ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്കായി സൗജന്യമായി തത്സമയ ബസ് ട്രാക്കിംഗ് ആപ്പ് നിലവിൽ വന്നു

Wait 5 sec.

മനാമ: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത സംവിധാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുമായി ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ‘ഡി.സി പേരന്റ് ആപ്’ വഴി തത്സമയ സ്കൂൾ ബസ് ട്രാക്കിംഗ് സംവിധാനം ആരംഭിച്ചു. 2026 ഒക്ടോബർ 1 മുതൽ റിഫ കാമ്പസിൽ പ്രാഥമികമായി നടപ്പിലാക്കിയ ഈ സേവനം വഴി രാവിലെയും ഉച്ചയ്ക്കും ബസിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും. ഘട്ടംഘട്ടമായി ഈ സേവനം ഇസ ടൗൺ കാമ്പസിലേക്കും വ്യാപിപ്പിക്കും. ഈ സൗകര്യത്തിന് അധിക സബ്‌സ്‌ക്രിപ്‌ഷനോ പ്രവർത്തന ഫീസോ ഈടാക്കില്ലെന്നും രക്ഷിതാക്കൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും ഈ സേവനമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.മൊബൈലിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഈ ആപ്പിലൂടെ ബസിന്റെ നിലവിലെ സ്ഥാനം, യാത്രാ പുരോഗതി, പൂർത്തിയാക്കിയതും വരാനിരിക്കുന്നതുമായ സ്റ്റോപ്പുകൾ എന്നിവ വ്യക്തമായി കാണാൻ സാധിക്കും. കൂടാതെ ബസ് എത്തിച്ചേരുന്ന സമയം സംബന്ധിച്ച് കൃത്യമായ അറിയിപ്പുകളും ലഭിക്കും. ഇത് ബസ് സ്റ്റോപ്പുകളിൽ അനാവശ്യമായി കാത്തുനിൽക്കുന്നത് ഒഴിവാക്കാനും സമയബന്ധിതമായി കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനും സഹായിക്കും.സ്‌കൂളിലെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും, യാതൊരു അധിക ചെലവുമില്ലാതെ മികച്ച സേവനം രക്ഷിതാക്കളിലേക്ക് എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗ്ഗീസ് പറഞ്ഞു. റിഫ കാമ്പസിലെ കുട്ടികളുടെ രക്ഷിതാക്കൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ‘DC Parent App’-ന്റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യുകയോ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.The post ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്കായി സൗജന്യമായി തത്സമയ ബസ് ട്രാക്കിംഗ് ആപ്പ് നിലവിൽ വന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.