ജീവിതം നിങ്ങളുടെ മുന്നിൽ ഒരു വാതിൽ കൊട്ടിയടച്ചാൽ എന്തുചെയ്യും..? ഭിന്നശേഷിയുള്ളവരുടെ ഉത്തരം ഒന്നേയുള്ളൂ. അവർ ആ വാതിൽ തുറക്കും. ചിലപ്പോൾ അതിലൂടെ അവർ പുതിയൊരു ലോകം തന്നെ സൃഷ്ടിക്കും.ഇത് മുഹമ്മദ് റയാൻ. ചെറുപ്രായത്തിൽ തന്നെ നിരവധി അംഗീകാരങ്ങളും അവസരങ്ങളും നേടിയ മിടുക്കൻ. റയാന്റെത് അതിജീവനത്തിന്റെ കഥയല്ല. ചേർന്നുനിന്ന് നേടിയ വിജയത്തിന്റെ കഥയാണ്. ചേർത്തുപിടിക്കാൻ കൈകളുണ്ടെങ്കിൽ നേടുന്നത് ഒരു ജീവിതം തന്നെയാണ്. ആ ചേർത്തുപിടിക്കലാണ് അവർക്ക് ആത്മവിശ്വാസവും അവസരവും അംഗീകാരവും നേടിക്കൊടുക്കുന്നത്.മാതാപിതാക്കളുടെ കൈകൾ, അധ്യാപകരുടെ കരുതൽ, കൂട്ടുകാരുടെ ചിരി ഇവയെല്ലാം ചേർത്തുപിടിച്ചപ്പോൾ റയാൻ നേടിയത് പരിമിതികളെ പൊട്ടിച്ചെറിഞ്ഞ് പറക്കാനുള്ള ചിറകുകൾ കൂടിയാണ്. കാനഡയിലെ ദേശീയതലത്തിലുള്ള ‘റിക് ഹാന്‍സന്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍ പ്രോഗ്രാം-2026 ഡിഫറന്‍സ് മേക്കര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം നേടിയ മലയാളി വിദ്യാര്‍ഥി മുഹമ്മദ് റയാന് പറയാനുണ്ട് മനക്കരുത്തിന്റെയും കരുതലിന്റെയും ഉള്‍ച്ചേര്‍ച്ചയുടെയും കഥകള്‍. ശാരീരിക – മാനസിക വെല്ലുവിളികള്‍ക്കിടയിലും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കും ഉള്‍ച്ചേരലിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ റയാന്‍, തന്റെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ച് കാനഡയിലെ നോവാ സ്‌കോഷ്യയിലെ കുടിയേറ്റ സമൂഹങ്ങള്‍ക്കിടയിലും ജന്മനാടായ കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്കിടയിലും നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മലപ്പുറം മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് സ്‌പെഷ്യല്‍ സ്‌കൂളിലെയും ലൈഫ് ഷോര്‍ റിഹാബിലിറ്റേഷന്‍ സെന്ററിലെയും പൂര്‍വവിദ്യാര്‍ഥി കൂടിയായ മുഹമ്മദ് റയാന്‍. കാനഡയിലെ പ്രമുഖ സന്നദ്ധസംഘടനയായ റിക് ഹാന്‍സണ്‍ ഫൗണ്ടേഷന്‍ ദേശീയ ആക്‌സസിബിലിറ്റി വാരാചരണത്തിന്റെ ഭാഗമായി നല്‍കുന്ന പുരസ്‌കാരം ഭിന്നശേഷി മേഖലയിലെ നേതൃത്വത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുന്നതാണ്.കാനഡയിലെ പ്രമുഖ പാരാലിമ്പിക് കായികതാരവും ഭിന്നശേഷി മേഖലയിലെ സാമൂഹിക പ്രവര്‍ത്തകനുമായ റിക് ഹാന്‍സന്‍“Man In Motion World Tour’ എന്ന പ്രശസ്തമായ വീല്‍ചെയര്‍ യാത്രയിലൂടെ 34 രാജ്യങ്ങളിലായി 40,000 കിലോമീറ്ററിലധികം സഞ്ചരിച്ച് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി ആഗോള ബോധവത്കരണം നടത്തിയ വ്യക്തിയാണ്.ഇന്‍ക്ലൂഷ്യന്‍ നോവ സ്‌കോഷ്യ, നോവ സ്‌കോഷ്യ ലീഗ് ഫോര്‍ ഈക്വല്‍ ഓപോര്‍ചുനിറ്റീസ്, ഈസ്റ്റര്‍ സീല്‍സ് നോവ സ്‌കോഷ്യ, ഹാലിഫാക്‌സ് മലയാളി അസ്സോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതില്‍ സജീവമാണ് ഈ പത്ത് വയസ്സുകാരന്‍.