പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2026 ഫിഫ ലോകകപ്പ് തന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.പ്രീ-ക്വാർട്ടറിൽ കരുത്തരായ സ്പെയിനിനെ നേരിടുന്നതിന് മുന്നോടിയായി ടെക്സാസിലെ ഡാലസ് സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് വികാരനിർഭരവും എന്നാൽ ആത്മവിശ്വാസം നിറഞ്ഞതുമായ വാക്കുകളോടെ 41-കാരനായ പോർച്ചുഗൽ നായകൻ മനസ്സ് തുറന്നത്.ലോകകപ്പ് കിരീടമില്ലാതെ കരിയർ അവസാനിപ്പിക്കേണ്ടി വന്നാൽ അത് തന്റെ ലെഗസിയെ ബാധിക്കുമോ എന്ന ചോദ്യത്തിന് വളരെ ശാന്തമായാണ് റൊണാൾഡോ മറുപടി നൽകിയത്.“ഇത് എന്റെ അവസാനത്തെ ലോകകപ്പായിരിക്കും. വരാനിരിക്കുന്ന മത്സരം എന്റെ കരിയറിലെ അവസാനത്തേതാകരുതെന്ന് മാത്രമേ എനിക്ക് പ്രാർത്ഥിക്കാനുള്ളൂ, ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിലാണ്.എനിക്ക് ജീവിതത്തിൽ ഒന്നിന്റെയും കുറവില്ല. ദൈവം എന്നോട് വളരെ ഉദാരമായി പെരുമാറിയിട്ടുണ്ട്. ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും ഞാൻ ‘കൂടുതൽ ക്രിസ്റ്റ്യാനോയോ’ ‘കുറഞ്ഞ ക്രിസ്റ്റ്യാനോയോ’ ആകാൻ പോകുന്നില്ല.”കഴിഞ്ഞ 23 വർഷമായി ആളുകൾ എന്നെ നിരന്തരം കൊല്ലാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമ ആക്രമണങ്ങളെ വിമർശിച്ചുകൊണ്ട് റൊണാൾഡോ പറഞ്ഞു. എന്നാൽ അതിനൊന്നും വലിയ പ്രാധാന്യം നൽകേണ്ടതില്ല, അതെല്ലാം ഫുട്ബോളിന്റെ ഭാഗമാണ്. പോർച്ചുഗലിലെ ജനങ്ങൾക്ക് ഞങ്ങളിൽ എപ്പോഴും വിശ്വാസമുണ്ട്, അവർ എപ്പോഴും എന്റെ പക്ഷത്തുണ്ട്. ബാക്കിയുള്ളതെല്ലാം വെറും ചവറുകളാണ്”താൻ പഴയതുപോലെ വേഗതയുള്ള കളിക്കാരനല്ലെന്ന് റൊണാൾഡോ സമ്മതിച്ചെങ്കിലും, ഈ ടൂർണമെന്റിൽ ഇതുവരെ മൂന്ന് ഗോളുകൾ നേടി താൻ മോശമല്ലാത്ത ഫോമിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.“ആ ദിവസം (വിരമിക്കൽ) എപ്പോഴായാലും വരും. എന്നാൽ ഒന്നുറപ്പാണ്, നാളെ എന്ത് സംഭവിച്ചാലും 100 ശതമാനമല്ല, 1,000 ശതമാനം ശുദ്ധമായ മനസ്സാക്ഷിയോടെയായിരിക്കും ഞാൻ കളം വിടുക. കാരണം ഫുട്ബോളിനായി എന്റെ ശരീരവും ആത്മാവും ഞാൻ സമർപ്പിച്ചിട്ടുണ്ട്. എനിക്ക് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല, ഫുട്ബോളിനോടുള്ള കടുത്ത പ്രണയം കൊണ്ടാണ് ഞാൻ ഇപ്പോഴും കളിക്കുന്നത്.”സ്പെയിനിനെതിരെയുള്ള ‘ഐബീരിയൻ ഡെർബി’ പോരാട്ടത്തിൽ പോർച്ചുഗൽ പരാജയപ്പെട്ടാൽ, അത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുടെ കണ്ണീരോടെയുള്ള പടിയിറക്കമായി മാറും. എന്നാൽ സമ്മർദ്ദങ്ങളില്ലാതെ, ഓരോ ദിവസവും ആസ്വദിച്ച് കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.The post 23 വർഷമായി അവരെന്നെ കൊല്ലാൻ ശ്രമിക്കുന്നു; മനസ്സ് തുറന്ന് റൊണാൾഡോ appeared first on Arabian Malayali.