‌കാര നേട്ടം.അതോടൊപ്പം ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്ന മറ്റൊരു കൗതുകവുമുണ്ട്. നിലവിലെ സ്‌കോറിംഗ് മികവ് തുടർന്നാൽ, ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർഡ് മെസ്സിയും എംബാപ്പെയും മറികടക്കുമോ എന്നതാണത്. ഒരു ടൂർണമെന്റിൽ ഏറ്റവും ഗോളുകൾ നേടിയ റെക്കോർഡ് നിലവിൽ ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടെയ്‌നാണ്- 13 ഗോളുകൾ. 1958ൽ സ്വീഡനിൽ നടന്ന ടൂർണമെന്റിലാണ് ഫോണ്ടെയ്ൻ ഈ നേട്ടത്തിനുടമയായത്. 1954ൽ ഹംഗറിയുടെ സാൻഡോർ കോച്ചിസ് 11 ഗോളുകൾ നേടിയിരുന്നു. 1970ൽ പശ്ചിമ ജർമനിയുടെ ഗെർഡ് മുള്ളർ പത്ത് ഗോളുകളടിച്ചു. ഒന്പത് ഗോളുകളുമായി പോർച്ചുഗലിന്റെ യുസേബിയോ (1966), എട്ട് ഗോളുകളുമായി അർജന്റീനയുടെ ഗില്ലെർമോ സ്റ്റാബിൽ (1930), ബ്രസീലിന്റെ അഡെമിർ (1950), ബ്രസീലിന്റെ റൊണാൾഡോ (2002) എന്നിവർ പിന്നിലുണ്ട്.ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും റൗണ്ട് ഓഫ് 32 നോക്കൗട്ട് മത്സരത്തിലുമടക്കം ഏഴ് വീതം ഗോളുകൾ നേടിയ എംബാപ്പെക്കും തങ്ങളുടെ ടീമുകൾ ടൂർണമെന്റിൽ മുന്നേറുകയാണെങ്കിൽ റെക്കോർഡ് മറികടക്കുക പ്രയാസമുള്ള കാര്യമല്ല. 2022ലെ ഖത്വർ ലോകകപ്പിൽ എട്ട് ഗോളുകളുമായി എംബാപ്പെ ടോപ് സ്‌കോററായിരുന്നു.നിലവിൽ ലോകകപ്പ് മത്സരങ്ങളിൽ കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിലും ഒന്നാം സ്ഥാനത്ത് മെസ്സിയാണ്- 20 ഗോളുകൾ. തൊട്ടുപിന്നിൽ 19 ഗോളുകളുമായി എംബാപ്പെയും. ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകൾ എന്ന റെക്കോർഡും ഈ ലോകകപ്പിൽ ഇരുവർക്കും മുന്നിൽ തകർന്നുവീണിരിക്കുകയാണ്. മെസ്സിയും എംബാപ്പെയും ഇനി നേടുന്ന ഓരോ ഗോളുകളും റെക്കോർഡ് പുസ്തകത്തിൽ ഇടം നേടുമെന്നുറപ്പ്. നിലവിൽ തുടർച്ചയായ എട്ട് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് മെസ്സിക്കൊപ്പമാണ്. ഖത്വർ ലോകകപ്പിന്റെ അവസാന നാല് മത്സരങ്ങളിലും താരം ഗോൾ കണ്ടെത്തിയിരുന്നു. ഈ രണ്ട് പേരല്ലെങ്കിൽ അഞ്ച് ഗോളുകൾ നേടിയ എർലിംഗ് ഹാൻഡും ഹാരി കെയ്‌നും ടോപ് സ്‌കോറർ പദവി നേടാനുള്ള സാധ്യതയും നിലനിൽക്കുന്നു. Content Highlights:The race for the World Cup Golden Boot intensifies as Lionel Messi and Kylian Mbappe lead with seven goals each. Trailing closely behind are Erling Haaland and Harry Kane with five goals as the tournament enters the quarter-finals. Both star forwards have also broken Miroslav Klose’s all-time tournament goals record.