1984 ഏപ്രില്‍ 29ന് പ്രകാശിതമായ സിറാജിന്റെ പ്രഥമ ലക്കത്തിലെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ഇങ്ങനെ വായിക്കാം. ‘രാഷ്ട്രീയ പാര്‍ട്ടികളോടൊന്നിനോടും ഞങ്ങള്‍ക്ക് പ്രത്യേക മമതയില്ല, വിദ്വേഷവുമില്ല. ഏതെങ്കിലും രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി ഒരിക്കലും തരംതാഴുകയുമില്ല. നന്മ ചെയ്താല്‍ നന്മയായും തിന്മ ചെയ്താല്‍ തിന്മയായും തന്നെ ഞങ്ങള്‍ വിലയിരുത്തും’. നാല് പതിറ്റാണ്ട് പിന്നിട്ട പത്രം ഈ അടിസ്ഥാന നിലപാടിലൂന്നി നിന്നുകൊണ്ടാണ് ഇന്നും മുന്നേറുന്നത്. പിറവിയിലും വളര്‍ച്ചയിലും മുന്നേറ്റത്തിലും വേറിട്ട വിസ്മയങ്ങള്‍ തീര്‍ത്താണ് പ്രയാണം. വര്‍ത്തമാനകാല ദിനപത്രങ്ങളുടെയും ആനുകാലികങ്ങളുടെയും നാഡീമിടിപ്പറിയുന്നവര്‍ക്കറിയാം ഈ യാഥാര്‍ഥ്യം. കേരളത്തില്‍ മുസ്്‌ലിം മാനേജ്മെന്റിനാല്‍ തുടക്കം കുറിച്ച രണ്ടാമത്തെ പത്രമാണിത്, ഇസ്്‌ലാമിക പ്രസ്ഥാനത്തിന്റെ വിലാസമുള്ള ഒന്നാമത്തെ ദിനപത്രവും. 20 കളില്‍ സമസ്ത: പണ്ഡിത സഭ ഉരുവംകൊണ്ട പോലെ എണ്‍പതുകളിലെ ചില സവിശേഷ സാഹചര്യങ്ങളാണ് സിറാജ് പ്രകാശിതമാകാനും വഴിയൊരുക്കിയത്. മലയാളികള്‍ക്കിടയില്‍ ഇന്ന് ഏറെ പ്രചാരവും സ്ഥിരപ്രതിഷ്ഠയും നേടിയ പത്രം.അറബി പേരുള്ള മലയാളത്തിലെ ഏക ദിനപത്രം. ദീപം, വെളിച്ചം, സൂര്യന്‍ എന്നൊക്കെ അര്‍ഥമുള്ള ഈ പദം മറ്റു പല പദങ്ങളെയും പോലെ മലയാളവത്കരിക്കപ്പെട്ട ഒരു അറബി നാമമായി മാറിയിട്ടുണ്ട്. ഇന്ന് അറബി മലയാളിക്ക് പോലുമറിയാം ‘സിറാജ്’ എന്നാല്‍ മലയാള ദിനപത്രങ്ങള്‍ക്കിടയില്‍ മൂല്യങ്ങളും നിഷ്പക്ഷതയും കാത്തുസൂക്ഷിച്ചുപോരുന്ന വേറിട്ടൊരു പത്രമാണെന്ന്. ഒപ്പം ഇസ്്‌ലാമിക മത മൂല്യങ്ങള്‍ക്കൊപ്പം ബഹുസ്വര- മതേതര- ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന സുന്നി പ്രസ്ഥാനത്തിന്റെ മുഖപത്രമാണെന്നും. 1847ല്‍ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയ ‘രാജ്യസമാചാര’ത്തോടെയാണല്ലോ മലയാളത്തിന്റെ പത്ര പ്രവര്‍ത്തന ചരിത്രത്തിന് തുടക്കം കുറിച്ചത്. അഥവാ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട് മലയാളിയുടെ പത്ര വായനാനുഭവങ്ങള്‍ക്ക്. സാമുഹിക മാധ്യമങ്ങള്‍ വിവരവിനിമയ രംഗത്ത് സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തുള്ള കുതിച്ചുചാട്ടം നടത്തുമ്പോഴും ലോകം എ ഐ കാലത്തെത്തി നില്‍ക്കുമ്പോഴും