അട്ടപ്പാടിയിലെ നിലവിളി

Wait 5 sec.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി വീണ്ടും വാർത്തകളിൽ നിറയുന്നത് സന്തോഷകരമായ മാറ്റത്തിന്റെ പേരിലല്ല. ആദിവാസി ഊരുകളിൽ ആവർത്തിക്കുന്ന നവജാത ശിശുമരണങ്ങളാണ് നമ്മുടെ മനസ്സാക്ഷിക്കു മുന്നിൽ പുതിയ ചോദ്യങ്ങൾ ഉയർത്തുന്നത്. 2026 നവംബർ 14ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ അഞ്ച് മാസത്തിനിടെ പത്ത് നവജാത ശിശുക്കൾ അട്ടപ്പാടിയിൽ മരിച്ചു.ഓരോ മരണത്തിനും പിന്നിൽ വ്യത്യസ്തമായ ആരോഗ്യപ്രശ്നങ്ങളും സാഹചര്യങ്ങളുമുണ്ടാകാം. എന്നാൽ അവയെല്ലാം ചേർന്ന് ചൂണ്ടിക്കാണിക്കുന്നത് ഒരേ യാഥാർഥ്യമാണ്, ആരോഗ്യരംഗത്ത് കേരളം കൈവരിച്ചുവെന്ന് പറയുന്ന നേട്ടങ്ങളുടെ വെളിച്ചം അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ എത്തിയിട്ടില്ല.ഒക്ടോബറിൽ പുറത്തുവന്ന ചില മരണവാർത്തകൾ അവിടത്തെ ആരോഗ്യസംവിധാനത്തിന്റെ പരിമിതികളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളുയർത്തുന്നു. ഷോളയൂർ വെച്ചപതി ഊരിലെ ജ്യോതിമണി – ബിജു ദമ്പതികളുടെ 20 ദിവസം പ്രായമായ കുഞ്ഞ് ഒക്ടോബർ 21ന് മരിച്ചു. പ്രസവിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോൾ കുട്ടിക്ക് അസ്വസ്ഥത തുടങ്ങി. ഷോളയൂർ ആശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ ഉടൻ കോട്ടത്തറയിൽ എത്തിച്ചു. ഡോക്ടർ എത്താൻ വൈകി എന്നാണ് പരാതി. പരിശോധിച്ചപ്പോൾ കുട്ടിക്ക് ജീവനില്ല.വടക്കോട്ടത്തറ ഊരിലെ മുരുകേഷ് – ശിവകാമി ദമ്പതികൾക്ക് ഒക്ടോബർ പത്തിനാണ് കുഞ്ഞ് ജനിച്ചത്. ഗുരുതരമായ ശാരീരിക വൈകല്യങ്ങളും ഹൃദയസംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തിയ കുഞ്ഞിന് ഏറെ വൈകി ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഒക്ടോബർ 26ന് ആ കുഞ്ഞും മരണത്തിന് കീഴടങ്ങി.വരഗംപാടി ഊരിലെ ശ്രുതി – മണികണ്ഠൻ ദമ്പതികളുടെ കുഞ്ഞിന്റെ മരണവും സമാനമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. അസുഖം ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടിയെങ്കിലും ആംബുലൻസ് പോലും ലഭിച്ചില്ല. ഒടുവിൽ ട്രെയിനിൽ യാത്ര ചെയ്ത് ചികിത്സ തേടേണ്ടിവന്നു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.ഈ മരണങ്ങൾക്കെല്ലാം പിന്നിലെ ആരോഗ്യകാരണങ്ങൾ പലതാണ്. ജന്മനായുള്ള വൈകല്യങ്ങൾ, ഹൃദ്രോഗം, ചികിത്സ ലഭ്യമാക്കുന്നതിലെ കാലതാമസം തുടങ്ങി വ്യത്യസ്ത സാഹചര്യങ്ങളാണ് റിപോർട്ടുകളിലുള്ളത്. എന്നാൽ കുടുംബങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ചികിത്സാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഗൗരവമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ നൂറ് കണക്കിന് കിലോമീറ്ററുകൾ താണ്ടേണ്ടിവരുന്നതും, അടിയന്തര ചികിത്സക്കായി ആംബുലൻസ് തേടി അലയേണ്ടിവരുന്നതും, ഗർഭകാലത്ത് കണ്ടെത്തേണ്ട ആരോഗ്യപ്രശ്നങ്ങൾ വൈകി തിരിച്ചറിയുന്നതുമെല്ലാം കേവലം വ്യക്തിഗത ദുരന്തങ്ങളല്ല. ഒരു പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ്.