മരുഭൂമിയുടെ ഇരുമുഖങ്ങൾ

Wait 5 sec.

മരുഭൂമി എന്ന വാക്ക് കേൾക്കുമ്പോൾ നല്ലൊരു ശതമാനം കൂട്ടുകാരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുക കടുത്ത ചൂടും അനന്തമായി പരന്നുകിടക്കുന്ന മണൽക്കൂനകളും ഒട്ടകങ്ങളുമൊക്കെയാണ് അല്ലേ. എന്നാൽ, ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ മരുഭൂമികൾ എന്നാൽ ചൂടുള്ള പ്രദേശങ്ങൾ മാത്രമല്ല. ജീവന്റെ സാന്നിധ്യം വളരെ കുറഞ്ഞ, വർഷത്തിൽ പെയ്തിറങ്ങുന്ന മഴയുടെയോ മഞ്ഞിന്റെയോ അളവ് തീരെ കുറവായ വരണ്ട പ്രദേശങ്ങളെയാണ് ശാസ്ത്രം മരുഭൂമികൾ എന്ന് നിർവചിക്കുന്നത്.താപനിലയുടെ അടിസ്ഥാനത്തിൽ നമ്മുടെ ഭൂമിയിൽ കടുത്ത ചൂടുള്ള ഉഷ്ണ മരുഭൂമികളും കഠിനമായ തണുപ്പുള്ള ശീത മരുഭൂമികളും ഉണ്ട്. ഒരേസമയം പ്രകൃതിയുടെ വിസ്മയവും വന്യതയും നിറഞ്ഞ ഈ രണ്ട് പ്രകൃതിവിഭാഗങ്ങളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും അവിടെ നിലനിൽക്കുന്ന അത്ഭുതകരമായ ജീവജാലങ്ങളെക്കുറിച്ചും പഠിക്കാം.ഭൂമിയിലെ മൊത്തം കരഭാഗത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഭാഗവും മരുഭൂമികളാണ്. വർഷത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രം (25 സെന്റീമീറ്ററിൽ താഴെ) മഴയോ മഞ്ഞോ ലഭിക്കുന്ന വരണ്ട പ്രദേശങ്ങളെയാണ് പൊതുവെ മരുഭൂമികൾ എന്ന് വിളിക്കുന്നത്. താപനിലയുടെ അടിസ്ഥാനത്തിൽ ഇവയെ പ്രധാനമായും ഉഷ്ണ മരുഭൂമികൾ എന്നും ശീത മരുഭൂമികൾ എന്നും രണ്ടായി തരംതിരിക്കാം.ഉഷ്ണ മരുഭൂമികൾ (Hot Deserts)പകൽ സമയങ്ങളിൽ കടുത്ത ചൂടും രാത്രികാലങ്ങളിൽ കഠിനമായ തണുപ്പും അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് ഉഷ്ണമരുഭൂമികൾ. ഭൂമധ്യരേഖക്ക് ഇരുവശത്തുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. വരണ്ട കാലാവസ്ഥ, ശക്തമായ കാറ്റ്, കുറഞ്ഞ ആർദ്രത, ഉയർന്ന പകൽ താപനില തുടങ്ങിയവയാണ് ഉഷ്ണ മരുഭൂമികളുടെ പ്രത്യേകതകൾ.വെള്ളം സംഭരിച്ചു നിർത്താൻ കഴിവുള്ള കള്ളിച്ചെടികൾ, ഈന്തപ്പനകൾ എന്നിവ ഇവിടെ വളരും. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകം, പാമ്പുകൾ, പല്ലികൾ, പലതരം പ്രാണികൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജീവികൾ. ആഫ്രിക്കയിലെ സഹാറ മരുഭൂമിയാണ് ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണ മരുഭൂമി. താർ മരുഭൂമിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി. രാജസ്ഥാനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ശീത മരുഭൂമികൾ (Cold Deserts)വർഷം മുഴുവൻ കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങളാണിവ. ഉയർന്ന പർവതപ്രദേശങ്ങളിലോ ധ്രുവപ്രദേശങ്ങളിലോ ആണ് ഇവ സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിൽ മഴക്ക് പകരം മഞ്ഞുവീഴ്ചയാണ് ഉണ്ടാകാറുള്ളത്. അതികഠിനമായ തണുപ്പ്, മഞ്ഞുമൂടിയ തരിശുനിലങ്ങൾ, ശക്തമായ ശീതക്കാറ്റ് എന്നിവ ശീത മരുഭൂമികളുടെ പ്രത്യേകതയാണ്. പായലുകൾ, ചെറിയ പുൽച്ചെടികൾ എന്നിവ മാത്രമാണ് ഇവിടെ കാണപ്പെടുക.യാക്ക്, ഹിമപ്പുലി, പെൻഗ്വിനുകൾ, ധ്രുവക്കരടികൾ തുടങ്ങിയ കട്ടിയുള്ള രോമക്കുപ്പായമുള്ള ജീവികളാണ് ഇവിടെ ജീവിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശീത മരുഭൂമി അന്റാർട്ടിക്കയാണ്. ഇന്ത്യയിലെ ഏക ശീത മരുഭൂമിയാണ് ലഡാക്ക്. മംഗോളിയയിലും ചൈനയിലുമായി വ്യാപിച്ചുകിടക്കുന്ന ഗോബി പ്രാധാന ശീത മരുഭൂമിയാണ്. ഉഷ്ണ മരുഭൂമിയായാലും ശീത മരുഭൂമിയായാലും അവിടുത്തെ കഠിനമായ കാലാവസ്ഥയോട് പൊരുത്തപ്പെടാൻ പ്രത്യേക കഴിവുള്ള സസ്യങ്ങളും ജീവികളും മാത്രമാണ് അവിടെ നിലനിൽക്കുന്നത്. ഭൂമിയുടെ കാലാവസ്ഥ സമതുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈ രണ്ട് തരം മരുഭൂമികൾക്കും വലിയ പങ്കുണ്ട്.Content Highlights: Deserts cover about one-third of Earth and include both scorching hot deserts and freezing cold deserts. Major examples include the Sahara and Thar for hot deserts, and Antarctica, Ladakh, and Gobi for cold deserts. Specialized plants and animals adapt to extreme climates and maintain global balance.