നിസ്സാരവിലയ്ക്ക് ഈട്ടിമരം ലേലം ചെയ്തത് റദ്ദാക്കി; പുനർമൂല്യനിർണയം നടത്തി വിലനിശ്ചയിക്കാൻ കത്തു നൽകി

Wait 5 sec.

ആദൂർ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം റോഡ് ഫണ്ട് ബോർഡിൻ്റെ അധീനതയിലുണ്ടായിരുന്ന കൂറ്റൻ ഈട്ടിമരം വളരെ കുറഞ്ഞ വിലയ്ക്ക് ലേലം ചെയ്ത സംഭവം വിവാദമായതിനെത്തുടർന്ന് ലേലം റദ്ദാക്കി. 22,500 രൂപയ്ക്കാണ് മരം ലേലം ചെയ്തതെങ്കിലും, ഇത് വിറകു വിലയേക്കാൾ കുറവാണെന്ന പരാതി ഉയർന്നതോടെയാണ് നടപടി. കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) അസിസ്റ്റൻ്റ് എഞ്ചിനീയർ, സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റൻ്റ് കൺസർവേറ്റർക്ക് മരത്തിൻ്റെ പുനർമൂല്യനിർണയം നടത്തി വില നിശ്ചയിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ലേലത്തിൽ പങ്കെടുത്തയാൾക്ക് ലേലം റദ്ദാക്കിയ വിവരം അറിയിക്കുകയും ചെയ്തു. വിലനിർണയത്തിലെ ക്രമക്കേടിൽ വകുപ്പുതല അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. നിലവിൽ, ബസ് കാത്തിരിപ്പുകേന്ദ്രത്തിന് അപകടഭീഷണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മരം മുറിക്കാൻ തീരുമാനിച്ചത്.