അവസാനിക്കാത്ത ദുരന്തംഅട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായി തുടരുന്ന ആരോഗ്യ-സാമൂഹിക പ്രശ്നത്തിന്റെ ഏറ്റവും വേദനാജനകമായ മുഖമാണത്. 2026 മാർച്ച് 23 ന് ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രത്തിൽ ഗോപിക വാര്യർ വിവരാവകാശ രേഖകളെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച റിപോർട്ട് ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. 2014 മുതൽ പത്ത് വർഷത്തിനിടെ അട്ടപ്പാടിയിൽ 115 ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തു. യഥാർഥ കണക്ക് അതിനേക്കാൾ എത്രയോ കൂടുതലായിരിക്കും.2014ൽ മാത്രം 16 കുഞ്ഞുങ്ങളാണ് മരിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ മരണസംഖ്യയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും പ്രതിസന്ധി അവസാനിച്ചില്ല. പത്ത് വർഷത്തിനിടെ 115 കുഞ്ഞുങ്ങളുടെ ജീവനാണ് അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾക്ക് നഷ്ടമായത്.2026ൽ വീണ്ടും മരണങ്ങൾ വർധിക്കുമ്പോൾ ഇതുവരെ നടത്തിയ സർക്കാർ ഇടപെടലുകൾ എത്രത്തോളം സുസ്ഥിരമായ മാറ്റങ്ങളുണ്ടാക്കിയെന്ന ചോദ്യം ഉയരുന്നു. ഏതെങ്കിലും ഒരു വർഷം മരണങ്ങൾ കുറയുന്നതല്ല വിജയം. വരുംവർഷങ്ങളിലും ഒരു കുഞ്ഞിന്റെ ജീവൻപോലും നഷ്ടപ്പെടാത്ത സാഹചര്യം സൃഷ്ടിക്കാനാകുമ്പോഴാണ് ആരോഗ്യസംവിധാനത്തിന്റെ വിജയം അളക്കപ്പെടുക.പോഷകാഹാരക്കുറവിനപ്പുറമുള്ള കാരണങ്ങൾഅട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ആദ്യം ഉയർന്നുവരുന്നത് പോഷകാഹാരക്കുറവാണ്. എന്നാൽ പ്രശ്നത്തെ അതിൽ മാത്രം ഒതുക്കിക്കാണാനാകില്ല. 2013 ആഗസ്റ്റ് 29ന് രാജ്യസഭയിൽ സമർപ്പിച്ച കേന്ദ്ര സർക്കാറിന്റെ മറുപടി അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ കാരണങ്ങളെക്കുറിച്ച് വിശദമായ ചിത്രം നൽകുന്നുണ്ട്. ജനനസമയത്തെ ശ്വാസസംബന്ധമായ പ്രശ്നങ്ങൾ, മാസം തികയാതെയുള്ള ജനനം, കുറഞ്ഞ ജനനഭാരം, ജന്മനായുള്ള ഹൃദ്രോഗങ്ങൾ, ഗർഭസ്ഥശിശുവിന്റെ വളർച്ചക്കുറവ്, ന്യുമോണിയ തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടിയത്.ഗർഭകാല പരിശോധനകളിലെ അപര്യാപ്തത, പ്രസവസമയത്തും പ്രസവാനന്തരവുമുള്ള പരിചരണങ്ങളിലെ പോരായ്മകൾ, ഗർഭിണികളിലെ വിളർച്ച, ദാരിദ്ര്യം, നേരത്തെയുള്ള വിവാഹം, കൗമാരക്കാരികളിലെ പോഷകാഹാരക്കുറവ് തുടങ്ങിയ സാമൂഹിക ഘടകങ്ങളും മരണസാധ്യത വർധിപ്പിക്കുന്നതായി സർക്കാർ വ്യക്തമാക്കി.ഇതിൽനിന്ന് ഒരു കാര്യം മനസ്സിലാക്കാം. ശിശുമരണങ്ങൾ തടയാനുള്ള പ്രവർത്തനം പ്രസവമുറിയിൽനിന്ന് ആരംഭിക്കേണ്ടതല്ല. പെൺകുട്ടികളുടെ കൗമാരകാലം മുതൽ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതും ഗർഭധാരണത്തിനു മുമ്പും ശേഷവും ആവശ്യമായ പരിചരണം ഉറപ്പാക്കുന്നതും അതിന്റെ ഭാഗമാകണം.