ദുബൈയിൽ ഇനി ഡ്രൈവിംഗ് പരീക്ഷ തോറ്റാൽ പേടിക്കേണ്ട; തെറ്റുകൾ നേരിട്ട് കാണാം, ആർ ടി എയുടെ പുതിയ AI സിസ്റ്റം ഇങ്ങനെ

Wait 5 sec.

ദുബൈ | ഡ്രൈവിംഗ് ലൈസൻസ് പരിശോധന കൂടുതൽ സുതാര്യവും കൃത്യവുമാക്കാൻ അത്യാധുനിക സംവിധാനമൊരുക്കി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ലൈസൻസ് പരീക്ഷണത്തിനിടെ സംഭവിക്കുന്ന പിഴവുകൾ ഡ്രൈവർമാർക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാൻ സഹായിക്കുന്ന അപ്‌ഗ്രേഡ് ചെയ്ത സ്മാർട്ട് ടെസ്റ്റിംഗ് സിസ്റ്റം (Smart Testing System) ആർ ടി എ അവതരിപ്പിച്ചു.യാർഡ് ടെസ്റ്റുകളിൽ പരാജയപ്പെടുന്നവർക്ക് തങ്ങൾ വരുത്തിയ തെറ്റുകൾ കൃത്യമായി പുനഃപരിശോധിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. വാഹനത്തിന്റെ സഞ്ചാരപാത കാണിക്കുന്ന ഇന്ററാക്ടീവ് 3D മാപ്പിൽ വലിയ പിഴവുകളും ചെറിയ പിഴവുകളും പ്രത്യേകം അടയാളപ്പെടുത്തി നൽകും. എ ഐ, കമ്പ്യൂട്ടർ വിഷൻ, ഡാറ്റ വിശകലനം എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ പുതിയ സംവിധാനം മനുഷ്യ ഇടപെടലുകളില്ലാതെ തന്നെ ഡ്രൈവിംഗ് മികവ് വിലയിരുത്തി ഫലം നിർണ്ണയിക്കുന്നു.ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കാനും കൃത്യത വർധിപ്പിക്കാനും ആധുനിക സാങ്കേതികവിദ്യകളാണ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലെയ്ൻ മാറുമ്പോഴും തിരിയുമ്പോഴും കണ്ണാടികൾ നോക്കുന്നുണ്ടോ, ബ്ലൈൻഡ് സ്‌പോട്ടുകൾ (Blind Spots) പരിശോധിക്കുന്നുണ്ടോ, സ്റ്റിയറിംഗ് കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്നിവ സ്മാർട്ട് ക്യാമറകൾ നിരീക്ഷിക്കും. പരീക്ഷാർത്ഥിയെ കൃത്യമായി തിരിച്ചറിയാൻ ഫേഷ്യൽ റെക്കഗ്നിഷൻ (Facial Recognition) സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്.വാഹനങ്ങളുടെ പാതയും പാർക്കിംഗും രണ്ട് സെന്റീമീറ്റർ വരെ കൃത്യതയോടെ കണ്ടെത്താൻ തത്സമയ കിനമാറ്റിക് പൊസിഷനിംഗ് (Real Time Kinematic Positioning) സഹായിക്കും. കൂടാതെ, യാർഡ് ടെസ്റ്റിംഗ് ഏരിയയിൽ കൂട്ടിയിടികൾ ഒഴിവാക്കാൻ എ ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം (Automatic Braking System) സജ്ജീകരിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കണ്ടാൽ ഈ സംവിധാനം സ്വയം പ്രവർത്തിച്ച് വാഹനം നിർത്തും.പകലെന്നോ രാവെന്നോ വ്യത്യാസമില്ലാതെ വിവിധ കാലാവസ്ഥകളിലും വെളിച്ചത്തിലും ഒരുപോലെ പ്രവർത്തിക്കാൻ ഇതിന് ശേഷിയുണ്ട്. ഈ പരീക്ഷണ വിവരങ്ങൾ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ ഓരോ പഠിതാവിനും കൂടുതൽ പരിശീലനം ആവശ്യമായ മേഖലകൾ കണ്ടെത്തി അതിനനുസരിച്ച് പരിശീലനം നൽകാനും സാധിക്കും.Content HighlightsRTA Dubai introduced an upgraded AI-powered Smart Test System for light vehicle yard tests. Learners can review driving errors through an interactive 3D map and visual evidence. The system features advanced tracking, facial recognition, and automatic braking.