തിരുവനന്തപുരം | കേരളത്തിൽ അധികാരമേറ്റ് ആറ് മാസം പിന്നിടുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് (UDF) സർക്കാരിൽ ഗ്രൂപ്പ് പോരും ആഭ്യന്തര ഭിന്നതകളും രൂക്ഷമാകുന്നു. പത്ത് വർഷത്തെ എൽ ഡി എഫ് (LDF) ഭരണത്തിന് അന്ത്യം കുറിച്ച് 2026 മെയ് മാസത്തിൽ 102 സീറ്റുകൾ നേടി അധികാരത്തിലെത്തിയ യു ഡി എഫ് മുന്നണിയുടെ ഹണിമൂൺ കാലാവധി അവസാനിച്ചതായാണ് രാഷ്ട്രീയ വിലയിരുത്തൽ. സർക്കാർ ആറ് മാസം പൂർത്തിയാക്കിയ ദിവസം തന്നെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ രൂക്ഷമായ വാഗ്വാദങ്ങൾ നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നതോടെ മുന്നണിയിലെ വിള്ളലുകൾ പരസ്യമായിരിക്കുകയാണ്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ ഘടകകക്ഷികളെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.മുൻപ് മന്ത്രിസ്ഥാനം വഹിച്ചിട്ടില്ലാത്ത വി ഡി സതീശൻ, പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സ്വന്തമായി ഒരു ഗ്രൂപ്പ് കെട്ടിപ്പടുക്കാതെ പ്രവർത്തിച്ചതാണ് തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമായതെന്ന് അവകാശപ്പെട്ടിരുന്നു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ ചേർത്തുനിർത്തി ടീം യു ഡി എഫ് എന്ന സംവിധാനം ഉണ്ടാക്കിയതും അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്കുള്ള വരവിന് സഹായകമായി. തിരഞ്ഞെടുപ്പിന് മുൻപ് കെ സി വേണുഗോപാൽ പക്ഷം സംഘടനാപരമായി ശക്തമായിരുന്നെങ്കിലും, മുസ്ലിം ലീഗിന്റെ പിന്തുണയും തിരഞ്ഞെടുപ്പ് തരംഗവുമാണ് സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചത്.എന്നാൽ അധികാരമേറ്റ് ആറ് മാസം കഴിഞ്ഞിട്ടും പാർട്ടിക്കുള്ളിലും മന്ത്രിസഭയിലും തന്നെ പ്രതിരോധിക്കാൻ കെൽപ്പുള്ള രണ്ടാം നിര നേതൃത്വത്തെ വളർത്തിയെടുക്കാൻ സതീശന് സാധിച്ചിട്ടില്ല. മുൻകാല യു ഡി എഫ് സർക്കാരുകളിൽ എ, ഐ ഗ്രൂപ്പുകൾക്ക് ശക്തമായ മന്ത്രിമാരുടെയും നേതാക്കളുടെയും പിന്തുണയുണ്ടായിരുന്നു. എന്നാൽ ഇന്ന് വി ഡി ഗ്രൂപ്പ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും സ്വന്തം തീരുമാനങ്ങളെ ന്യായീകരിക്കാൻ സതീശൻ ഒറ്റയ്ക്ക് പോരാടേണ്ട അവസ്ഥയാണ്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ സി എം പി നേതാവും ഗതാഗത മന്ത്രിയുമായ സി പി ജോൺ പോലുള്ള ഘടകകക്ഷി നേതാക്കളാണ് പലപ്പോഴും മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ രംഗത്തെത്തുന്നത്. മുതിർന്ന മന്ത്രി കെ മുരളീധരൻ ഇടയ്ക്ക് പിന്തുണ നൽകാറുണ്ടെങ്കിലും സതീശൻ പക്ഷത്തിന്റെ ശക്തനായ വക്താവായി മാറിയിട്ടില്ല. മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളെ ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നാണ് സതീശൻ വിശേഷിപ്പിച്ചത്.കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു എന്നതാണ് പ്രധാന ആരോപണം. മുന്നണിയിലെ തീരുമാനങ്ങളും ചർച്ചകളും ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി വിമർശിച്ചിരുന്നു. കെ പി സി സി പ്രസിഡന്റ്, മുൻ പ്രസിഡന്റുമാർ, വർക്കിംഗ് പ്രസിഡന്റുമാർ എന്നിവരുമായി ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം മന്ത്രിസഭയിലുള്ള ഈ നേതാക്കൾ തന്നെ തള്ളിക്കളയുന്നു. തീരുമാനങ്ങൾ എടുത്ത ശേഷമാണ് തങ്ങളെ അറിയിക്കുന്നതെന്നാണ് ഇവരുടെ പരാതി. കോൺഗ്രസിനുള്ളിൽ തീർക്കേണ്ട വിഷയങ്ങൾ ഘടകകക്ഷികളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യുന്നത് പാർട്ടിക്കുള്ളിൽ കൂടുതൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കുന്നുണ്ട്.മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പം പുലർത്തുന്നത് മുസ്ലിം ലീഗാണ്. പി എം ശ്രീ പോലുള്ള വിവാദ വിഷയങ്ങളിലും ലീഗ് സതീശനൊപ്പം നിന്നു. എന്നാൽ മുഖ്യമന്ത്രിയിൽ നിന്ന് ലീഗിന് പ്രത്യേക പരിഗണന ലഭിക്കുന്നു എന്ന തോന്നൽ കേരള കോൺഗ്രസ്, ആർ എസ് പി എന്നീ ഘടകകക്ഷികൾക്കിടയിലും കോൺഗ്രസിലെ ഒരു വിഭാഗത്തിനിടയിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഔദ്യോഗിക യു ഡി എഫ് ചർച്ചകളിലൂടെയല്ലാതെ ലീഗ് വഴിയാണ് പല തീരുമാനങ്ങളും തങ്ങൾ അറിയുന്നതെന്ന് ഘടകകക്ഷികൾ പരാതിപ്പെടുന്നു. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളുടെ വീതംവെപ്പിലും മുന്നണിയിലെ ഏകോപനമില്ലായ്മയിലും ഘടകകക്ഷി നേതാക്കൾ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.അതേസമയം ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന്, പ്രത്യേകിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൽ നിന്ന് തങ്ങൾക്ക് അവഗണന നേരിടുന്നതായി മുസ്ലിം ലീഗിന് പരാതിയുണ്ട്. സതീശനെ പിന്തുണച്ചതിന്റെ പേരിൽ വേണുഗോപാൽ പകപോക്കുകയാണെന്ന് ലീഗ് നേതാക്കൾ കരുതുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി നൽകാൻ പോയ പ്രതിപക്ഷ സംഘത്തിൽ നിന്ന് ലീഗ് പ്രതിനിധിയെ ഒഴിവാക്കിയതാണ് ഇതിൽ പ്രധാനം. കൂടാതെ, അഖിലേഷ് യാദവും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയും അടക്കമുള്ള ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുത്ത സോണിയ ഗാന്ധിയുടെ ബിലോംഗിംഗ് എ ജേർണി ഓഫ് ലവ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലേക്ക് ലീഗിനെ ക്ഷണിച്ചില്ല.ഡൽഹി രാംലീല മൈതാനത്ത് നടന്ന ഡൽഹി ചലോ റാലിയിൽ വ്യവസായ മന്ത്രിയും ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതും അവഗണനയുടെ തുടർച്ചയായാണ് ലീഗ് കാണുന്നത്. ഈ വിഷയങ്ങൾ കെ സി വേണുഗോപാലിനെ മറികടന്ന് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിട്ട് അറിയിക്കാൻ ലീഗ് നേതൃത്വം ഒരുങ്ങുകയാണ്. എന്നാൽ ലീഗിനെ മനഃപൂർവം ഒഴിവാക്കിയിട്ടില്ലെന്നാണ് വേണുഗോപാൽ പക്ഷത്തിന്റെ വിശദീകരണം. കേരളത്തിൽ സതീശനൊപ്പം നിൽക്കുമ്പോഴും ദേശീയ തലത്തിൽ വേണുഗോപാലിനെതിരെ നീങ്ങുന്ന ഇരട്ട നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്.ഇതിനിടെ കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്കും ഇടയിൽ മധ്യസ്ഥന്റെ റോളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗപ്രവേശം ചെയ്യാൻ ഒരുങ്ങുന്നതായും സൂചനകളുണ്ട്. തർക്കങ്ങൾ രൂക്ഷമായി മന്ത്രിസഭയുടെ പ്രവർത്തനം സ്തംഭിക്കുകയോ നേതൃത്വമാറ്റം അനിവാര്യമാവുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ, സമവായ നേതാവായി ഉയർന്നുവരാനാണ് ചെന്നിത്തലയുടെ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.Content HighlightsSix months into power, Kerala CM V D Satheesan faces severe Congress factionalism and stormy cabinet disputes. UDF allies resent IUML’s perceived preferential access to the Chief Minister. Meanwhile, IUML plans to complain to Rahul Gandhi against KC Venugopal over national-level sidelining, while Ramesh Chennithala eyes a mediator role.