രാജസ്ഥാനിലെ ഗ്രാമീണ വോട്ടര്‍മാര്‍ ബി ജെ പിയെ കൈവിട്ട് കോണ്‍ഗ്രസ്സിനെ ചേര്‍ത്തുപിടിച്ചു. ബി ജെ പിക്ക് രാജസ്ഥാനിലേറ്റ തിരിച്ചടി ജയ്പൂരില്‍ മാത്രമായി ഒതുങ്ങുന്നതല്ല. ഡല്‍ഹി ഉള്‍പ്പെടെ ബി ജെ പിയുടെ അധികാര കേന്ദ്രങ്ങളെയും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന നേതൃത്വങ്ങളെയും ബാധിച്ചേക്കാം. സാധാരണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമാകുകയാണ് പതിവ്. 2028ലെ രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ കോണ്‍ഗ്രസ്സിന് ഊര്‍ജം നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി നേരിട്ട ഏറ്റവും വലിയ പരാജയമാണ് ഇത്തവണത്തേത്. രാജസ്ഥാനിലെ 37 ജില്ലാ പരിഷത്തുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 23 എണ്ണത്തിലും കോണ്‍ഗ്രസ്സ് വിജയിച്ചു. ബി ജെ പിക്ക് ലഭിച്ചത് ആറ് ജില്ലകളുടെ ഭരണമാണ്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. പ്രമുഖരായ ബി ജെ പി നേതാക്കളുടെ ചില മണ്ഡലങ്ങള്‍ കോണ്‍ഗ്രസ്സ് പിടിച്ചടക്കി. നേതാക്കളുടെ ബന്ധുക്കളെല്ലാം പരാജയപ്പെട്ടു. സ്ഥാനാര്‍ഥികളെ തീരുമാനിച്ചതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടായിരുന്നു. പ്രവര്‍ത്തകരെ അവഗണിച്ച് നേതാക്കന്മാരുടെ ബന്ധുക്കളെ സ്ഥാനാര്‍ഥികളാക്കുകയായിരുന്നു.പരാജയത്തിന് കാരണം ബി ജെ പിയിലെ ആഭ്യന്തര പ്രശ്നമല്ല എന്നതാണ് വസ്തുത. പരമ്പരാഗതമായി ബി ജെ പിയെ താങ്ങിനിര്‍ത്തിയ മണ്ഡലങ്ങളുടെ അടിത്തറകള്‍ക്ക് ഇളക്കം തട്ടിത്തുടങ്ങിയെന്ന് സൂചിപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. രണ്ട് മാസം മുമ്പ് നടന്ന നഗരസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ശക്തമായ പ്രകടനം കാഴ്ചവെക്കുകയുണ്ടായി. സെപ്തംബറില്‍ നടന്ന മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ 10ല്‍ ഒമ്പതും നേടിയ ബി ജെ പിക്ക് ഗ്രാമീണ മേഖലയില്‍ വന്‍ തിരിച്ചടി നേരിട്ടു. മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ സ്വന്തം ജില്ലയായ ഭരത്പൂരില്‍, 31 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 21 എണ്ണം കോണ്‍ഗ്രസ്സ് നേടി. നഗരവികസന, ഭവനനിര്‍മാണ മന്ത്രി ഝബര്‍ സിംഗ് ഖാരയുടെ കുടുംബാംഗങ്ങള്‍ പരാജയപ്പെട്ടു. 17 സംസ്ഥാന മന്ത്രിമാരുടെയും മൂന്ന് കേന്ദ്ര മന്ത്രിമാരുടെയും മണ്ഡലങ്ങളില്‍ ബി ജെ പി പരാജയപ്പെട്ടു. 7,520 സീറ്റുകളില്‍ 3,758 സീറ്റ് കോണ്‍ഗ്രസ്സ് നേടിയപ്പോള്‍, ബി ജെ പി 2,213 ഇടത്തായി ചുരുങ്ങി. 1,271 ജില്ലാ പരിഷത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ്സ് 794 ഇടത്തും ജയിച്ചു. ബി ജെ പി ജയിച്ചത് 357 ഇടത്താണ്.പഞ്ചായത്ത് സമിതികളില്‍ 269 ഇടങ്ങളില്‍ കോണ്‍ഗ്രസ്സിന് ഭരണം ലഭിക്കും. ബി ജെ പിക്ക് 73 ഇടത്തും. പഞ്ചായത്ത് സമിതിയില്‍ 497ഉം ജില്ലാ പരിഷത്തില്‍ 51ഉം സീറ്റുകള്‍ നേടിയ ഹനുമാന് ബനിവാളിന്റെ ആര് എല്‍ പി സംസ്ഥാനത്തെ മൂന്നാമത്തെ ശക്തിയായി മാറി. ആര് എല്‍ പി കഴിഞ്ഞ തവണ ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്നു. രണ്ട് തിരഞ്ഞെടുപ്പുകളിലും ആര് എല്‍ പിയുടെ വോട്ട് വിഹിതം കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മിലുള്ള വോട്ട് വ്യത്യാസത്തേക്കാള്‍ കൂടുതലാണ്.സി പി എം രണ്ട് പഞ്ചായത്ത് പിടിച്ചെടുത്തു. വിവിധ പഞ്ചായത്തുകളിലെ 56 വാര്‍ഡുകളില്‍ വിജയിച്ചു. 