ഡിജിറ്റൽ യുഗത്തിൽ കാർ മോഷണങ്ങളും ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത രീതിയിലുള്ള വാതിൽ പൊളിക്കലോ ഗ്ലാസ് തകർക്കലോ ഇല്ലാതെ നിമിഷങ്ങൾക്കകം കാറുകൾ മോഷ്ടിക്കുന്ന സൈലന്റ് കാർ തെഫ്റ്റ് (Silent Car Theft) രീതിയാണ് ഇപ്പോൾ മോഷ്ടാക്കൾ പ്രയോഗിക്കുന്നത്. കീലെസ് കാറുകളുടെ സിഗ്നലുകൾ ചോർത്തി കാർ അൺലോക്ക് ചെയ്ത് സ്റ്റാർട്ട് ചെയ്ത് ആരുമറിയാതെ ഓടിച്ചുകൊണ്ടുപോകുന്ന മോഷണ രീതിയാണിത്.കീലെസ് (Keyless) കാറുകളുടെ സുഖസൗകര്യങ്ങൾ വർദ്ധിച്ചതോടെയാണ് ഇത്തരം സുരക്ഷാ ഭീഷണികളും ഉയർന്നുവന്നത്. ഇത്തരം കാറുകളുടെ കീ ഫോബ് എപ്പോഴും ഒരു കുറഞ്ഞ ശേഷിയുള്ള റേഡിയോ സിഗ്നൽ (Radio Signal) പുറപ്പെടുവിച്ചു കൊണ്ടിരിക്കും. കാറിന് സമീപം കീ എത്തുമ്പോൾ വാതിലുകൾ സ്വയം തുറക്കുകയും എൻജിൻ സ്റ്റാർട്ട് ചെയ്യാൻ സാധിക്കുകയും ചെയ്യുന്നത് ഈ സാങ്കേതികവിദ്യ വഴിയാണ്. എന്നാൽ മോഷ്ടാക്കൾ ഈ സിഗ്നലുകൾ ദുരുപയോഗം ചെയ്താണ് റിലേ അറ്റാക്ക് (Relay Attack) നടത്തുന്നത്.രണ്ട് മോഷ്ടാക്കൾ ചേർന്നാണ് സാധാരണയായി ഈ കൃത്യം ചെയ്യുന്നത്. ഒരു മോഷ്ടാവ് കാറിന്റെ കീ വീടിനുള്ളിൽ ഇരിക്കുന്ന ഭാഗത്തിന് സമീപം സിഗ്നൽ പിടിച്ചെടുക്കാൻ ശേഷിയുള്ള ഇലക്ട്രോണിക് ഉപകരണവുമായി നിൽക്കും. രണ്ടാമത്തെയാൾ കാറിന് സമീപവും നിലയുറപ്പിക്കും. കീയിൽ നിന്നുള്ള സിഗ്നലുകൾ ചോർത്തി കാറിലേക്ക് റിലേ ചെയ്യുന്നതിലൂടെ യഥാർത്ഥ കീ ഫോബ് സമീപത്തുണ്ടെന്ന് കാറിന്റെ കമ്പ്യൂട്ടർ സിസ്റ്റം തെറ്റിദ്ധരിക്കുകയും വാതിലുകൾ തുറന്ന് എൻജിൻ സ്റ്റാർട്ട് ആകുകയും ചെയ്യുന്നു. വെറും മുപ്പത് സെക്കൻഡിനുള്ളിൽ യാതൊരു ശബ്ദവുമുണ്ടാക്കാതെ കാറുമായി മോഷ്ടാക്കൾ കടന്നുകളയും.കീ അലുമിനിയം ഫോയിലിൽ പൊതിഞ്ഞാൽ രക്ഷപ്പെടാമോ?ഈ സിഗ്നൽ ചോർച്ച തടയാനാണ് പലരും അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത്. കീ ഫോബ് അലുമിനിയം ഫോയിലിൽ പൂർണ്ണമായും പൊതിയുമ്പോൾ അതൊരു ഫാരഡേ കേജ് (Faraday Cage) പോലെ പ്രവർത്തിക്കുകയും സിഗ്നലുകൾ പുറത്തുപോകുന്നത് തടയുകയും ചെയ്യും. ഭൗതികശാസ്ത്ര തത്വപ്രകാരം ഇത് സിഗ്നൽ തടയാൻ സഹായിക്കുമെങ്കിലും ഇതൊരു ശാശ്വത പരിഹാരമല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.ഫോയിൽ പേപ്പർ എളുപ്പത്തിൽ കീറിപ്പോകാൻ സാധ്യതയുള്ളതിനാലും ചെറിയ വിടവുകൾ പോലും സിഗ്നൽ പുറത്തുപോകാൻ കാരണമാകുമെന്നതിനാലും ഇത് പൂർണ്ണ സുരക്ഷിതമല്ല. കൂടാതെ ദിവസവും കീ ഫോയിൽ പേപ്പറിൽ പൊതിയുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. കാർ മോഷണം തടയാൻ മറ്റ് ഡിജിറ്റൽ സാങ്കേതികവിദ്യകളും മോഷ്ടാക്കൾ ഉപയോഗിക്കാറുണ്ട്.സുരക്ഷാ മുൻകരുതലുകൾഇത്തരം സൈലന്റ് മോഷണങ്ങളിൽ നിന്നും വാഹനങ്ങളെ സംരക്ഷിക്കാൻ സുരക്ഷാ വിദഗ്ദ്ധർ ചില പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. കാറിന്റെ കീകൾ വീടിന്റെ മുൻവാതിലുകൾക്കോ ജനലുകൾക്കോ സമീപം വെയ്ക്കാതെ ഉള്ളിലായി സൂക്ഷിക്കുക എന്നതാണ് ആദ്യപടി. അലുമിനിയം ഫോയിലിന് പകരം സിഗ്നലുകൾ കൃത്യമായി തടയുന്ന ഫാരഡേ പൗച്ച് (Faraday Pouch) ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതത്വം നൽകും. നിങ്ങളുടെ വാഹനത്തിൽ കീലെസ് എൻട്രി ഫീച്ചറുകൾ ഓഫ് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്താം.ഇതിനുപുറമേ സ്റ്റിയറിംഗ് വീൽ ലോക്കുകൾ പോലുള്ള പരമ്പരാഗത സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് മോഷ്ടാക്കൾക്ക് കടുത്ത വെല്ലുവിളി ഉയർത്തും. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ കീ എവിടെയാണ് ഇരിക്കുന്നത് എന്നതിനെക്കുറിച്ച് എപ്പോഴും ശ്രദ്ധയുണ്ടായിരിക്കണമെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. Content highlightsModern thieves use electronic relay attacks to steal keyless cars silently in less than thirty seconds by cloning key fob signals. Wrapping keys in aluminum foil acts as a temporary Faraday cage but is not a permanent or foolproof security solution. Experts recommend using proper Faraday pouches, disabling keyless features, and installing visible steering wheel locks to enhance vehicle safety.