ദുബൈ|പുലരിയുടെ ഇളംവെളിച്ചത്തിൽ മനുഷ്യഹൃദയങ്ങളുടെ ആവേശവും ആയിരക്കണക്കിന് കാൽച്ചുവടുകളുടെ താളവുമാണ് ദുബൈ ഇന്നലെ ഉണർന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരധമനികളിലൊന്നായ ശൈഖ് സായിദ് റോഡ് ലോകത്തിലെ ഏറ്റവും വലിയ ജനകീയ ഓട്ടവേദിയായി മാറി. 3.10 ലക്ഷത്തിലേറെ പേരാണ് ആ പാതയിൽ അണിനിരന്നത്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പിലെ അവിസ്മരണീയ അധ്യായമായ എട്ടാമത് ദുബൈ റൺ, കായികക്ഷമതയുടെ ആഘോഷത്തിനപ്പുറം വൈവിധ്യങ്ങൾക്കിടയിലും ഒരേ ലക്ഷ്യത്തോടെ മുന്നേറുന്ന ദുബൈയുടെ സാമൂഹിക ജീവിതത്തിന്റെ മനോഹരമായ ചിത്രമായി.പതിനാലുവരിപ്പാത മണിക്കൂറുകളോളം വാഹനങ്ങൾക്കായി അടച്ചിട്ടപ്പോൾ, കുട്ടികളും മുതിർന്നവരും കുടുംബങ്ങളും പ്രൊഫഷണൽ താരങ്ങളും ആദ്യമായി ഓട്ടത്തിനിറങ്ങിയവരുമടക്കം വിവിധ ദേശക്കാർ ഒരേ പാതയിൽ ചുവടുവച്ചു.രണ്ട് പാതകൾ;നഗര വിസ്മയങ്ങൾക്ക് ഇടയിലൂടെ ഓട്ടംരാവിലെ 6.30-ന് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപത്തുനിന്നാണ് പ്രഭാതയാത്രയ്ക്ക് തുടക്കമായത്. അഞ്ച് കിലോമീറ്റർ, പത്ത് കിലോമീറ്റർ എന്നിങ്ങനെ രണ്ട് പാതകളാണ് ഒരുക്കിയിരുന്നത്. കുടുംബങ്ങൾക്കും തുടക്കക്കാർക്കും അനുയോജ്യമായ അഞ്ച് കിലോമീറ്റർ പാത ഡൗൺടൗൺ ദുബൈയിലൂടെ ബുർജ് ഖലീഫയും ദുബൈ ഓപ്പറയും പിന്നിട്ട് ദുബൈ മാളിന് സമീപമുള്ള ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡിൽ സമാപിച്ചു.കൂടുതൽ ദൂരം ഓടാൻ ആഗ്രഹിച്ചവർക്കായുള്ള പത്ത് കിലോമീറ്റർ പാത ദുബൈ വാട്ടർ കനാൽ പാലം കടന്ന് ഡി ഐ എഫ് സി ഗേറ്റ് ബിൽഡിംഗിന് സമീപം അവസാനിച്ചു. ലോകപ്രശസ്തമായ നഗരവിസ്മയങ്ങൾക്കിടയിലൂടെ വാഹനങ്ങളില്ലാത്ത നിരത്തിലൂടെയുള്ള ഈ ഓട്ടവും നടത്തവും പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായി.ആകാശത്തെ വർണവിസ്മയങ്ങൾഓട്ടത്തിന് ആവേശം പകരാൻ ആകാശത്തും വർണക്കാഴ്ചകൾ വിരിഞ്ഞു. യു എ ഇയുടെ ദേശീയ എയ്റോബാറ്റിക് സംഘമായ അൽ ഫുർസാൻ ആകാശത്ത് വർണപ്പൊലിമ തീർത്തപ്പോൾ മോട്ടോർ പാരാഗ്ലൈഡറുകളും നഗരത്തിന്റെ നീലാകാശത്ത് കാഴ്ചയായി. തുടക്കവേദിയിൽ നൃത്തച്ചുവടുകളുമായി റോബോട്ടുകൾ, സംഗീതവും താളമേളങ്ങളും, വഴിനീളെ മാർച്ചിങ് ബാൻഡുകൾ, വർണാഭമായ വേഷങ്ങൾ എന്നിവ ആഘോഷത്തിന് പകിട്ടേകി.പ്രായം 79 പിന്നിട്ടവരും കൊച്ചുകുട്ടികളും ഉൾപ്പെടെ കുടുംബസമേതം എത്തിയവർ പരിപാടിയുടെ ജനകീയ സ്വഭാവം വിളിച്ചോതി. യു എ ഇ പതാകകളും ദേശീയ നിറങ്ങളും ഉയർത്തിപ്പിടിച്ചുള്ള പങ്കാളിത്തം ഐക്യത്തിന്റെ സന്ദേശം പകർന്നു. ഇന്ത്യൻ പ്രവാസികളടക്കമുള്ള വിവിധ സമൂഹങ്ങളുടെ സജീവ സാന്നിധ്യം ദുബൈയുടെ ബഹുസ്വരതയുടെ നേർക്കാഴ്ചയായി.