റാഞ്ചി | ഝാര്‍ഖണ്ഡില്‍ വാക്സിന് എടുത്ത കുഞ്ഞ് തൊട്ടടുത്ത ദിവസം മരിച്ചതില്‍ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം. കോഡെര്‍മ ജില്ലയിലെ ഒരു അങ്കണ്‍വാടി കേന്ദ്രത്തില്‍ നിന്ന് വാക്സിന് എടുത്തതിന് തൊട്ടടുത്ത ദിവസം ഒരു മാസവും എട്ട് ദിവസവും പ്രായമുള്ള കുഞ്ഞ് മരണപ്പെടുകയായിരുന്നു. ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.ഡോംചഞ്ച് ബ്ലോക്കിലെ മഹത്തദിഹ് അങ്കണ്‍വാടി കേന്ദ്രത്തിലാണ് സംഭവം. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന്, രോഷാകുലരായ കുടുംബാംഗങ്ങളും നാട്ടുകാരും ഡോംചഞ്ചിലെ ഷഹീദ് ചൗക്കില്‍ കോഡെര്‍മ-ഗിരിദിഹ് പ്രധാന പാത ഉപരോധിച്ചു. ഇതേ തുടര്‍ന്ന് ഇവിടെ ഏകദേശം രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.വാക്സിനേഷനിടെ ഓക്സിലറി നഴ്സ് മിഡ്വൈഫ് (A N M) റിങ്കി ദേവി അനാസ്ഥ കാണിച്ചുവെന്ന് കുട്ടിയുടെ മാതാപിതാക്കളായ രൂപ ദേവിയും പപ്പു സാവോയും ആരോപിച്ചു. കുട്ടിക്ക് ബിസിജി (ആഇഏ) വാക്സിന് മാത്രമാണ് നല്‍കേണ്ടിയിരുന്നതെന്നും, എന്നാല്‍ എ എന്‍ എം ഒരേസമയം നാല് വാക്സിനുകള്‍ നല്‍കിയെന്നും കുടുംബം ആരോപിക്കുന്നു. കുഞ്ഞിന് പ്രായം കുറവായതിനാല്‍ ഒരു വാക്സിന് മാത്രം നല്‍കണമെന്ന് താന്‍ ആരോഗ്യപ്രവര്‍ത്തകയോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നതായും മാതാവ് രൂപാദേവി പറഞ്ഞു. എന്നാല്‍, ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഉറപ്പുനല്‍കിയ എ എന്‍ എം കുട്ടിക്ക് നാല് വാക്സിനുകള്‍ നല്‍കുകയായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. അടുത്ത ദിവസം കുട്ടി മരണപ്പെടുകയും ചെയ്തു. സംഭവത്തില്‍ ആരോഗ്യവകുപ്പ് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.സംഭവമറിഞ്ഞ് സര്‍ക്കിള്‍ ഓഫീസര്‍ രവീന്ദ്ര പാണ്ഡെ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ഭോല പാണ്ഡെ, പോലീസ് സ്റ്റേഷന് ഇന്‍-ചാര്‍ജ് ശശി ഭൂഷണ് കുമാര്‍ എന്നിവരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളുമായും നാട്ടുകാരുമായും ചര്‍ച്ച നടത്തുകയും, സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുനല്‍കുകയും ചെയ്തു. അന്വേഷണത്തില്‍ അനാസ്ഥ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാമെന്നും അവര്‍ ഉറപ്പുനല്‍കി. ഇതേ തുടര്‍ന്ന്, ഏകദേശം രണ്ട് മണിക്കൂറിന് ശേഷം പ്രതിഷേധക്കാര്‍ ഉപരോധം പിന്‍വലിച്ചു.Content Highlights: An infant in Jharkhand died the day after receiving a vaccination, prompting protests from the family. Relatives alleged medical negligence and called for action against those responsible. Authorities are facing demands to address the circumstances surrounding the child’s death.