വലിയൊരു ടീമോ സൗകര്യങ്ങളോ ഇല്ലാതെ, ഒരു ഡി.എസ്.എൽ.ആർ ക്യാമറയുമായി ഷാരോൺ മാനുവൽ ജോയ് ഒറ്റയ്ക്ക് ഒരുക്കിയ ‘ട്രേസ് ഓഫ് വിൻഡ്’ 31-ാമത് IFFK-യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സംവിധാനം മുതൽ അഭിനയവും ക്യാമറയും എഡിറ്റിംഗും വരെ സ്വയം നിർവഹിച്ച ഷാരോൺ, തന്റെ സിനിമായാത്രയെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുന്നു. കയ്യിലുള്ള സൗകര്യങ്ങളിൽ നിന്ന് ‘ട്രേസ് ഓഫ് വിൻഡ്’ എന്ന സിനിമയിലേക്ക്സിനിമയിലെ കഥാപാത്രത്തിന് എന്റെ ഭൂതകാലവുമായി വലിയൊരു ബന്ധമുണ്ട്. ഭൂതകാലം അയാളെ വേട്ടയാടുന്നതും, അയാൾ അതിലേക്ക് തിരിഞ്ഞുനോക്കുന്നതുമൊക്കെയാണ് കഥയുടെ ഒരു തലം. ‘ട്രേസ് ഓഫ് വിൻഡ്’ എന്ന പേര് ആ ഒരു ആശയവുമായി നന്നായി ചേർന്നുപോകുന്നതായി തോന്നി. മാത്രമല്ല, സിനിമയിലുടനീളം കാറ്റിന്റെ ഒരു സാന്നിധ്യവുമുണ്ട്.ഈ വർഷം തുടക്കം മുതൽ തന്നെ IFFK ലക്ഷ്യമിട്ട് സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന കഥകൾ ആലോചിച്ചിരുന്നെങ്കിലും അതൊന്നും പ്രായോഗികമായിരുന്നില്ല. കയ്യിലുള്ള സൗകര്യങ്ങളും ലൊക്കേഷനുകളും വെച്ച് കഥയുണ്ടാക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ നോക്കിയപ്പോൾ ഈ കഥ കുറച്ചുകൂടി പ്രായോഗികമായി തോന്നി, അങ്ങനെയാണ് ഇതിലേക്ക് എത്തിയത്.രണ്ട് മാസം, ഒരു ഡി.എസ്.എൽ.ആർ; ഒറ്റയ്ക്ക് തീർത്ത ഷൂട്ടിംഗ്2019ൽ കർണാടകയിലെ കൂർഗിൽ ഡിഗ്രി പഠിക്കുന്ന സമയത്താണ് ഷോർട്ട് ഫിലിമുകൾ ചെയ്തുതുടങ്ങിയത്. അവിടെ സിനിമയോട് താല്പര്യമുള്ള സുഹൃത്തുക്കൾ കുറവായിരുന്നു. ഫോട്ടോഗ്രാഫിയിൽ താല്പര്യമുണ്ടായിരുന്നതുകൊണ്ട് എന്റെ കയ്യിൽ ഒരു സ്മാർട്ട്ഫോണും ട്രൈപോഡും ഉണ്ടായിരുന്നു. അങ്ങനെ ഒറ്റയ്ക്കാണ് ആദ്യത്തെ മൂന്നര മിനിറ്റ് ഷോർട്ട് ഫിലിം ഒരു മാസം കൊണ്ടുണ്ടാക്കിയത്. പിന്നീട് ഒരു ഡി.എസ്.എൽ.ആർ ക്യാമറ വാങ്ങി. അതേ ക്യാമറയിൽ തന്നെയാണ് ‘ട്രേസ് ഓഫ് വിൻഡും’ ഷൂട്ട് ചെയ്തത്. പണ്ടുമുതലേ ഒറ്റയ്ക്ക് ചെയ്ത് ശീലമുള്ളതുകൊണ്ട് വലിയ ബുദ്ധിമുട്ട് തോന്നിയില്ല. ഏകദേശം രണ്ടു മാസം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. മൈസൂരും, അല്പം ഭാഗം വയനാടുമായിരുന്നു പ്രധാന ലൊക്കേഷനുകൾ.ഏറ്റവും വലിയ വെല്ലുവിളി ‘മടി’ തന്നെയായിരുന്നുഫ്രെയിമിംഗും ഫോക്കസുമായിരുന്നു ആദ്യത്തെ വലിയ വെല്ലുവിളി. എന്റെ കയ്യിലുണ്ടായിരുന്നത് മാനുവൽ ലെൻസാണ്. കാട്ടിൽ ക്യാമറ വെച്ച് ഷൂട്ട് ചെയ്ത് തിരിച്ചുനോക്കുമ്പോൾ പലപ്പോഴും ഞാൻ ഫ്രെയിമിന് പുറത്തായിരിക്കും. പിന്നെ അടുത്തുള്ള ഏതെങ്കിലും ചെടിയോ ഇലയോ ഫോക്കസ് പോയിന്റാക്കി വെച്ചിട്ടാണ് അഭിനയിച്ചത്. അങ്ങനെ ഒരേ സീൻ തന്നെ നാലും പത്തും തവണ റീടേക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്.