1,275 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 981 എണ്ണത്തിലേക്കുള്ള ഫലമാണ് ഇതുവരെ പ്രഖ്യാപിച്ചത്. കോട്ട, ബാരന്, കരൗലി, ശ്രീ ഗംഗാനഗര്‍ എന്നീ നാല് ജില്ലാ പരിഷത്തുകളുടെ അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിക്കുക അടുത്ത മാസമാണ്. അവിടങ്ങളിലെ വോട്ടെണ്ണല്‍ ഡിസംബര്‍ 17ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.അടുത്ത മാസം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഭജന്‍ലാല്‍ ശര്‍മയുടെ ഭരണപരാജയമാണ് തോല്‍വിക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ബി ജെ പിയുടെ ശക്തയായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യയെ ഒതുക്കുന്നതിന് വേണ്ടി ബി ജെ പി കണ്ടെത്തിയ നേതാവാണ് ഭജന്‍ലാല്‍ ശര്‍മ. ആദ്യമായി എം എല്‍ എയായ ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നതില്‍ ബി ജെ പിയില്‍ അപസ്വരമുയര്ന്നിരുന്നു. മോദിയുടെയും അമിത് ഷായുടെയും തീരുമാനം നടപ്പാക്കുകയായിരുന്നു. എന്നാല്‍, ബി ജെ പി നേതൃത്വത്തിലുള്ള ഇരട്ട എന്ജിന് സര്‍ക്കാറിനെ ജനങ്ങള്‍ കൈവിടുകയായിരുന്നു.നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുഖ്യമന്ത്രി അശക്തനാണ് എന്നായിരുന്നു പ്രധാന പരാതി. പഞ്ചായത്ത് പരിഷത്ത് തിരഞ്ഞെടുപ്പ് വിധി ഭജന്‍ലാല്‍ ശര്‍മയുടെ വിധി കൂടി നിര്ണയിക്കപ്പെടുന്നതാകുമോ എന്ന് കണ്ടറിയണം. നേതൃമാറ്റം സംബന്ധിച്ച് ബി ജെ പിയില്‍ ചര്‍ച്ചക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതേസമയം, മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ തന്റെ മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള ശ്രമത്തിലാണ്. ത്രിവേണി സംഗമം എന്ന പേരില്‍ ഡിസംബര്‍ എട്ട് മുതല്‍ 25 വരെ വിവിധ പരിപാടികളുമായി മന്ത്രിസഭയുടെ വാര്‍ഷികം ആഘോഷിക്കാനാണ് തീരുമാനം. നേരത്തേ തീരുമാനിച്ചതാണെങ്കിലും, പുതിയ സാഹചര്യത്തില്‍ നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാന്‍ ഈ ആഘോഷത്തിലൂടെ സാധിക്കുമെന്നാണ് മുഖ്യമന്ത്രിയും കൂട്ടരും കരുതുന്നത്.നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ഇന്ത്യ മുന്നണി നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ശക്തി പകരുന്നതാണ് രാജസ്ഥാനിലെ വിധിയെഴുത്ത്. നീറ്റ്- യുജി പേപ്പര്‍ ചോര്‍ച്ചക്കെതിരെ യുവാക്കളില്‍ പടര്‍ന്ന അമര്‍ഷവും ഗ്രാമീണ കര്‍ഷകരുടെ പ്രതിഷേധവും തിരഞ്ഞെടുപ്പില്‍ പ്രകടമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം നാല് സംസ്ഥാനങ്ങളിലെ 28 ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലം ബി ജെ പിയെ നിരാശപ്പെടുത്തുന്നതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലും ആര് എസ് എസ് ആസ്ഥാനമായ നാഗ്പൂരിലും ബി ജെ പി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. അടുത്ത വര്‍ഷം ആദ്യം ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്കും വിശിഷ്യാ കോണ്‍ഗ്രസ്സിനും ഊര്‍ജം നല്‍കുന്നതാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഫലം.Content Highlights: Congress won 23 of 37 zila parishads while BJP secured six in Rajasthan rural polls, marking BJP’s worst panchayat defeat in three decades. Losses in Chief Minister Bhajan Lal Sharma’s Bharatpur and ministers’ seats raise leadership questions. RLP emerged as the third force ahead of upcoming polls.