ഗർഭിണിക്ക് മതിയായ പോഷകാഹാരം ലഭിക്കുന്നുണ്ടോ? വിളർച്ചയും അരിവാൾ കോശ രോഗവും നേരത്തേ തിരിച്ചറിയുന്നുണ്ടോ? ഗർഭസ്ഥശിശുവിന്റെ വളർച്ച കൃത്യമായി നിരീക്ഷിക്കുന്നുണ്ടോ? ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണങ്ങൾ വിദഗ്ധരുടെ ശ്രദ്ധയിൽപ്പെടുന്നുണ്ടോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലാണ് ശിശുമരണങ്ങൾ തടയാനുള്ള യഥാർഥ വഴി.അട്ടപ്പാടിയിലെ ആരോഗ്യപ്രതിസന്ധിയെ അവിടത്തെ സാമൂഹിക സാഹചര്യങ്ങളിൽനിന്ന് വേർതിരിച്ചുകാണാനാകില്ല. ഇരുളർ, മുഡുഗർ, കുറുമ്പർ എന്നീ ആദിവാസി വിഭാഗങ്ങൾ അധിവസിക്കുന്ന ഈ മലനാട് ദീർഘകാലമായി ഭൂമിനഷ്ടം, ഉപജീവനപ്രതിസന്ധി, ദാരിദ്ര്യം, ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നുണ്ട്.അട്ടപ്പാടിയിലെ അമ്പരപ്പിക്കുന്ന വസ്തുത ആദിവാസി ജനസംഖ്യയിലെ അനുപാതത്തിലുണ്ടായ മാറ്റമാണ്. ഒരുകാലത്ത് ജനസംഖ്യയുടെ ഏകദേശം 65 ശതമാനമായിരുന്ന ആദിവാസി വിഭാഗങ്ങൾ 35 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വികസനപ്രവർത്തനങ്ങളും നിർമാണങ്ങളും മൂലമുള്ള ഭൂമിനഷ്ടം ഈ മാറ്റത്തിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.ഭൂമി ഇല്ലാതാകുമ്പോൾ ഒരു ജനതക്ക് നഷ്ടമാകുന്നത് താമസസ്ഥലം മാത്രമല്ല. ഭക്ഷണം കണ്ടെത്താനുള്ള പരമ്പരാഗത മാർഗങ്ങളും കൃഷിയും ഉപജീവനവും ജീവിതരീതിയുമെല്ലാമാണ്. ഭക്ഷണത്തിന്റെ സ്വഭാവം മാറുന്നു. സാമ്പത്തിക ആശ്രിതത്വം വർധിക്കുന്നു. ദാരിദ്ര്യം ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നു.ഈ സാഹചര്യത്തിൽ ഒരു ഗർഭിണിയുടെ പോഷകാഹാരവും ആരോഗ്യവും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയിൽനിന്ന് വേർതിരിച്ചുകാണാനാകില്ല. ആശുപത്രിയിലേക്കുള്ള യാത്രക്കുള്ള പണം കണ്ടെത്താനാകാത്തതും ചികിത്സക്കായി ദൂരെ പോകേണ്ടിവരുന്നതും പോഷകാഹാരത്തിന്റെ ലഭ്യതക്കുറവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്നങ്ങളാണ്.അതുകൊണ്ടുതന്നെ അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമായി ചുരുക്കാനാകില്ല. ഭൂമി, ഭക്ഷണം, തൊഴിൽ, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ഭരണകൂടത്തിന്റെ ഇടപെടലുകളും ഈ പ്രതിസന്ധിയുടെ പരിഹാരത്തിന്റെ ഭാഗമാകണം.പദ്ധതികൾ പലതുണ്ട്; പരിഹാരം എവിടെയാണ്?ശിശുമരണങ്ങൾ കുറയ്ക്കുന്നതിനായി അട്ടപ്പാടിയിൽ വർഷങ്ങളായി വിവിധ പദ്ധതികളും ഇടപെടലുകളും നടപ്പാക്കിയിട്ടുണ്ട്. ഗർഭിണികൾക്ക് പ്രസവത്തിന് മുമ്പും ശേഷവും താമസിക്കാനുള്ള വീടുകൾ, അങ്കണവാടികൾ വഴിയുള്ള പോഷകാഹാര വിതരണം, ആരോഗ്യബോധവത്കരണ പ്രവർത്തനങ്ങൾ, ഗർഭിണികളെ നിരീക്ഷിക്കൽ തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു.എന്നാൽ സമീപകാലത്ത് വീണ്ടും മരണങ്ങൾ റിപോർട്ട് ചെയ്യപ്പെടുന്നത് ഈ സംവിധാനങ്ങളുടെ തുടർച്ചയും കാര്യക്ഷമതയും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയാണ് മുന്നോട്ടുവെക്കുന്നത്.അട്ടപ്പാടിയിലെ മാതൃ-ശിശു ആരോഗ്യ പരിചരണത്തിന്റെ പ്രധാന കേന്ദ്രമാണ് കോട്ടത്തറ ആശുപത്രി. എന്നാൽ ഇവിടത്തെ വിദഗ്ധ ഡോക്ടർമാരുടെ ലഭ്യത, പരിശോധനാ സൗകര്യങ്ങൾ, അടിയന്തര ശസ്ത്രക്രിയാ സംവിധാനങ്ങൾ, ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഗൗരവത്തോടെ പരിശോധിക്കണം.ആശുപത്രി എന്നത് കെട്ടിടവും കുറച്ച് ഉപകരണങ്ങളും മാത്രല്ല, ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും വിദഗ്ധ ചികിത്സാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര സംവിധാനവുമെല്ലാം ഉൾപ്പെടുന്നതാകണം. അതിലുപരി ആശുപത്രിയിലെത്താൻ കഴിയാത്ത കുടുംബങ്ങളിലേക്ക് ആരോഗ്യസംവിധാനം അങ്ങോട്ട് എത്തിച്ചേരുകയും വേണം. അട്ടപ്പാടിയിലെ ജനങ്ങൾക്ക് വേണ്ടത് പുതിയ പ്രഖ്യാപനങ്ങളല്ല, ആരോഗ്യ സംവിധാനങ്ങളുടെ സമയബന്ധിതമായ നടത്തിപ്പും ഫലപ്രാപ്തിയുമാണ്.മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നുശിശുമരണങ്ങൾ വീണ്ടും ചർച്ചയായതോടെ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടു. 2026 നവംബർ 12ന് പുറത്തുവന്ന ഉത്തരവിൽ ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും പ്രത്യേകം വിദഗ്ധ സമിതികൾ രൂപവത്കരിച്ച് അട്ടപ്പാടിയിലെ ശിശുമരണങ്ങൾ അന്വേഷിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.അഞ്ചാഴ്ചക്കകം സമഗ്രമായ അന്വേഷണ റിപോർട്ടുകൾ സമർപ്പിക്കണം. അട്ടപ്പാടിയിലെയും അഗളിയിലെയും സർക്കാർ ആശുപത്രികളുടെ പ്രവർത്തനം വിലയിരുത്തുകയും മാതൃ-ശിശു ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താനുള്ള നടപടികൾ റിപോർട്ടിൽ ഉൾപ്പെടുത്തുകയും വേണം. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറോടും ജനുവരി അഞ്ചിന് കമ്മീഷനു മുന്നിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.ഈ അന്വേഷണം മരണങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തുന്നതിൽ മാത്രം ഒതുങ്ങരുത്. ഓരോ കുഞ്ഞിന്റെയും മരണത്തിന് പിന്നിലെ ചികിത്സാ സാഹചര്യങ്ങൾ, ആശുപത്രികളുടെ പ്രവർത്തനം, വിദഗ്ധ ചികിത്സക്കുള്ള കാലതാമസം, കുടുംബങ്ങൾക്ക് ലഭിച്ച സർക്കാർ സഹായങ്ങൾ എല്ലാം പരിശോധിക്കപ്പെടട്ടെ. വീഴ്ചകൾ കണ്ടെത്തിയാൽ ഉത്തരവാദിത്വം നിശ്ചയിക്കുകയും പരിഹാരനടപടികൾ ഉറപ്പാക്കുകയും വേണം.അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്കുള്ള പരിഹാരം ഒറ്റപ്പെട്ട പദ്ധതികളിലോ അടിയന്തര പ്രഖ്യാപനങ്ങളിലോ ഒതുങ്ങുന്നതല്ല. ഗർഭിണിയായ സ്ത്രീയുടെ ആരോഗ്യസ്ഥിതി മുതൽ കുഞ്ഞിന്റെ ജനനവും തുടർന്നുള്ള വളർച്ചയും വരെ ഉൾക്കൊള്ളുന്ന സമഗ്രമായ ആരോഗ്യസംവിധാനമാണ് വേണ്ടത്.