കാരന്തൂര്‍ | മെംസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പുതുതായി നിര്‍മിച്ച അത്ലറ്റിക് സ്റ്റേഡിയം സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് കായിക മേഖലയില്‍ മികച്ച പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ പി ടി എയുടെ സഹകരണത്തോടെ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം സജ്ജീകരിച്ചത്.രണ്ടായിരത്തോളം പേര്‍ക്ക് ഒരേസമയം മത്സരങ്ങള്‍ വീക്ഷിക്കാവുന്ന ഗാലറി, ഉന്നത നിലവാരത്തിലുള്ള അത്ലറ്റിക് ട്രാക്ക്, ഫുട്‌ബോള്‍ ടര്‍ഫ് കോര്‍ട്ട്, വിവിധ ജമ്പിങ് ഇനങ്ങള്‍ക്കുള്ള പിറ്റുകള്‍, ഷോട്ട്പുട്ട് സര്‍ക്കിള്‍, ഒഫീഷ്യല്‍സ് പവലിയന്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. അത്ലറ്റിക് ട്രാക്കിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് കര്‍മം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി ഷംജിത്ത് നിര്‍വഹിച്ചു.ഉദ്ഘാടന സംഗമത്തില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളില്‍ നിന്ന് ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കായിക താരങ്ങള്‍ക്ക് മന്ത്രി അഡ്വ. ഒ ജെ ജനീഷ് മെഡലുകള്‍ നല്‍കി ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഷാഹിദ് സഫര്‍ അവതരിപ്പിച്ച ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോള്‍ പ്രകടനം കാണികളുടെ ശ്രദ്ധനേടി.മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി, മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി എം റഷീദ് സഖാഫി, കുന്ദമംഗലം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബുമോന്‍, പഞ്ചായത്ത് അംഗങ്ങളായ വി അനില്‍കുമാര്‍, ബിജു പൂതക്കണ്ടി, പി ടി എ പ്രസിഡന്റ് ഡോ. ഉമ്മര്‍ മാസ്റ്റര്‍, മുഹമ്മദ് യൂസഫ് പന്നൂര്, ബാദുഷ സഖാഫി, എം ജി എസ് അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് ഷാഫി, മുഹമ്മദ് ദില്‍ഷാദ്, ഹനീഫ് അസ്ഹരി, ഷഹീര്‍ അദ്ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ് ഇര്‍ഫാനി സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ റിനീഷ് കെ മുഹമ്മദ് നന്ദിയും പറഞ്ഞു.Content Highlights:Minister OJ Janeesh inaugurated the MEMS Athletic Stadium to boost regional sports development. The modern facility aims to provide better training opportunities for upcoming athletes. This new infrastructure marks a significant milestone for the local sports community.