അൽ മക്തൂം വിമാനത്താവള വികസനം: 5,650 കോടി ദിർഹത്തിന്റെ പുതിയ കരാറുകൾ

Wait 5 sec.

ദുബൈ|അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി 56.5 ബില്യൺ (5,650 കോടി) ദിർഹത്തിന്റെ പുതിയ കരാറുകൾ അനുവദിച്ചതായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ഇതോടെ ഈ തന്ത്രപ്രധാന പദ്ധതിക്കായി ഇതുവരെ അനുവദിച്ച ആകെ കരാറുകളുടെ മൂല്യം 80 ബില്യൺ ദിർഹത്തിലധികമായി. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് കരാറുകൾ നൽകിയത്. ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ വിമാനത്താവളത്തിന്റെ നിർമാണത്തിൽ പുതിയൊരു ഘട്ടത്തിനാണ് ഇതോടെ തുടക്കമാകുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.പദ്ധതിയിൽ നിലവിൽ 14,000 പേരടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുന്നത്. പൂർത്തിയാകുമ്പോൾ അൽ മക്തൂം വിമാനത്താവളത്തിന് നിലവിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ (ഡി എക്‌സ് ബി) അഞ്ചിരട്ടി വലുപ്പമുണ്ടാകും. പ്രതിവർഷം 260 മില്യണിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളം ആഗോള വ്യോമയാന മേഖലയിൽ ദുബൈയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും. ദീർഘകാല മാസ്റ്റർ പ്ലാൻ അനുസരിച്ച് 2032-ൽ വിമാനത്താവളം പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 13 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള കരാറുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.അടുത്ത ഘട്ടത്തിൽ 55 ബില്യൺ ദിർഹത്തിലധികം വരുന്ന കരാറുകൾ അനുവദിക്കുമെന്ന് ഈ വർഷം ജൂണിൽ ദുബൈ മീഡിയ ഓഫീസ് അറിയിച്ചിരുന്നു. നിർമാണം പൂർത്തിയാകുമ്പോൾ സ്വതന്ത്രമായി പ്രവർത്തിക്കുന്ന അഞ്ച് സമാന്തര റൺവേകൾ, രണ്ട് പാസഞ്ചർ ടെർമിനലുകൾ, 430-ലധികം എയർക്രാഫ്റ്റ് സ്റ്റാൻഡുകളുമായി ബന്ധിപ്പിക്കുന്ന ഏഴ് കോൺകോഴ്‌സുകൾ എന്നിവ വിമാനത്താവളത്തിൽ ഉണ്ടാകും.സംയോജിത ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (എ പി എം) സംവിധാനവും വ്യോമ, റെയിൽ, റോഡ് ഗതാഗത ശൃംഖലകളെ ബന്ധിപ്പിക്കുന്ന സുഗമമായ മൾട്ടിമോഡൽ കണക്റ്റിവിറ്റിയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. വ്യാപാരം, വിനോദസഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലെ ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ വളർച്ചയ്ക്ക് ഈ വികസനം വലിയ കരുത്തേകും.Content Highlights: Dubai Crown Prince Sheikh Hamdan announced AED 56.5 billion in new contracts for Al Maktoum International Airport, lifting total contract value above AED 80 billion. Planned to handle over 260 million passengers annually with five parallel runways, it targets opening in 2032. The project boosts Dubai’s global aviation, trade, and logistics hub status.