ഗസയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ഇസ്രഈൽ സൈന്യം നടത്തുന്ന അതിക്രമങ്ങൾ ഫലസ്തീനികൾക്കെതിരായ വംശഹത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. കഴിഞ്ഞ മൂന്ന് വർഷമായി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഇസ്രഈൽ സൈന്യം ആവർത്തിച്ച് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയാണെന്ന് സംഘടനയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു.‘ജീവിതത്തിന് അനുകൂലമായ സാഹചര്യങ്ങളില്ല: ഗസയിലെ ഫലസ്തീനികൾക്കെതിരായ ഇസ്രഈൽ വംശഹത്യയുടെ ലിംഗപരമായ മാനങ്ങൾ’ എന്ന തലക്കെട്ടിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2023 ഒക്ടോബർ ഏഴ് മുതൽ 2026 ഒക്ടോബർ ഒന്ന് വരെയുള്ള കാലയളവിൽ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയത്, പരിക്കേൽപ്പിച്ചത്, നിയമവിരുദ്ധമായി തടങ്കലിൽ വെച്ചത് തുടങ്ങിയ സംഭവങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.ഗസയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആരോഗ്യസേവനങ്ങൾ പോലും നിഷേധിക്കപ്പെട്ടതായും അവരെ പട്ടിണിയിലാക്കിയതായും ആംനസ്റ്റി ചൂണ്ടിക്കാട്ടി. വെടിനിർത്തൽ നിലവിലുണ്ടെന്ന് പറയുമ്പോഴും ഇസ്രഈൽ ആക്രമണങ്ങൾ തുടരുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡ് പറഞ്ഞു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം തകർക്കുകയും അവർക്ക് കടുത്ത വേദനയും ദുരിതവും സമ്മാനിക്കുകയും ചെയ്ത ക്രൂരമായ അതിക്രമങ്ങളുടെ കൂടുതൽ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും അവർ വ്യക്തമാക്കി.2025 ഒക്ടോബറിൽ ഹമാസും ഇസ്രഈലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നിട്ടും ഗസയിലെ വംശഹത്യ അവസാനിച്ചിട്ടില്ലെന്ന് ആഗ്നസ് കാലമർഡ് ആരോപിച്ചു. ഗസയിലെ ജനങ്ങളെ ശാരീരികമായി നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ജീവിതസാഹചര്യങ്ങളാണ് ഇസ്രഈൽ സൃഷ്ടിക്കുന്നതെന്നും ഗുരുതരമായ ശാരീരികവും മാനസികവുമായ ആഘാതങ്ങളിലൂടെ ഈ നീക്കം തുടരുകയാണെന്നും അവർ പറഞ്ഞു.അതിനിടെ, ഗസയുടെ പടിഞ്ഞാറൻ മേഖലയിലെ ഒരു അപ്പാർട്ട്മെന്റിന് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ഷിഫ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.The post ഗസയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വംശഹത്യയുടെ ഭാഗം: ആംനസ്റ്റി appeared first on ഇവാർത്ത | Evartha.