കാനഡയില്‍ ലഭ്യമായ മികച്ച സേവനങ്ങളും സംവിധാനങ്ങളും പഠിച്ച് അവ കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്കും കാനഡയിലെ പുതു കുടിയേറ്റ സമൂഹങ്ങള്‍ക്കുമിടയില്‍ പങ്കുവെക്കാനും സജീവമായി ശ്രമിക്കുന്ന റയാന്‍ 2025ല്‍ Partnership for Access Awareness Nova Scotia നല്‍കുന്ന ഹവര്‍ഗ്ലാസ് ആക്്ഷന്‍ അവാര്‍ഡ് യംഗ് ചാമ്പ്യന്‍ പുരസ്‌കാരവും നേടിയിരുന്നു. 2024ല്‍ Make A Wish Foundation സംഘടിപ്പിച്ച പ്രത്യേക അമേരിക്കന്‍ പര്യടനത്തിനും റയാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷി മേഖലയിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി മാതാപിതാക്കളുടെ പിന്തുണയോടെ “റയാന്‍ ഫൗണ്ടേഷന്‍’ എന്ന പേരില്‍ ഒരു സന്നദ്ധ സംഘടനയും ഇപ്പോള്‍ രൂപവത്കരിച്ചിട്ടുണ്ട്.കാനഡയിലേക്കുള്ള മാറ്റംസെറിബ്രല്‍ പള്‍സി ബാധിച്ച റയാന് മികച്ച ഭാവി സമ്മാനിക്കുന്നതിനാണ് മാതാപിതാക്കളായ മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് ബോര്‍ഡ് അംഗവും നോവാസ്‌കോഷ്യ സര്‍ക്കാറിന്റെ ഭിന്നശേഷി മേഖലയിലെ ഉപദേഷ്ടാവുമായ മുഹമ്മദ് അസ്‌റത്തും അധ്യാപികയായ റീമ ഇബ്‌റാഹീമും 2022ല്‍ കാനഡയിലേക്ക് പറന്നത്. പിന്നീട് നിരന്തര പ്രയത്നങ്ങളുടെയും പ്രതീക്ഷകള്‍ മങ്ങാത്ത ചുവടുവെപ്പുകളുടെയും ദിനങ്ങളായിരുന്നു.2016 ജനുവരി 26ന് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലാണ് റയാന്റെ ജനനം. ജനിച്ച് പത്താം മാസം മുതല്‍ അപസ്മാര ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കാര്യമായ ഫലം കണ്ടില്ല. വെന്റിലേറ്ററില്‍ കഴിയേണ്ട സാഹചര്യവുമുണ്ടായി. കുട്ടിയില്‍ പ്രകടമായ ലക്ഷണങ്ങളില്‍ മാതാപിതാക്കള്‍ തളര്‍ന്നില്ല. സ്‌കൂളില്‍ ചേര്‍ക്കാനോ പഠിക്കാനോ സാധിക്കാത്തതില്‍ വിഷമമുണ്ടായിരുന്നെങ്കിലും വിധിയില്‍ ക്ഷമിച്ചും പ്രതീക്ഷകള്‍ കൈവിടാതെയും അവര്‍ മനക്കരുത്ത് നേടി. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങി. കേരളത്തില്‍ ഭിന്നശേഷി കുട്ടികളും മാതാപിതാക്കളും അനുഭവിക്കുന്ന ദുരിതങ്ങളും വെല്ലുവിളികളും നിരവധിയാണെന്ന് അസ്റത്തും കുടുംബവും മനസ്സിലാക്കി. വിദ്യ നേടാനുള്ള വാതിലുകള്‍ നന്നേ കുറവും. മകന്റെ ഭാവി ചോദ്യചിഹ്നമായപ്പോഴാണ് അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഭിന്നശേഷി കുട്ടികളുള്ള ഒരു സുഹൃത്തിന്റെ നിര്‍ദേശപ്രകാരം കാനഡയിലേക്ക് കുടിയേറാന്‍ തീരുമാനിച്ചത്.