മലയാളിയുടെ വായനാ തത്പരതക്കും പത്രങ്ങളോടുള്ള ആഭിമുഖ്യത്തിനും മാറ്റമില്ല എന്നതാണ് യാഥാര്‍ഥ്യം. വാര്‍ത്തകളും വിവരങ്ങളും നിമിഷാര്‍ധംകൊണ്ട് കണ്‍മുമ്പിലെത്തുന്ന വിധത്തില്‍ വിവര സാങ്കേതിക വിദ്യകള്‍ സാര്‍വത്രികമായി വളര്‍ന്ന അതി നൂതകാലത്തും വായനാ സംസ്‌കാരം ജീവചര്യയായി കാത്തുപോരുന്നവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെ ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മലയാള പത്രങ്ങള്‍ നൂറോളമുണ്ട്. ഈ മലയാളത്തുരുത്തില്‍. പത്രങ്ങള്‍, വിശിഷ്യാ ദിനപത്രങ്ങള്‍ മലയാളിയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. പത്രവായന ജീവിതചര്യയും തനതുസംസ്‌കാരവും രൂപപ്പെടുത്തുന്നു.ഇരുപതുകളില്‍, അധിനിവേശ കാലത്ത് ബ്രിട്ടീഷുകാരുടെ വിശ്വസ്തവിധേയരായി നിന്നും ‘ഐക്യ സംഘം’ എന്ന പേരില്‍ അനൈക്യ സംഘം തട്ടിക്കൂട്ടി മതയുക്തിവാദം ഒളിച്ചുകടത്താന്‍ ശ്രമിച്ച മത പരിഷ്‌കരണവാദികള്‍ സ്വാതന്ത്ര്യാനന്തരം അടവുമാറ്റി പ്രത്യക്ഷത്തില്‍ മുസ്്‌ലിം മുഖ്യധാരയിലിടം നേടാന്‍ ശ്രമിച്ചുപോന്നു. പക്ഷേ, സമസ്ത പണ്ഡിതന്മാരുടെ നേതൃത്വത്തിലുള്ള പ്രതിരോധം തടസ്സമായി. തല പൊക്കാന്‍ കഴിയാതെ വന്നപ്പോള്‍ രാഷ്ട്രീയ- ഭരണ സംവിധാനങ്ങളുടെ ഏണിയില്‍ കയറി കാലുറപ്പിക്കുക എന്നതാണ് അവര്‍ കണ്ടെത്തിയ വഴി. അത് ഒരു പരിധി വരെ വിജയിച്ചുവെന്ന് വേണം പറയാന്‍. 1960ല്‍ കേരള വഖ്ഫ് ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ സുന്നി വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള ബോര്‍ഡില്‍ ഉപ്പിന്റെ അളവില്‍ പോലും സുന്നികളില്ലാതെ പോയതും സര്‍ക്കാര്‍ ചെലവില്‍ യൂനിവേഴ്സിറ്റി അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന അറബിക് കോളജുകള്‍ മൗലവിമാരെ വാര്‍ത്തെടുക്കുന്ന വഹാബീ ശരീഅത്ത് കോളജുകളായി മാറിയതുമെല്ലാം ഇതിന്റെ പരിണതിയായിട്ടാണ്. ഭരണ- ഉദ്യോഗരംഗങ്ങളിലും സമുദായ രാഷ്ട്രീയത്തിന്റെ കുഞ്ചിക സ്ഥാനങ്ങളിലും കയറിപ്പറ്റുക വഴി വഹാബി- മതയുക്തിവാദാശയങ്ങള്‍ ഒളിച്ചുകടത്തപ്പെട്ടു. ഒപ്പം സത്യത്തെ തമസ്‌കരിക്കാനും ഇസ്്‌ലാമിക പൈതൃകത്തെ അവഗണിക്കാനും ശ്രമങ്ങളുണ്ടായി. പൂര്‍വികര്‍ ചോര നീരാക്കി വളര്‍ത്തിയെടുത്ത ഒരു സമുദായ ജിഹ്വ മാത്രമാണ് അക്കാലത്തുണ്ടായിരുന്നത്. വഹാബീ വൈറസുകള്‍ വാല്‍മൂട്ടകളെ പോലെ അതിലും കയറിക്കൂടി. കേരള മുസ്്‌ലിംകള്‍ക്ക് ദിശാബോധം നല്‍കിയ സമസ്തഃ പണ്ഡിത സഭയുടെയും അനുബന്ധ ഘടകങ്ങളുടെയും വാര്‍ത്തകളും പ്രസ്താവനകളും ലേഖനങ്ങളുമെല്ലാം നിരന്തരം തിരസ്‌കരിക്കപ്പെടുകയും അവജ്ഞയോടെ അത്തരം പേനയുന്തികളുടെ കാല്‍ക്കീഴിലെ ചവറ്റുകൊട്ടയിലെറിയപ്പെടുകയും പതിവായി.