ജക്കാർത്ത/റിയാദ് | 2030-ൽ സഊദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന വേൾഡ് എക്സ്പോയിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക പങ്കാളിത്ത കരാറിൽ ഇന്തോനേഷ്യ ഒപ്പുവച്ചു. ജക്കാർത്തയിൽ നടന്ന ചടങ്ങിൽ എക്സ്പോ 2030 റിയാദ് കമ്പനി സി ഇ ഒ തലാൽ അൽ-മാരിയും ഇന്തോനേഷ്യൻ ദേശീയ വികസന ആസൂത്രണ മന്ത്രി റഹ്മത്ത് പംബുഡിയും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്. ഇതോടെ എക്സ്പോ 2030 റിയാദിൽ പങ്കാളിത്തം ഔദ്യോഗികമാക്കുന്ന ആദ്യത്തെ തെക്കുകിഴക്കൻ ഏഷ്യൻ (ആസിയാൻ) രാജ്യമായി ഇന്തോനേഷ്യ മാറി.“നാളേക്കായുള്ള ദീർഘവീക്ഷണം” എന്നതാണ് റിയാദ് എക്സ്പോയുടെ മുഖ്യ പ്രമേയം. ‘വ്യത്യസ്തമായ നാളെ’, ‘കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനം’, ‘എല്ലാവർക്കും സമൃദ്ധി’ എന്നീ മൂന്ന് ഉപപ്രമേയങ്ങളിലൂടെ സുസ്ഥിരവും സാങ്കേതികത്തികവുള്ളതുമായ ഭാവി കെട്ടിപ്പടുക്കാൻ ലോകരാജ്യങ്ങളെ ഒരുമിപ്പിക്കുകയാണ് എക്സ്പോയിലൂടേ ലക്ഷ്യമിടുന്നത്.എക്സ്പോയിലെ ‘പ്ലാനറ്റ് ഡിസ്ട്രിക്റ്റിൽ’ ഒരുങ്ങുന്ന ഇന്തോനേഷ്യൻ പവലിയൻ, “നേച്ചർ അൺഫോൾഡിംഗ്: എക്സ്പ്ലോർ, വിസ്ഡം, നർച്ചർ” എന്ന പ്രമേയത്തിലൂടെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും സുസ്ഥിര വികസന കാഴ്ചപ്പാടുകളും പ്രദർശിപ്പിക്കും. ‘ഗോൾഡൻ ഇന്തോനേഷ്യ 2045’, ‘സൗദി വിഷൻ 2030’ എന്നീ പദ്ധതികളെ ബന്ധിപ്പിക്കുന്ന പ്രധാന നിക്ഷേപ വേദിയായാണ് ഇന്തോനേഷ്യ ഇതിനെ കാണുന്നത്.185-ലധികം രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും റിയാദ് എക്സ്പോയിൽ പങ്കെടുക്കാൻ സ്ഥിരീകരണം നൽകിയിട്ടുണ്ട്. ഇന്തോനേഷ്യയ്ക്ക് പുറമെ അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം (യുകെ), പാകിസ്ഥാൻ, അസർബൈജാൻ, മൊറോ ക്കോ തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ ഇതിനകം ഔദ്യോഗിക കരാറുകളിൽ ഒപ്പുവച്ച് പവലിയൻ നിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. ആതിഥേയരായ സഊദി അറേബ്യയ്ക്ക് പുറമെ മറ്റ് അഞ്ച് ജിസിസി രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. ഇതിൽ ബഹ്റൈനും ഒമാനും ഔദ്യോഗിക പങ്കാളിത്ത കരാറുകളിൽ ഒപ്പ് വെച്ചിട്ടുണ്ട്.മേളയിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക കരാറിൽ ഒപ്പുവയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2027 ജനുവരിയിൽ റിയാദിൽ നടക്കുന്ന ഒന്നാമത് അന്താരാഷ്ട്ര പങ്കാളിത്ത യോഗത്തിൽ ഇന്ത്യ പങ്കെടുക്കും. സൗദി അറേബ്യയുമായുള്ള ശക്തമായ വ്യാപാര ബന്ധത്തിന്റെയും 26 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെയും പശ്ചാത്തലത്തിൽ സ്വന്തം ചെലവിൽ നിർമ്മിക്കുന്ന വലിയ പവലിയനായിരിക്കും ഇന്ത്യ റിയാദിലും ഒരുക്കുക. ‘വികസിത ഭാരത് 2047’, ഡിജിറ്റൽ ഇന്ത്യ, ബഹിരാകാശ ഗവേഷണം, ഹരിത ഊർജ്ജം എന്നിവയായിരിക്കും ഇന്ത്യൻ പവലിയന്റെ പ്രധാന ആകർഷണങ്ങൾ.റിയാദിന്റെ വടക്ക് ഭാഗത്ത് കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള വേദിയിലാണ് എക്സ്പോ നടക്കുക. ആറ് മാസം നീണ്ടുനിൽക്കുന്ന മേളയിൽ നാല് കോടിയിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.Content Highlights: Indonesia became the first ASEAN country to sign the official contract for World Expo 2030 Riyadh. Over 185 nations including India have confirmed participation in the six-month event. India will build a large self-funded pavilion showcasing Viksit Bharat 2047 and space tech.