കണ്ണൂർ | വ്യാജ സൗന്ദര്യവർധക വസ്തുക്കൾ ഗുരുതരമായ രോഗങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുമ്പോഴും ആവശ്യമായ പരിശോധന നടത്താനാകാതെ ഡ്രഗ്സ് കൺട്രോൾ വിഭാഗം. പരാതിയുയരുമ്പോൾ മാത്രം പരിശോധനയെന്ന പതിവ് രീതിക്കപ്പുറം മറ്റൊന്നും ചെയ്യാൻ സംസ്ഥാനത്തെ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കഴിയുന്നില്ല. 57 ഡ്രഗ് ഇൻസ്പെക്ടർമാരെ വെച്ചാണ് “ഓപറേഷൻ സൗന്ദര്യ’യെന്ന പേരിൽ സൗന്ദര്യവർധക വസ്തുക്കളുടെ പരിശോധന നടത്തുന്നത്. വർഷത്തിലൊരിക്കൽ മാത്രമാണ് എല്ലാ ജില്ലകളിൽ നിന്നും കോസ്മെറ്റിക് ഉത്പന്നങ്ങളുടെ സാമ്പിൾ ശേഖരിച്ച് ലാബിൽ പരിശോധിക്കുന്നത്. വലിയ പരാതികൾ ഉയരുമ്പോൾ ഒറ്റപ്പെട്ട ഇടങ്ങളിൽ റെയ്ഡ് നടത്തും.പ്രതിവർഷം ഏകദേശം 2.5 ലക്ഷം ബാച്ച് മരുന്നുകൾ സംസ്ഥാനത്തെ വിപണിയിലെത്തുന്നുണ്ട്. നൂറ് പേർ വേണ്ടിടത്ത് പകുതിയോളം ജീവനക്കാരെ വെച്ചാണ് പ്രതിമാസം മരുന്ന് വിപണികളിലും ലബോറട്ടറികളിലും പരിശോധന നടത്തുന്നത്. ആയിരക്കണക്കിന് മെഡിക്കൽ ഷോപ്പുകളുള്ള ഒരു ജില്ലയിൽ പ്രതിമാസം നൂറിൽ താഴെ പരിശോധനകളാണ് നടത്തുന്നത്. സാമ്പിളുകൾ ലാബിലെത്തിച്ച് ഗുണനിലവാരം പരിശോധിച്ച ശേഷം ക്രമക്കേടുകൾ കണ്ടെത്തിയാൽ തുടർ നടപടികൾ സ്വീകരിക്കുന്നതടക്കമുള്ള തിരക്കിനിടയിൽ പൊതുവിപണിയിലെ കോസ്മെറ്റിക് പരിശോധന കൃത്യമായി നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. കൂടാതെ ഓൺലൈൻ വഴി വിൽപ്പന നടത്തുന്ന കമ്പനികൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുന്നില്ലെന്നതടക്കമുള്ള കാര്യങ്ങളും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത ഉത്പന്നങ്ങൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്നതായി “ഓപറേഷൻ സൗന്ദര്യ’ തുടങ്ങിയതിന് ശേഷമുള്ള നാല് വർഷത്തെ കണക്കുകൾ ചൂണ്ടിക്കാട്ടി ഡ്രഗ്സ് കൺട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഓപറേഷൻ സൗന്ദര്യയിലൂടെ 2023 മുതൽ രണ്ട് ഘട്ടങ്ങളിൽ മാത്രം നടത്തിയ പരിശോധനയിലൂടെ ഏകദേശം ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന കോസ്മെറ്റിക് ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ വർഷവും ഇത്തരം ഉത്പന്നങ്ങൾ വിറ്റ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളിൽ പരിശോധനക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം പലതവണ കണ്ടെത്തിയിരുന്നു. മാരകരാസവസ്തുക്കൾ ചേർത്ത ഹെയർ ഡൈ, മുൻനിര കമ്പനികളുടെ പേരിലുള്ള സോപ്പിന്റെ വ്യാജൻ, പലതരം ക്രീമുകൾ, തായ്ലാൻഡ്, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വ്യാജ ഹെന്ന തുടങ്ങിയവയെല്ലാം പിടിച്ചെടുത്തവയിൽ ഉൾപ്പെട്ടിരുന്നു.ചൈനീസ് നിർമിത ഗുളികകൾ, ഫേസ് പാക്ക് എന്നിവയിലും വ്യാജനുണ്ടെന്ന് കണ്ടെത്തി. നിർമാണ ലൈസൻസ്, നിർമാതാവിന്റെ വിവരങ്ങൾ ഉൾപ്പെടെ വ്യക്തമല്ലാത്ത സൗന്ദര്യവർധക വസ്തുക്കളും വിപണിയിലുണ്ട്. സഞ്ചാരികൾക്കായി വ്യാജ ആയുർവേദ ഉത്പന്നങ്ങൾ വിൽക്കുന്നതും വ്യാപകമായതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അടിമാലി, കട്ടപ്പന, മൂന്നാർ മേഖലകളിലെത്തുന്ന വിദേശ സഞ്ചാരികളും ഉത്തരേന്ത്യക്കാരുമാണ് വഞ്ചിതരാകുന്നവരിലേറെയും. വണ്ണം കുറയാനും കൂടാനും, സൗന്ദര്യം ഉണ്ടാകാൻ, നിറം വർധിക്കാൻ തുടങ്ങിയവക്കുള്ള വ്യാജമരുന്നുകൾ നൽകിയാണ് പലയിടത്തും തട്ടിപ്പ്. ഇവ പരിശോധിക്കാനായി പ്രത്യേക വിഭാഗത്തെ നിയമിക്കണമെന്നും ഡ്രഗ്സ് കൺട്രോൾ വിഭാഗം ആവശ്യപ്പെടുന്നു.Content Highlights: Kerala’s drug control department struggles with staff shortages and online sales oversight while flagging widespread fake cosmetics with excess mercury. Annual lab sampling under Operation Soundarya and raids have seized lakhs worth of substandard items. Officials also warn of fake Ayurvedic products sold to tourists.