കോഴിക്കോട്| മാവൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ 16,000ത്തോളം പഴകിയതും പുഴുവരിച്ചതുമായ മുട്ടകൾ പിടികൂടി. രണ്ട് കോഴിമുട്ട വിതരണ കേന്ദ്രങ്ങളിൽ നിന്നാണ് കേടായ മുട്ടകൾ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് കടകളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.അസിസ്റ്റന്റ് കമ്മീഷണർ ഡോ ജോസഫ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ശീതീകരിച്ച മുറിയിൽ സൂക്ഷിച്ച നിലയിൽ പഴകിയ മുട്ടകൾ കണ്ടെത്തിയത്. പൊട്ടിയതും കേടായതുമായ മുട്ടകൾ ഭക്ഷ്യ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് വിൽക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബേക്കറി നിർമാണ യൂണിറ്റിൽ നിന്ന് ലഭിച്ച വിവരമാണ് പരിശോധനയ്ക്ക് വഴിവെച്ചത്.തമിഴ്നാട്ടിൽ നിന്ന് ലോഡുകളായി എത്തിക്കുന്ന മുട്ടകൾ പരിശോധിച്ച ശേഷമാണ് വിൽപ്പന നടത്താറുള്ളതെന്നാണ് കടയുടമയുടെ വിശദീകരണം. കേടായതും ചീഞ്ഞതുമായ മുട്ടകൾ വിതരണക്കാർക്ക് തിരികെ നൽകുന്നതിനായി മാറ്റിവെച്ചതാണെന്നും ഇത്തരം മുട്ടകൾ തിരിച്ചുനൽകിയാൽ മാത്രമേ പണം ലഭിക്കുകയുള്ളൂവെന്നും ഉടമ പറഞ്ഞു.ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസ് അറിയിച്ചു.Content Highlights: Food safety officials seized around 16,000 rotten eggs from two outlets in Mavoor following a tip-off from a bakery unit. Licenses of both shops will be suspended over violations of food safety norms. Officials warned of strict action against selling spoiled food items.