എല്ലാം തിരിച്ചറിഞ്ഞ് രാഷ്ട്രീയ- മത പരിഷ്‌കരണ കൂട്ടുകെട്ടിന്റെ തീട്ടൂരങ്ങളെ അവഗണിച്ച് സ്വയംപര്യാപ്ത സമൂഹമാകാന്‍ സുന്നി പ്രസ്ഥാനം ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. സത്യത്തിന്റെ സമ്പൂര്‍ണ വെളിച്ചം വിതറാന്‍ സ്വന്തമായൊരു പത്രം വേണമെന്ന് സമസ്തഃ പണ്ഡിതര്‍ ആലോചിച്ചു. മുന്നറിവോ അനുഭവങ്ങളോ മുതല്‍മുടക്കോ ഇല്ലാതെ ആത്മാര്‍ഥതയും ആര്‍ജവവും മാത്രം കൈമുതലാക്കി തീരുമാനിച്ചുറച്ചിറങ്ങി. അങ്ങനെയാണ് ‘സിറാജ്’ ഉദയം ചെയ്യുന്നത്. പ്രഥമ ലക്കത്തിലെ എഡിറ്റോറിയല്‍ സിറാജ് പ്രസിദ്ധീകരണ പശ്ചാത്തലവും ഇങ്ങനെയൊരു പത്രത്തിന്റെ അനിവാര്യതയും അടിവരയിടുന്നുണ്ട്. സമസ്തയുടെ തലയെടുപ്പുള്ള പണ്ഡിതരാണ് പത്രം തുടങ്ങിയത്. റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്്മദ് മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, കോട്ടുമല ടി അബൂബക്കര്‍ മുസ്്‌ലിയാര്‍ തുടങ്ങിയ മഹാരഥന്മാര്‍ ചേര്‍ന്ന് സിറാജ് മലയാളത്തിന് സമര്‍പ്പിച്ചു. അന്ന് പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍ പ്രഖ്യാപിച്ചതിങ്ങനെ. ‘ഇത് കേവലം സിറാജല്ല, സിറാജുല്‍ ഹുദാ (സന്‍മാര്‍ഗ ദീപം) ആണ്’. ഈ പ്രഖ്യാപനത്തെ അന്വര്‍ഥമാക്കുന്ന തരത്തിലായിരുന്നു സിറാജിന്റെ തുടര്‍ന്നുള്ള പ്രയാണം. ഇന്നും ആ നില തുടരുന്നു.എണ്‍പതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കേരളത്തിലെ സുന്നി പ്രാസ്ഥാനിക രംഗത്ത് ആഞ്ഞടിച്ച കാറ്റും കോളുമെല്ലാം വകഞ്ഞ് മാറ്റി സ്വയംപര്യാപ്ത സംഘശക്തിയായി മുന്നേറാന്‍ സമസ്ത കുടുംബത്തിനായതിനു പിന്നില്‍ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് മഹാരഥന്മാര്‍ തുടങ്ങിവെച്ച സിറാജായിരുന്നു. പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കേരളത്തിലെയും പുറത്തെയും ബഹുസ്വര സമൂഹത്തില്‍ അനുദിനം ചെയ്തു തീര്‍ക്കേണ്ട ഒട്ടനേകം അജന്‍ഡകളുണ്ട്. ഇതിനിടയില്‍ പത്രത്തെ പ്രസ്ഥാനത്തോളം വളര്‍ത്താനുള്ള മനഃപൂര്‍വ ശ്രമങ്ങളുണ്ടായിരുന്നില്ല എന്നത് നേരാണ്. വെല്ലുവിളികളെ സ്വന്തംകാലില്‍ നില്‍ക്കാന്‍ ഒന്നൊന്നര പതിറ്റാണ്ട് വേണ്ടി വന്നു പ്രസ്ഥാനത്തിനും പത്രത്തിനും. മുസ്്‌ലിം വൈകാരികത ചൂഷണം ചെയ്തും ആളിക്കത്തിച്ചും കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനോ, ഉള്ള സ്വാസ്ഥ്യം തകര്‍ക്കാനോ മറ്റു പലരെയും പോലെ സിറാജ് ഒരു കാലത്തും ശ്രമിച്ചിട്ടില്ല. സങ്കുചിത താത്പര്യങ്ങള്‍ക്കു വേണ്ടി അഴകുഴമ്പന്‍ നിലപാട് സ്വീകരിച്ചതുമില്ല. എന്നും ജനപക്ഷത്തുറച്ച് നിന്ന് ജന-രാഷ്ട്ര നന്മക്കായി നില കൊണ്ടു. നിഷ്പക്ഷ വായനാ സംസ്‌കാരം രൂപപ്പെടുത്തി. ആരുടെയെങ്കിലും വാലായി നിസ്സഹായതോടെ പിടഞ്ഞുതുള്ളേണ്ട ഗതികേടുണ്ടായില്ല. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും കെടാതെയും മങ്ങാതെയും ഈ ദീപം പ്രകാശിച്ചുകൊണ്ടിരുന്നു. വാണിജ്യാടിസ്ഥാനത്തിലും സാമുദായികവും രാഷ്ട്രീയവുമായ അടിത്തറയും സാമ്പത്തിക ഭദ്രതയും ഉറപ്പായും പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ പത്ര വ്യവസായത്തിനിടയില്‍ പതറാതെ പിടിച്ചുനിന്ന് ദൗത്യം നിര്‍വഹിക്കുന്നു എന്നതാണ് സിറാജിന്റെ വ്യതിരിക്തത. പ്രത്യേകിച്ചും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളവര്‍ക്കും അടുത്ത കാലത്ത് പ്രസാധനം തുടങ്ങി അല്‍പ്പായുസ്സില്‍ പൊലിഞ്ഞുപോയവര്‍ക്കുമൊക്കെ ഇടയില്‍. തുടക്കത്തിന്റെ മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും അതിന് ബഹുസ്വര സമൂഹം നല്‍കുന്ന പിന്തുണയുമാണിതിന് പിന്നിലെന്ന് സിറാജ് ഉറച്ചു വിശ്വസിക്കുന്നു. പത്രം സമൂഹത്തിന്റെ കണ്ണാടിയാണ്, ജനാധിപത്യത്തിന്റെ നാലാം തൂണും. വര്‍ത്തമാനകാല സമൂഹത്തില്‍ തിരിച്ചറിവോടെയും ദീര്‍ഘവീക്ഷണത്തോടെയും ഒട്ടേറെ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്ന് സിറാജിനറിയാം. അധാര്‍മികതയോട്, ഭീകരതയോടും തീവ്രവാദത്തോടും ഒരിക്കലും രാജിയാവാതെ എന്നും ബഹുസ്വര സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം സിറാജുണ്ടാകും. ധ്രുവീകരണത്തിന്റെ വിത്തു പാകി, മനസ്സുകള്‍ക്കിടയില്‍ അപരദ്വേഷം പരത്തി രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സിറാജിനൊപ്പം നമുക്കും കൈകോര്‍ക്കാം, നെഞ്ചൂക്കോടെ- വര്‍ധിച്ച ആത്മാഭിമാനത്തോടെ. ഇത് സിറാജ് പ്രതിനിധാനം ചെയ്യുന്ന മഹാ പ്രസ്ഥാനത്തിന്റെ അമര നേതൃത്വം സമസ്തഃയുടെ സെന്റിനറി കാലയളവാണ്. കേരളീയര്‍ക്ക് മതപരവും ധാര്‍മികവും