ഡിജിറ്റല്‍ തടവറയില്‍ നിന്ന് കുട്ടികളെ രക്ഷിക്കണം

Wait 5 sec.

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നിയമം കൊണ്ടുവരാത്തതില്‍ സുപ്രീം കോടതിയും കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നു. കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെങ്കില്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമപ്രകാരം കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച്. സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ട് തുടങ്ങുന്നതിന് കുറഞ്ഞ പ്രായപരിധി 18 എന്നത് ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സോഷ്യല്‍ മീഡിയാ പ്ലാറ്റുഫോമുകളോടും കോടതി ആവശ്യപ്പെട്ടു. നേരത്തേ ബാലാവകാശ കമ്മീഷനുകളും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്ത ഒരു ദിനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലമാണിത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇതുപോയോഗിക്കുന്നുവെന്നു മാത്രമല്ല, മിക്കവരും അതിനു അഡിക്റ്റായിത്തീരുകയും ചെയ്യുന്നു. ഭൂരിഭാഗവും കുട്ടികളാണ് സ്‌ക്രീനിന് ഇരകളാകുന്നത്. ഭക്ഷണം കഴിക്കാന്‍, ഉറങ്ങാന്‍, പഠിക്കാന്‍ തുടങ്ങി എല്ലാറ്റിനും മൊബൈല്‍ ഫോണ്‍ വേണം. കുട്ടികുടെ ശാഠ്യം ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ഇതനുവദിച്ചു കൊടുക്കുകയും ചെയ്യുന്നു. ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത് ആത്മഹത്യാ പ്രവണത ഉള്‍പ്പെടെ ഗുരുതരമായ പ്രശ്നങ്ങളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശൈശവ പ്രായത്തിലേ ഫോണ്‍ ഉപയോഗം തുടങ്ങുന്ന 31 ശതമാനം കുട്ടികളിലും പില്‍ക്കാലത്ത് ആത്മഹത്യാ ചിന്ത ഉടലെടുക്കുന്നതായി പ്രമുഖ അക്കാദമിക് പ്രസിദ്ധീകരണമായ ‘ജേര്‍ണല്‍ ഓഫ് ഹ്യൂമന്‍ ഡെവലപ്മെന്റ് ആന്‍ഡ് കേപബിലിറ്റീസി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 14 വയസ്സിനു മുന്നേ കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുതെന്ന് റിപോര്‍ട്ടില്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.കുട്ടികളുടെ ഡിജിറ്റല്‍ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആസ്‌ത്രേലിയയില്‍ 2025 ഡിസംബര്‍ പത്ത് മുതല്‍ 16 വയസ്സിനുതാഴെയുള്ളവര്‍ക്ക് സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ടുകള്‍ എടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ 2026-27 അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ സമയത്തെ മൊബൈല്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ വിദ്യാര്‍ഥികളുടെ ഫോണ്‍ ഉപയോഗം തടയാന്‍ പ്രധാനാധ്യാപകര്‍ക്ക് അധികാരം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച ബില്ലില്‍ 13 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയാ ഉപയോഗം തടയുകയും 13- 15 പ്രായക്കാര്‍ക്ക് രക്ഷിതാക്കളുടെ നിയന്ത്രണം നിര്‍ദേശിക്കുകയും ചെയ്യുന്നു. ചൈനയിലും പ്രായത്തിനനുസരിച്ച് ഉപയോഗസമയം, ഉള്ളടക്കം തുടങ്ങിയവ നിയന്ത്രിക്കുന്ന നിയമങ്ങളുണ്ട്.