ഡബ്ബിംഗായിരുന്നു അടുത്ത കടമ്പ. സീറോ ബജറ്റായതുകൊണ്ട് സ്റ്റുഡിയോയിൽ പോകാൻ താല്പര്യമില്ലായിരുന്നു. സുഹൃത്തിന്റെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി, പാതിരാത്രി പുറത്തെ ശബ്ദങ്ങളൊക്കെ അടങ്ങിയ ശേഷം പുതപ്പ് മൂടിയിരുന്നാണ് ഡബ്ബ് ചെയ്തത്. എഡിറ്റിംഗും കളർ ഗ്രേഡിംഗും സ്വയം ചെയ്തു. ഇയർഫോൺ വെച്ചായിരുന്നു 5.1 മിക്സിംഗ്. പിന്നീട് IFFK സെലക്ഷൻ കിട്ടിയ ശേഷമാണ് അത് ഫൈനലൈസ് ചെയ്യാൻ സ്റ്റുഡിയോയിൽ പോയത്. സത്യസന്ധമായി പറഞ്ഞാൽ എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചത് മടി തന്നെയാണ്. ഒറ്റയ്ക്ക് ചെയ്യുമ്പോൾ നമുക്ക് വലിയ സ്വാതന്ത്ര്യമാണല്ലോ, വേണമെങ്കിൽ ഷൂട്ട് ചെയ്യാം, ഇല്ലെങ്കിൽ വേണ്ട. പലപ്പോഴും ഫ്രസ്ട്രേഷൻ കൂടി ക്യാമറ വലിച്ചെറിഞ്ഞാലോ എന്ന് വരെ തോന്നിയിട്ടുണ്ട്. ആ മടി സിനിമയുടെ ക്വാളിറ്റിയെ അല്പം ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.സിനിമയ്ക്ക് വേണ്ടി ജോലി രാജിവെച്ചുആരെയും ബോധിപ്പിക്കേണ്ട, ആരുടെയും സമയം നോക്കേണ്ട എന്നതാണ് ഒറ്റയ്ക്ക് സിനിമ ചെയ്യാൻ തീരുമാനിച്ചതിന് പിന്നിൽ. കൊച്ചിയിൽ ഒരു അഡ്വർടൈസിംഗ് കമ്പനിയിൽ കോണ്ടന്റ് ക്രിയേറ്ററായിരുന്ന ഞാൻ, കഴിഞ്ഞ വർഷം അവസാനം സിനിമയ്ക്ക് വേണ്ടി ആ ജോലി രാജിവെച്ചു. അതുകൊണ്ട് ഇഷ്ടം പോലെ സമയമെടുത്ത് ഷൂട്ട് ചെയ്യാൻ സാധിച്ചു. ഇതിന് മുൻപ് 2023ൽ സുഹൃത്തുക്കളുമായി ചേർന്ന് രണ്ട് തവണ ഫീച്ചർ ഫിലിം ചെയ്യാൻ ശ്രമിച്ചെങ്കിലും എഡിറ്റിംഗ് മുടങ്ങിയതും ഫൂട്ടേജ് നഷ്ടപ്പെട്ടതും കാരണം അത് പാതിവഴിയിൽ നിന്നുപോയിരുന്നു. ഇപ്പോൾ IFFK സെലക്ഷൻ കിട്ടിയതിൽ തീർച്ചയായും സന്തോഷമുണ്ട്. സ്വന്തമായി ചെയ്ത സിനിമ എന്നൊരു പ്ലസ് പോയിന്റ് ലഭിക്കുമെന്ന് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും, മനസ്സിൽ കണ്ട അത്രയും ലെവലിലേക്ക് ഔട്ട്പുട്ട് എത്താത്തതിനാൽ ഒരുതരം മിക്സഡ് ഇമോഷനാണ് തോന്നിയത്. പ്രേക്ഷകരിൽ നിന്ന് സങ്കീർണ്ണമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. 'വലിയ കുഴപ്പമില്ല മോനേ' എന്ന് ആരെങ്കിലും പറഞ്ഞാൽ തന്നെ ഞാൻ ഹാപ്പിയാണ്.കയ്യിലുള്ളത് വെച്ച് തുടങ്ങുക, അത്രേയുള്ളൂനല്ല ക്യാമറ, മൈക്ക്, ലൈറ്റ്, പെർഫെക്റ്റ് ആയ ഒരു അവസരം എന്നിവയ്ക്കായി കാത്തിരുന്നാൽ നമ്മുടെ ജീവിതകാലം മുഴുവൻ കാത്തിരിക്കേണ്ടി വരും. കാരണം എപ്പോഴും അതിനേക്കാൾ മികച്ച ഓപ്ഷനുകൾ വന്നുകൊണ്ടിരിക്കും. ഇത് നമ്മുടെ അവസാനത്തെ സിനിമയല്ല, ഒരു തുടക്കം മാത്രമാണ്. അതുകൊണ്ട് എല്ലാം തികഞ്ഞിട്ട് തുടങ്ങാം എന്ന് കരുതാതെ കയ്യിലുള്ളത് വെച്ച് ചെയ്യുക. പിന്നെ ഏറ്റവും പ്രധാനം, മടി മാറ്റുക. ഒരു കാര്യവും അവസാന നിമിഷത്തേക്ക് മാറ്റിവെക്കരുത്, പക്ഷേ അവസാന നിമിഷം വരെ ശ്രമിച്ചുകൊണ്ടിരിക്കണം.സുഹൃത്തുക്കൾക്കൊപ്പം പുതിയ എഴുത്തും പ്ലാനുകളുംവലുതായിട്ടൊന്നും ഇപ്പോൾ പ്ലാൻ ചെയ്തിട്ടില്ല. നേരത്തെ പ്ലാൻ ചെയ്തുവെച്ച ഒരു ഷോർട്ട് ഫിലിം ഉടനെ ചെയ്യണമെന്നുണ്ട്. പിന്നെ എന്റെ സുഹൃത്തുക്കളുടെ കൂടെ കുറച്ച് സ്ക്രിപ്റ്റ് റൈറ്റിംഗും പുതിയ പ്ലാനുകളുമൊക്കെയായി മുന്നോട്ടുപോകാനാണ് താല്പര്യം.