ഓരോ ഗർഭിണിയുടെയും ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കണം. അരിവാൾ കോശ രോഗം, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി പ്രത്യേക പരിചരണം ഉറപ്പാക്കണം. ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണങ്ങൾ വിദഗ്ധരുടെ നിരീക്ഷണത്തിലാക്കണം. കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് വിദഗ്ധ ഡോക്ടർമാരെയും പരിശോധനാ സൗകര്യങ്ങളെയും ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസും ആശുപത്രികൾ തമ്മിലുള്ള റഫറൽ സംവിധാനവും തടസ്സമില്ലാതെ പ്രവർത്തിക്കണം.ഇതിനൊപ്പം ആദിവാസി ഊരുകളിൽ പോഷകാഹാര ലഭ്യതയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കണം. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയോ ഭൂമിശാസ്ത്രപരമായ അകലം പോലുള്ള ഘടകങ്ങളോ ബാധിക്കാത്ത സാഹചര്യം സൃഷ്ടിക്കണം. ഓരോ ശിശുമരണവും സ്വതന്ത്രമായി പരിശോധിച്ച് അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തുടർനടപടികൾ സ്വീകരിക്കണം.കേരളത്തിന്റെ ആരോഗ്യവികസനത്തിന്റെ യഥാർഥ അളവുകോൽ നഗരങ്ങളിലെ അത്യാധുനിക ആശുപത്രികളുടെ എണ്ണമോ ചികിത്സാരംഗത്തെ നേട്ടങ്ങളായി അവതരിപ്പിക്കപ്പെടുന്ന “പി ആർ വർക്കുകളോ’ ആയിരിക്കരുത്. മറിച്ച്, ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു ആദിവാസി ഊരിലെ ഗർഭിണിക്കും അവളുടെ കുഞ്ഞിനും ഉറപ്പാക്കാൻ കഴിയുന്ന ആരോഗ്യപരിരക്ഷയുടെ നിലവാരമായിരിക്കണം അത്.ഒരു കുഞ്ഞിന്റെ മരണം സംഭവിച്ചശേഷം അന്വേഷണവും നഷ്ടപരിഹാരവും പ്രഖ്യാപിക്കുന്നതിനെക്കാൾ എത്രയോ പ്രധാനമാണ് ആ മരണം സംഭവിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കുന്നത്. ഒരു അമ്മക്ക് തന്റെ കുഞ്ഞിനെ സുരക്ഷിതമായി പ്രസവിക്കാനും വളർത്താനും കഴിയുന്നുണ്ടോ എന്നതാണ് ഒരു സമൂഹത്തിന്റെ യഥാർഥ പുരോഗതിയുടെ അളവുകോൽ.അട്ടപ്പാടിയിലെ ഓരോ കുഞ്ഞും ഈ നാടിന്റെ ഭാവിയാണ്. അവരുടെ ജീവിതം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ആ ഊരുകളിലെ കുടുംബങ്ങൾക്ക് മാത്രമുള്ളതല്ല, സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പൊതുവായ ഉത്തരവാദിത്വമാണത്. ഒരു കുഞ്ഞിന്റെ ആദ്യകരച്ചിൽ മരണത്തിന്റെ മുന്നറിയിപ്പായി മാറാത്ത അട്ടപ്പാടിയാണ് നമുക്ക് വേണ്ടത്. അമ്മയുടെ മടിത്തട്ടിൽ സുരക്ഷിതമായി വളരാൻ ഓരോ കുഞ്ഞിനും അവകാശമുണ്ട്. ആ അവകാശം ഉറപ്പാക്കാൻ കഴിയുമ്പോഴാണ് കേരളത്തിന്റെ വികസനത്തിന് യഥാർഥ അർഥമുണ്ടാകുന്നത്.Content Highlights: Ten newborn deaths reported in Attappady over five months renew concerns over public healthcare delivery, delayed emergency care, and socioeconomic factors. A 10-year data review noted 115 infant deaths from 2014 alongside nutritional and medical causes. The Human Rights Commission ordered expert committee probes and hospital reviews within five weeks.