റെക്കോർഡുകൾ കടന്ന് മുന്നേറ്റംആരാണ് ആദ്യം ഫിനിഷിംഗ് പോയിന്റ്തൊട്ടുവെന്നതിലുപരി ഓരോരുത്തരും പങ്കെടുത്തുവെന്നതായിരുന്നു ദുബൈ റണ്ണിന്റെ ഏറ്റവും വലിയ വിജയം. വേഗത്തിൽ ഓടിയവർക്കൊപ്പം കുടുംബത്തോടൊപ്പം നടന്നവരും ആദ്യമായി അഞ്ച് കിലോമീറ്റർ പൂർത്തിയാക്കിയവരും ഒരേ ആവേശത്തിന്റെ ഭാഗമായി.2019-ൽ ഏകദേശം 70,000 പേരുമായി ആരംഭിച്ച ദുബൈ റൺ കഴിഞ്ഞ വർഷം 3.07 ലക്ഷത്തിലേറെ പങ്കാളികളുമായി റെക്കോർഡ് കുറിച്ചിരുന്നു. ഇത്തവണ 3.10 ലക്ഷത്തിലേറെ പേരുടെ പങ്കാളിത്തത്തോടെ ആ നേട്ടവും മറികടന്നു. 2017-ൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം തുടക്കമിട്ട ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പ് ഒക്ടോബർ 31 മുതൽ നവംബർ 29 വരെയാണ് നടക്കുന്നത്.30 ദിവസം തുടർച്ചയായി ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ സംരംഭത്തിന്റെ സന്ദേശം ദുബൈ റൺ ഒരിക്കൽക്കൂടി ലോകത്തിന് മുന്നിലെത്തിച്ചു. ആരോഗ്യമാണ് ലക്ഷ്യം, ഒരുമയാണ് കരുത്ത്, പങ്കാളിത്തമാണ് വിജയം എന്ന സന്ദേശവുമായി ദുബൈയുടെ ഹൃദയവീഥിയിൽ വിരിഞ്ഞത് ഒരു ഓട്ടത്തിന്റെ കാഴ്ച മാത്രമായിരുന്നില്ല; ആരോഗ്യകരവും സന്തോഷകരവും ഐക്യപൂർണവുമായ നഗരജീവിതത്തിന്റെ സജീവ പ്രഖ്യാപനമായിരുന്നു.ശ്രദ്ധേയമായി പ്രവാസി സാന്നിധ്യംമലയാളികളടക്കമുള്ള പ്രവാസികളുടെ ആവേശച്ചുവടുകൾക്ക് വേദിയായി ദുബൈ റൺ 2026. പച്ച ടി-ഷർട്ടുകളണിഞ്ഞ് കുടുംബങ്ങളായും സുഹൃദ് സംഘങ്ങളായും വിവിധ കൂട്ടായ്മകളായും എത്തിയ മലയാളികൾ അഞ്ച്, പത്ത് കിലോമീറ്റർ പാതകളിൽ ഓട്ടത്തിലും നടത്തത്തിലും സജീവമായി പങ്കുചേർന്നു. പതിവ് ജീവിതത്തിന്റെ തിരക്കുകൾ മാറ്റിവെച്ച് ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും സമയം കണ്ടെത്തിയ പ്രവാസികൾക്ക് ഇത് വെറുമൊരു കായിക പരിപാടിയായിരുന്നില്ല, ഒരുമിച്ചുള്ള ജീവിതത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷം കൂടിയായിരുന്നു.വിവിധ പ്രായക്കാരും തൊഴിൽ മേഖലകളിൽ നിന്നുള്ളവരും ഒരേ പാതയിൽ അണിനിരന്നപ്പോൾ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും സജീവതയും നഗരത്തിന്റെ ബഹുസ്വരതയിൽ മറ്റൊരു മനോഹര കാഴ്ചയായി. കുടുംബസമേതം പങ്കെടുത്തവർക്ക് നഗരത്തിന്റെ പ്രധാന പാതയിലൂടെ വാഹനങ്ങളില്ലാതെ സഞ്ചരിക്കാനായത് പുതിയൊരനുഭവമായി.Content Highlights: More than 310,000 people took part in Dubai Run 2026 along traffic-free 5 km and 10 km routes on Sheikh Zayed Road, surpassing last year’s record. The event marked a highlight of the tenth Dubai Fitness Challenge running from October 31 to November 29. Families, children, seniors, and expatriates including Malayalis joined alongside aerial displays and live performances.