ഡോ. ബി ആര് അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭരണഘടനക്ക് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭ അംഗീകാരം നല്‍കിയതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്. 1950 ജനുവരി 26ന് രാജ്യം റിപബ്ലിക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തിനും റിപബ്ലിക് ദിനത്തിനും ലഭിക്കുന്ന പ്രചാരം ഭരണഘടനാ ദിനത്തിന് ലഭിക്കാതെ പോയത് നിര്‍ഭാഗ്യകരമാണ്. എങ്കിലും സര്‍ക്കാറുകളും സ്ഥാപനങ്ങളും അംഗീകൃത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ആ ദിവസത്തിന് പ്രാധാന്യം നല്‍കുന്നത് നല്ല കാര്യമാണ്.ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതനിരപേക്ഷത, ജനാധിപത്യം, സമത്വം, നീതി എന്നീ മൂല്യങ്ങള്‍ സമകാലിക ഇന്ത്യയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. ദളിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം, വ്യക്തിസ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയെ ബലികഴിക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തേണ്ടതുണ്ട്. എല്ലാ പൗരന്മാര്ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുമെന്ന് ഭരണഘടനയുടെ ആമുഖം വ്യക്തമാക്കുന്നു. എന്നാല്‍ ഈ പ്രതിജ്ഞക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും കനത്ത വെല്ലുവിളി ഉയരുകയാണ്. മതനിരപേക്ഷതയെ പുറന്തള്ളാനും ജനാധിപത്യത്തെ അവഗണിക്കാനും സാമൂഹികനീതിയെ ഇല്ലാതാക്കാനും ന്യൂനപക്ഷങ്ങളുടെ വിശ്വാസസ്വാതന്ത്ര്യത്തെ വേട്ടയാടാനും ശ്രമങ്ങള്‍ നടക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം എന്ന ആശയം ചുരുക്കം ചില മനുഷ്യരിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കുകയും മഹാഭൂരിപക്ഷം പേരെ ദരിദ്രരാക്കുകയും ചെയ്യുന്ന നിലയിലേക്ക് പരിണമിച്ചിരിക്കുന്നു.സ്വതന്ത്ര ഇന്ത്യയിലേക്ക്പോര്ച്ചുഗീസുകാര്, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍, ഫ്രഞ്ചുകാര്‍ എന്നിങ്ങനെ യൂറോപ്പിലെ വമ്പന്‍ ശക്തികള്‍ ഇവിടേക്ക് കടന്നുവന്നെങ്കിലും അവിഭക്ത ഇന്ത്യയിലാകെ സമ്പൂര്‍ണ രാഷ്ട്രീയാധികാരം കൈയാളിയത് ബ്രിട്ടീഷുകാരാണ്. കോണ്‍ഗ്രസ്സുകാരും ഇടതുപക്ഷക്കാരും ഉള്‍പ്പെടെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനം നടത്തിയ ശക്തമായ ഐതിഹാസിക സമരങ്ങളും അന്താരാഷ്ട്ര സ്ഥിതിഗതികളും അധികാരം വിട്ടൊഴിയാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഹിന്ദു- മുസ്ലിം ഐക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടന്ന സമരമാര്‍ഗങ്ങള്‍, തൊഴിലാളികള്‍ നടത്തിയ ഉജ്വലമായ പ്രക്ഷോഭങ്ങള്‍, ബ്രിട്ടീഷുകാരുടെ ആശ്രിതരായി ജനങ്ങളെ കൊള്ളയടിച്ച ഭൂപ്രഭുക്കന്മാര്ക്കെതിരെ നടന്ന കര്‍ഷക കലാപങ്ങള്‍, സായുധസമരങ്ങള്‍ എന്നിവയെല്ലാം ബ്രിട്ടീഷ് വാഴ്ചയുടെ അന്ത്യം കുറിക്കാന്‍ കാരണമായി.കോണ്‍ഗ്രസ്സിന്റെ അഹമ്മദാബാദ് സമ്മേളനത്തില്‍ (1921) പൂര്‍ണസ്വാതന്ത്ര്യം എന്ന ആശയം ആദ്യമായി ഉയര്‍ത്തിയത് പ്രശസ്ത ഉറുദു കവിയായ ഹസ്റത്ത് മൊഹാനിയാണ്. സ്വാമി കുമാരാനന്ദയോടൊപ്പം ചേര്‍ന്ന് അദ്ദേഹം പൂര്‍ണസ്വരാജ് എന്ന പ്രമേയം അവതരിപ്പിച്ചു. ഗയയില്‍ (1922) ചേര്‍ന്ന സമ്മേളനത്തിലും ഗുവാഹത്തിയില്‍ (1926) സംഘടിപ്പിച്ച സമ്മേളനത്തിലും പൂര്ണസ്വരാജിനായി ശക്തിയുക്തം വാദമുയര്‍ന്നു.