മനാമ: പ്രവാസലോകത്ത് കേരളീയ പാരമ്പര്യത്തിന്റെയും കലകളുടെയും തനിമ വിളിച്ചോതി ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിച്ച ‘പാർവതി പരിണയം’ നൃത്തനാടകം ശ്രദ്ധേയമായി. സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’-ന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിരയ്ക്ക് മനോഹരമായ ആമുഖമായാണ് ഈ കലാവിരുന്ന് വേദിയിലെത്തിയത്.ഡോ. റിങ്കു ജോസ്, ഡോ. അനിത കുമാരി എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട നൃത്തനാടകം കാണികൾക്ക് അപൂർവ്വ ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. അജിത് നായരുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ കഥയ്ക്ക് ഗുരു ശ്രീനേഷ് ശ്രീനിവാസൻ നൃത്തസംവിധാനം നിർവ്വഹിച്ചു.പുരാണങ്ങളിലെ ആഴമേറിയ കഥാസന്ദർഭങ്ങളും പൗരാണിക ഈണങ്ങളും കോർത്തിണക്കി പാട്ടിന്റെയും അഭിനയത്തിന്റെയും അകമ്പടിയോടെ അവതരിപ്പിച്ച ഈ മ്യൂസിക്കൽ ഡാൻസ് ഡ്രാമ, നാടൻ കലാരൂപങ്ങളുടെയും ഭക്തിസാന്ദ്രമായ സംസ്കാരത്തിന്റെയും നേർക്കാഴ്ചയായി മാറി. പരമശിവന്റെയും പാർവതീദേവിയുടെയും കഥകളെയും ഐതിഹ്യങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ദൃശ്യാവിഷ്കാരം, സമാജത്തിന്റെ വേദിയിൽ തിരുവാതിരയുടെ തനതായ ലാവണ്യവും കൂട്ടായ്മയുടെ ഊർജ്ജവും പ്രതിഫലിപ്പിച്ചു.ബി.കെ.എസ്. വനിതാ വേദിയുടെ ഒത്തൊരുമയും ആത്മാർത്ഥതയും പ്രകടമായ ഈ പ്രകടനം, കാലമെത്ര കഴിഞ്ഞാലും പ്രവാസ മണ്ണിൽ മലയാളി സംസ്കാരവും പൈതൃകവും ജീവസ്സുറ്റതായി നിലനിൽക്കുമെന്നതിന്റെ സാക്ഷ്യപത്രമായി മാറി. സമാജം ഭാരവാഹികളും പ്രവാസി മലയാളികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ചടങ്ങിൽ സാക്ഷ്യം വഹിക്കാനെത്തിയത്.The post ‘ശ്രാവണം 2026’: ബി.കെ.എസ് വേദിയിൽ വർണ്ണാഭമായി ‘പാർവതി പരിണയം’ നൃത്തനാടകം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.