കോഴിക്കോട്|സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയെ ആഗോള ഇസ്ലാമിക യൂണിവേഴ്സിറ്റിയായി ഉയര്‍ത്തുമെന്ന് വൈസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സമാപിച്ച ജാമിഅതുല്‍ ഹിന്ദ് സെനറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. സമസ്ത സെന്റിനറി സമ്മേളനത്തിന്റെ ഏറ്റവും മികച്ച പദ്ധതികളിലൊന്നായി ജാമിഅയുടെ സമഗ്ര വികസനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അക്കാദമികവും ഭരണപരവുമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ 17 ഇന സമഗ്ര വികസന പദ്ധതികള്‍ക്ക് ജാമിഅതുല്‍ ഹിന്ദ് സെനറ്റ് യോഗം അംഗീകാരം നല്‍കുകയും ചെയ്തു.പദ്ധതി നടത്തിപ്പിനും ഏകോപനത്തിനുമായി പ്രത്യേക ആക്ഷന്‍ കൗണ്‍സിലിന് രൂപംനല്‍കുകയും വിദ്യാഭ്യാസ മേഖലയിലെ സമകാലിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ തലമുറയെ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് കര്‍മപദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും.അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സുരക്ഷിതമായ ‘ജാമിഅ അക്കാദമിക് ഡിജിറ്റല്‍ ഐ ഡി’, പഠനനിലവാരം ഉയര്‍ത്താന്‍ ക്യാമ്പസ് ഓഫ് എക്സലന്‍സ്, പരമ്പരാഗത പരീക്ഷകള്‍ക്ക് പകരം വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ അറിവും നൈപുണ്യവും അളക്കുന്ന ‘ഔട്ട്കം ബേസ്ഡ് അസസ്മെന്റ്’, ഓരോ വിഷയത്തിനും പ്രത്യേകം അക്കാദമിക് കമ്മിറ്റികള്‍ എന്നിവയും ഏര്‍പ്പെടുത്തും. കൂടാതെ, ഹാഫിളുകള്‍ക്കായി ‘കുല്ലിയത്തുല്‍ ഖുര്‍ആനി വ തഫ്സീര്‍’ സിലബസും, ഹാദി മാതൃകയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള പുതിയ കോഴ്‌സുകള്‍ അടുത്ത വര്‍ഷം തന്നെ ആരംഭിക്കുകയും ചെയ്യും.ബിരുദധാരികള്‍ക്ക് ഒരു മാസത്തെ പ്രത്യേക ‘ഫിനിഷിംഗ് കോഴ്സ്’, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വാര്‍ഷിക ‘എക്സലന്‍സ് അവാര്‍ഡ്’, ഫെലോഷിപ്പുകള്‍ എന്നിവയ്ക്കും സെനറ്റ് അംഗീകാരം നല്‍കി. കൂടാതെ, ഹാദി അലുംനി അസോസിയേഷനും രൂപീകരിക്കും.ജാമിഅ രജിസ്ട്രാര്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, മാരായമംഗലം അബ്ദുറഹ്‌മാന്‍ ഫൈസി, പി.എസ്.കെ ബാഖവി മാടവന, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, റഹ്‌മത്തുല്ല സഖാഫി എളമരം, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, പല്ലാര്‍ ഹസന്‍ ബാഖവി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, എ സൈഫുദ്ദീന്‍ ഹാജി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി സൈദലവി മാസ്റ്റര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ഹകീം സഅദി, അബ്ദുല്‍ ഖാദിര്‍ അഹ്സനി ചാപ്പനങ്ങാടി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, യൂസഫ് മിസ്ബാഹി തുടങ്ങിയവര്‍ സംബന്ധിച്ചു.Content Highlights:Jamia Tul Hind Al Islamiyya will be elevated to a global Islamic university under Samastha Kerala Jam-iyyathul Ulama. Vice Chancellor Kanthapuram AP Aboobacker Musliyar announced a 17-point development plan approved by the senate. Key initiatives include Digital IDs, new courses, and fellowships.