ഇന്ത്യയിലും കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷക്കായി ഐ ടി നിയമങ്ങളും ഇടനിലക്കാരുടെ ഉത്തരവാദിത്വങ്ങളും നിലവിലുണ്ടെങ്കിലും ആസ്‌ത്രേലിയയിലെ പോലെ 16 വയസ്സ് അടിസ്ഥാമാക്കിയുള്ള സോഷ്യല്‍ മീഡിയാ നിയന്ത്രണമോ യൂറോപ്യന്‍ യൂനിയലേതു പോലെ വ്യക്തമായ കുറഞ്ഞ പ്രായപരിധിയോ ഇല്ല. ഇതുകൊണ്ടാണ് വിഷയത്തില്‍ സുപ്രീം കോടതിക്ക് ഇടപടേണ്ടിവന്നതും. അതേസമയം കോടതികള്‍ നയരൂപവത്കരണത്തിലേക്ക് കടക്കുന്നത് ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിനു അനുയോജ്യമല്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമനിര്‍മാണം നടത്തേണ്ടത് ഭരണകൂടമാണ്. സര്‍ക്കാര്‍ നടപടി വൈകുകയും പ്രശ്നം ഗുരുതരമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കോടതികള്‍ക്ക് ഇടപെടാനുള്ള അനുവാദമുണ്ട്. ഈ ഭരണഘടനാപരമായ പശ്ചാത്തലത്തില്‍ വേണം സുപ്രീം കോടതിയുടെ മുന്നറിയിപ്പിനെ കാണാന്‍.സാങ്കേതിക വളര്‍ച്ചയുടെ അതിശീഘ്രമായ ഈ മുന്നേറ്റ കാലത്ത് ഡിജിറ്റല്‍ ലോകം കുട്ടികള്‍ക്ക് പാടേ നിഷേധിക്കുക പ്രായോഗികമല്ല. അതിന്റെ അനിയന്ത്രിതമായ കടന്നുകയറ്റത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ സഹായകമായ നടപടികളാണാവശ്യം. അതേസമയം, നിയമനിര്‍മാണം കൊണ്ടുമാത്രം ഈ വിപത്ത് തടയാനാകില്ല. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും ശ്രദ്ധയും നിരീക്ഷണവും കൂടി ആവശ്യമാണ്. പലപ്പോഴും രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും ഡിജിറ്റല്‍ സാക്ഷരതയില്ലായ്മയുമാണ് കുട്ടികളെ അപകടത്തിലേക്ക് നയിക്കുന്നത്. കുട്ടികളുടെ ഡിജിറ്റല്‍ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് വ്യക്തമായ ബോധമുണ്ടായിരിക്കണം. വീട്ടില്‍ ഡിജിറ്റല്‍ ഉപയോഗത്തിന് സമയം നിശ്ചയിക്കുകയും ഡിജിറ്റല്‍ ലോകത്തിനപ്പുറം യഥാര്‍ഥ ലോകത്തിലെ വിനോദങ്ങളിലേക്കും കളിചിരികളിലേക്കും വായനയിലേക്കും കുട്ടികളെ തിരിച്ചുവിടാനുള്ള ശ്രമങ്ങളും വേണം.അതേസമയം, ഡിജിറ്റല്‍ ലോകത്തിന്റെ അമിതമായ കടന്നുകയറ്റം കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെയും സാരമായി ബാധിക്കുന്നുണ്ട്. മാനുഷിക- കുടുംബ ബന്ധങ്ങളെയും പെരുമാറ്റത്തെയും വൈകാരിക ലോകത്തെയും അത് മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ഒരു മേശക്ക് ഇരുവശത്തുമിരുന്ന് സംസാരിക്കുകയും വിശേഷങ്ങള്‍ കൈമാറുകയും ചെയ്യേണ്ട കുടുംബാംഗങ്ങളും സുഹൃത്തുക്കളും പരസ്പരം ശ്രദ്ധിക്കാതെ സ്വന്തം ഫോണ്‍ സ്‌ക്രീനില്‍ കണ്ണും നട്ടിരിക്കുന്ന കാഴ്ച സര്‍വസാധാരണമാണ്. നേരിട്ടുള്ള ആശയവിനിമയം ഇല്ലാതാകുകയും കൂടെയുള്ള വ്യക്തിയേക്കാള്‍ ഫോണിലെ സാങ്കല്‍പ്പിക ലോകത്തെ അപരിചിത വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന അവസ്ഥ കുടുംബ- ദാമ്പത്യ ബന്ധങ്ങളില്‍പ്പോലും ആഴത്തിലുള്ള വിടവുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മുതിര്‍ന്നവരുടെ പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും കണ്ടാണ് കുട്ടികള്‍ വളരുന്നത്. അവരും ഡിജിറ്റല്‍ ഉപയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമേ കുട്ടികളെ നിയന്ത്രിക്കാനാകൂ.