വൈജ്ഞാനികവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമടക്കം സര്‍വതോന്മുഖമായ പ്രബുദ്ധത സമ്മാനിച്ച സമസ്തഃപണ്ഡിത സഭ സേവന പാതയില്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കി പ്രൗഢമായ 101ാമത് സ്ഥാപക ദിനവുമാഘോഷിച്ച് അടുത്ത നൂറ്റാണ്ടിലേക്ക് ചുവടുറപ്പിച്ച് കാലെടുത്ത് വെച്ച കാലം. ‘നൂറ് പ്രകാശ വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ മൂന്ന് വര്‍ഷത്തോളമായി സെന്റിനറി നെഞ്ചിലേറ്റി വൈവിധ്യമാര്‍ന്ന കര്‍മ പദ്ധതികളുമായി പ്രസ്ഥാന കുടുംബം കളം നിറഞ്ഞാടുകയാണ്.2027 ജനു. 31ന് അര്‍ധരാത്രിയോടെ മലപ്പുറം വാദീ ഹറമൈനില്‍ സെന്റിനറി മഹാ സമ്മേളനത്തിന്റെ കൊടിയിറക്കം വരെയും സുന്നി ശക്തിയുടെ ഈ ആരവം തുടരുക തന്നെ ചെയ്യും. ആയിടക്കാണ് പ്രസ്ഥാനത്തിന്റെ മുഖപത്രവും ഒരു ഘട്ടത്തില്‍ ജീവാത്മാവായി നിലകൊണ്ട സിറാജിന്റെ പ്രചാരണ ക്യാമ്പയിന്‍ നടക്കുന്നത്. ‘നൂറിന്റെ നിറവില്‍ സമസ്തക്കൊപ്പം’ എന്നതാണ് പ്രമേയം. സെന്റിനറി കര്‍മ പദ്ധതികള്‍ സമ്മാനിച്ച വര്‍ധിത വീര്യം കര്‍മോര്‍ജമാക്കി മാറ്റി ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് പ്രസ്ഥാന കുടുംബാംഗങ്ങളൊക്കെയും. ഒപ്പം ചരിത്രത്തിന്റെ ആവര്‍ത്തനം കണക്കെ ഈയിടെയുണ്ടായ വിവാദച്ചുഴിയുടെ പശ്ചാത്തലത്തില്‍ എല്ലാ ക്യാമറകളും പ്രസ്ഥാനത്തിലേക്കും നേതൃത്വത്തിലേക്കും തിരിച്ചുവെക്കപ്പെട്ട കാലമാണിതെന്ന ബോധ്യവും പ്രവര്‍ത്തകര്‍ക്കുണ്ട്. എല്ലാം മുന്നേറ്റത്തിനുളള അവസരങ്ങളായി കാണുന്നവര്‍ പത്ര പ്രചാരണ രംഗത്ത് പുതിയ ചരിതം തന്നെ തീര്‍ക്കുമെന്ന് തീര്‍ച്ച. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി, സെന്റിനറി കരുത്ത് കൂടി കൈമുതലാക്കി പ്രസ്ഥാന കുടുംബം ഒന്നിച്ചേറ്റെടുത്ത പ്രചാരണ ക്യാമ്പയിനാണ് നടക്കുന്നത്. മുന്നൊരുക്കങ്ങളൊക്കെ പൂര്‍ത്തീകരിച്ച് കഴിഞ്ഞ ദിവസം കേരളമൊട്ടാകെ സിറാജാരവം തീര്‍ത്ത് കര്‍മരംഗം സജീവമായിക്കഴിഞ്ഞു. ഇന്ന് ഒക്ടോബര്‍ രണ്ടിലെ സിറാജ് ഡേയാണ്. പൊതുജനമധ്യേ സിറാജ് മയം സൃഷ്ടിക്കുന്ന വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികളും പദ്ധതികളുമാണിന്ന് നടത്തപ്പെടുന്നത്. സെന്റിനറി കാലത്ത് ആയിരം സിറാജ് ഗ്രാമങ്ങള്‍ സൃഷ്ടിക്കപ്പെടും. പ്രമുഖരുള്‍പ്പെടെ പതിനായിരങ്ങള്‍ സിറാജ് വായനാ കുടുംബത്തില്‍ അണി ചേര്‍ക്കപ്പെടുകയും ചെയ്യും.