പുതിയൊരു നാഴികക്കല്ല് കുറിച്ച് ഇത്തിഹാദ് റെയിൽ; അബൂദബി-ദുബൈ യാത്രാസർവീസിന് ആഘോഷത്തുടക്കം

Wait 5 sec.

ദുബൈ| യു എ ഇയുടെ ഗതാഗത ചരിത്രത്തിൽ സുവർണ അധ്യായം കുറിച്ച് ഇത്തിഹാദ് റെയിലിന്റെ ദുബൈ – അബൂദബി ആദ്യ യാത്രാ സർവീസ് ആരംഭിച്ചു. ഇരു എമിറേറ്റുകൾക്കുമിടയിലുള്ള പ്രതിദിന യാത്രകളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് ബുധനാഴ്ച രാവിലെയാണ് ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തിയത്. രാവിലെ 6.14-ന് ദുബൈയിലെ അൽ യലായിസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ആദ്യ ട്രെയിൻ 7.18-ന് അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തിച്ചേർന്നു. തുടർന്ന് അബൂദബിയിൽ നിന്നുള്ള മടക്ക സർവീസ് രാവിലെ 7.43-ന് പുറപ്പെട്ട് 8.47-ന് ദുബൈയിലെത്തി. ഒരു മണിക്കൂറും നാല് മിനിറ്റും മാത്രമെടുത്താണ് ട്രെയിൻ ഈ ചരിത്ര യാത്ര പൂർത്തിയാക്കിയത്.ആദ്യ യാത്രക്ക് സാക്ഷ്യം വഹിക്കാൻ പുലർച്ചെ മുതൽ തന്നെ വലിയ യാത്രക്കാരുടെ നിരയാണ് അൽ യലായിസ് സ്റ്റേഷനിൽ എത്തിയത്. തനത് സംഗീതവും പരമ്പരാഗത സ്വീകരണവും ഒരുക്കിയാണ് അധികൃതർ ആദ്യ യാത്രാ സംഘത്തെ വരവേറ്റത്. കൗണ്ടറുകളിൽ നിന്നും വെൻഡിംഗ് മെഷീനുകളിൽ നിന്നും ടിക്കറ്റുകൾ കരസ്ഥമാക്കിയ യാത്രക്കാർ ആവേശത്തോടെ ഗേറ്റുകൾ കടന്ന് പ്ലാറ്റ്ഫോമുകളിലേക്ക് നീങ്ങി.യു എ ഇയുടെ ഗതാഗതരംഗത്ത് പുതിയൊരു നാഴികക്കല്ല് കുറിച്ച് അബൂദബിക്കും ദുബൈക്കും ഇടയിലുള്ള ഇത്തിഹാദ് റെയിൽ സ്ഥിരം യാത്രാസർവീസിന് ഔദ്യോഗിക തുടക്കമായി. അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനെയും ദുബൈയിലെ അൽ യലായിസ് സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് പുതിയ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ ഇരു എമിറേറ്റുകൾക്കുമിടയിലുള്ള ദൈനംദിന യാത്രക്ക് ഏറ്റവും വേഗതയേറിയതും സുരക്ഷിതവുമായ പൊതുഗതാഗത മാർഗം ലഭ്യമായി. നിലവിൽ അബൂദബി – ദുബൈ പാതയിൽ പ്രതിദിനം പത്ത് സർവീസുകളും അബൂദബി – ഫുജൈറ പാതയിൽ ആറ് സർവീസുകളുമാണ് പ്രവർത്തിക്കുന്നത്. 29 ദിർഹം മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.അൽ യലായിസ് സ്റ്റേഷനെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്റ്റേഷനുമായി പ്രത്യേക കാൽനടപ്പാലം വഴി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഇത്തിഹാദ് റെയിൽ വഴി ദുബൈയിലെത്തുന്ന യാത്രക്കാർക്ക് ദുബൈ മെട്രോയുടെ റെഡ് ലൈനിലേക്ക് വളരെ എളുപ്പത്തിൽ മാറിക്കയറാൻ സാധിക്കും.ഒന്നരലക്ഷത്തിലധികം യാത്രക്കാർഅബൂദബി – ഫുജൈറ റൂട്ടിൽ യാത്രാസർവീസ് ആരംഭിച്ച ശേഷം ഇതിനകം ഒന്നരലക്ഷത്തിലധികം യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്തിയതായി ഇത്തിഹാദ് റെയിൽ വ്യക്തമാക്കി. ദേശീയ റെയിൽ ശൃംഖലയുടെ തുടർവികസനത്തിൽ കൂടുതൽ നഗരങ്ങളും സ്റ്റേഷനുകളും ഘട്ടംഘട്ടമായി ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി സായിദ് സിറ്റി, ലിവ എന്നീ സ്റ്റേഷനുകൾ നവംബർ 30-നും അൽ ദഫ്റ മേഖലയിലെ മറ്റ് സ്റ്റേഷനുകൾ ഡിസംബർ 30-നും ശൃംഖലയുടെ ഭാഗമാകും. ഷാർജ സ്റ്റേഷൻ 2027 മാർച്ച് 30-ഓടെ പൂർണ സജ്ജമാകും.Content Highlights:Etihad Rail launched its first passenger train service between Dubai and Abu Dhabi, completing the journey in 64 minutes. Daily operations feature ten services between the two emirates with tickets starting at AED 29. Network expansions will connect more regions including Sharjah by March 2027.