ഭരണഘടനയിലേക്ക്ഇന്ത്യന് ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പ് 1858ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് എന്നിവ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. ഇന്ത്യന്‍ ജനതയെ അടിച്ചമര്‍ത്താനും നിയന്ത്രിക്കാനും വിഭവങ്ങള്‍ ചൂഷണം ചെയ്യാനുമൊക്കെയാണ് ഇവ ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ടതോടെ ഇന്ത്യക്ക് സ്വന്തമായൊരു ഭരണഘടന വേണമെന്ന ആശയവും ശക്തിപ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യയില്‍ ശക്തമായ പ്രതിരോധം ഉയര്‍ന്നുവന്ന ഘട്ടത്തിലും അധികാരം വിട്ടൊഴിയാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതരായി. അധികാരക്കൈമാറ്റം, ഭരണഘടനാ നിര്‍മാണസഭയുടെ രൂപവത്കരണം, ഭാവി ഇന്ത്യയെ സംബന്ധിച്ച ധാരണ രൂപപ്പെടുത്തല്‍ എന്നിവക്കായി ബ്രിട്ടീഷ് സര്‍ക്കാര്‍ ക്യാബിനറ്റ് മിഷനെ നിയോഗിച്ചു.1946ല്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭ രൂപംകൊണ്ടു. ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിനുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ ഡോ. ബി ആര് അംബേദ്കര്‍ നയിച്ചു. രണ്ട് വര്‍ഷവും 11 മാസവും 17 ദിവസവും ഭരണഘടനാ നിര്‍മാണസഭ പ്രവര്‍ത്തിച്ചു. 11 സമ്മേളനങ്ങളിലായി 165 ദിവസം സഭ യോഗം ചേര്‍ന്നു. ബ്രിട്ടീഷ് പ്രവിശ്യകളില്‍ നിന്നും നാട്ടുരാജ്യങ്ങളില്‍ നിന്നുമായി ആകെ 389 അംഗങ്ങളുണ്ടായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രദേശങ്ങള്‍, മതസമുദായങ്ങള്‍, ന്യൂനപക്ഷങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവയ്ക്ക് പ്രാതിനിധ്യമുണ്ടായിരുന്നു. 1949 നവംബര്‍ 26ന് ഭരണഘടനാ നിര്‍മാണസഭ ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26ന് അത് ഔദ്യോഗികമായി നിലവില്‍ വരികയും ഇന്ത്യ റിപബ്ലിക്കാകുകയും ചെയ്തു.ഭരണഘടനയുടെ ഭാവിലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിഖിത ഭരണഘടനയാണ് ഇന്ത്യയുടേത്. മതനിരപേക്ഷത, സോഷ്യലിസം എന്നീ പദങ്ങള്‍ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷത, പൗരത്വം, സാര്‍വത്രിക വോട്ടവകാശം, തുല്യനീതി, ന്യൂനപക്ഷ പരിരക്ഷ എന്നീ ആശയങ്ങളെല്ലാം അവയുടെ അടിസ്ഥാനസത്തയോടെ നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഇന്ന് ഉയരുന്നത്. ഭരണഘടനയാണ് രാഷ്ട്രത്തിന്റെ ശക്തിയെന്ന് നാം ഓരോരുത്തരും തിരിച്ചറിയണം.Content Highlights: November 26 marks Constitution Day commemorating the 1949 adoption of India’s constitution drafted under Dr B R Ambedkar before taking effect on January 26, 1950. The piece traces the freedom struggle toward Purna Swaraj and the Cabinet Mission through the Constituent Assembly’s work. It raises concerns over protecting secularism, social justice, minority rights, and democratic values today.