ചേര്‍ത്തുപിടിച്ച് കാനഡഎല്ലാ വിഭാഗം വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ രീതിയാണ് കാനഡയിലുള്ളത്. ഭിന്നശേഷി കുട്ടികളെ മാറ്റിനിര്‍ത്തിയുള്ള പ്രത്യേക പഠനരീതിക്ക് പകരം സാധാരണക്കാരായ കുട്ടികളോടൊപ്പം ചേര്‍ന്ന് പഠനം നടത്തുന്നത് റയാനില്‍ അതിവേഗം മാറ്റങ്ങള്‍ ഉടലെടുക്കാന്‍ കാരണമായി. എട്ട് വയസ്സ് വരെ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ റയാന്‍ ഇപ്പോള്‍ സ്വന്തം റൂമില്‍ തന്നെ ഉറങ്ങാനുള്ള പ്രാപ്തിയും ശേഷിയും കൈവരിച്ചിരിക്കുന്നു. റയാന് കൂടി സൗകര്യപ്പെടുന്നൊരു വീട്ടിലേക്ക് ഈയടുത്ത് മാറുകയും ചെയ്തു. മറ്റു കുട്ടികളെ പോലെ തന്റെ ഇഷ്ടങ്ങളിലും താത്പര്യങ്ങളിലും വിനോദങ്ങളിലും ഏര്‍പ്പെടാന്‍ അവന്‍ കരുത്തുനേടി. മാറ്റിനിര്‍ത്തലുകള്‍ക്ക് പകരം ചേര്‍ത്തുപിടിക്കലിന്റെയും പരിഗണനയുടെയും വാതിലുകള്‍ തുറന്നിട്ടതോടെ റയാനെ പോലെ നിരവധി കുട്ടികള്‍ ഇവിടെ അതിജീവിച്ച് മുന്നേറി. എല്ലാവരുടെയും കൂടെക്കൂട്ടുമ്പോള്‍ ഭിന്നശേഷിക്കാരില്‍ സഹാനുഭൂതിയുടെയും സ്വാതന്ത്യത്തിന്റെയും വേരുകള്‍ പടരും.റെസ്‌പെയ്റ്റ് കെയര്‍ പദ്ധതിയിലൂടെ കുട്ടികളെ പരിചരിക്കാന്‍ സ്റ്റാഫിനെ നിര്‍ത്താം. ഇവര്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ തന്നെ നല്‍കും. എവിടെയും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടുള്ള വിരട്ടലോ പിടിച്ചിടലോ ഇല്ല. സ്നേഹത്തിന്റെയും കരുതലിന്റെയും ഇടങ്ങള്‍ ധാരാളം അനുഭവിക്കുന്നതുകൊണ്ട് അതിജീവനവും അനായാസം കൈവരുന്നുവെന്നത് ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാനഡ പോലുള്ള രാജ്യങ്ങള്‍ നല്‍കുന്ന മികച്ച മാതൃകയും സന്ദേശവുമാണ്.അതിര്‍ത്തികള്‍ക്കപ്പുറം കൂടുതല്‍ ഉള്‍ച്ചേരലുള്ള ലോകം നമുക്ക് ഒരുമിച്ച് നിര്‍മിക്കാമെന്ന സന്ദേശമാണ് റയാന്റെ നേട്ടങ്ങള്‍ നല്‍കുന്നതെന്നും ഇത് മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിന്റെ നേട്ടമാണെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. ഹസ്്വ ഫാത്വിമയാണ് റയാന്റെ ഏക സഹോദരി. റയാന്റെയും കുടുംബത്തിന്റെയും ഇത്തരം പ്രവർത്തനങ്ങളെല്ലാം ഭിന്നശേഷി മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്താനും പുതിയ രീതികൾ പഠിക്കാനും ആവിഷ്കരിക്കാനും സഹായിക്കും. കേരളത്തിലെ ഭിന്നശേഷി മേഖലക്ക് തന്നെ ദിശാബോധം നൽകാൻ കഴിയുന്ന സംവിധാനങ്ങൾ ഇവരിൽ നിന്ന് തന്നെ പഠിക്കാനാകും. കാനഡയിലെ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള നൂതനവും പ്രായോഗികവുമായ പദ്ധതികൾ കേരളത്തിലും നടപ്പാക്കിയാൽ ഭിന്നശേഷി മേഖലയിൽ ഒരുപാട് പേർക്ക് ആശ്വാസമാകും.Content Highlights:Muhammed Rayan, a ten-year-old boy from Sultan Bathery, Kerala, has won Canada’s prestigious Rick Hansen Foundation School Program 2026 Difference Maker of the Year award. He is the first Indian and youngest individual to receive this honor for his outstanding advocacy for disability rights. Rayan, who has cerebral palsy, actively promotes inclusivity across Nova