പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് മൂന്ന് അമ്മമാർക്കെതിരെ ബേക്കൽ, മേൽപറമ്പ് പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തു, വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. മേൽപറമ്പ് പോലീസിന്റെ പരിശോധനയ്ക്കിടെ ലൈസൻസില്ലാതെ സ്കൂട്ടറോടിച്ചിരുന്ന 15 വയസ്സുകാരൻ, സ്കൂട്ടർ നൽകിയത് അമ്മയാണെന്ന് മൊഴി നൽകിയതിനെത്തുടർന്നാണ് ആദ്യ കേസെടുത്തത്. ബേക്കൽ പോലീസിന്റെ പരിശോധനയിൽ 17 വയസ്സുള്ള രണ്ട് പേർ സ്കൂട്ടറോടിക്കുമ്പോൾ പിടിയിലാവുകയും അവരുടെ അമ്മമാർക്കെതിരെ കേസെടുക്കുകയും ചെയ്തു. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്നതിനെതിരെ ബോധവൽക്കരണം നടക്കുമ്പോഴും ഇത്തരം കേസുകൾ വർധിക്കുകയാണ്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുമ്പോൾ പിടിയിലായാൽ കാൽ ലക്ഷം രൂപ പിഴയീടാക്കും.